1470-490

കോർത്തു പിടിച്ച കൈകൾ മുറുകെ പിടിക്കണം

റഫീഖ് പെരുമുക്ക് എഴുതുന്നു

നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍. ഒറ്റ വാചകത്തിലുള്ളവയെങ്കിലും ലോകത്തെ മറ്റേത് ഭരണഘടനയെടുത്താലും പ്രൗഢമായ പ്രസ്താവനയാണ് നമ്മുടെ ഭരണഘടനയിലെ ആമുഖം. ഭരണഘടനയുടെ ആമുഖത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും അതിന്റെ ശില്‍പ്പികളുടെ മനസിന്റെ താക്കോലെന്നു പറയുന്നതില്‍ അതിശയോക്തിയില്ലെന്നു തോന്നുന്ന നിമിഷങ്ങള്‍.  രാജ്യത്തിന്റെ അടിസ്ഥാന രാഷ്ട്രീയ തത്വങ്ങളുടെ നിര്‍വചനം, സര്‍ക്കാര്‍ സംവിധാനത്തിന്റെ ഘടന, നടപടി ക്രമങ്ങള്‍, പൗരന്റെ മൗലികാവശ്യങ്ങള്‍, കര്‍ത്തവ്യങ്ങള്‍, കടമകള്‍, രാഷ്ട്രഭരണത്തിനുള്ള നിര്‍ദേശകത്വങ്ങള്‍ തുടങ്ങി ഒരു ജനതയുടെ ജീവിത വ്യവസ്ഥയില്‍ സര്‍വവ്യാപിയാണ് നമ്മുടെ ഭരണഘടന. ലിഖിത ഭരണഘടനകളില്‍ ഏറ്റവും വലുത്. 25 ഭാഗങ്ങള്‍,  452 അനുച്ഛേദങ്ങള്‍, കാലാകാലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നവ വേറെ. 12 പട്ടികകള്‍ തുടങ്ങി നിരവധി പ്രത്യേതകതകളുണ്ട് നമ്മുടെ ഭരണഘടനയ്ക്ക്.ഭരണഘടനയെന്നത് കേവലം ഒരു നിയമസംഹിതയല്ല. അതു കാലവുമായി സംവേദനം ചെയ്തു ജീവിതത്തിന്റെ ചാലകശക്തിയാവണമെന്ന ഭരണഘടന ശില്‍പ്പി അംബേദ്കറുടെ വാക്കുകള്‍ പോലും ചോദ്യചിഹ്നമാകുന്ന കാലഘട്ടമാണുള്ളത്. ഒരു ഭരണഘടന കാലവുമായി സംവേദനം ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തെല്ലാമാകണം എന്ന കാര്യത്തിലാണ് നിലവില്‍ ആശയങ്കകളേറെ.ഒരു പൗരനെന്ന് നിലയില്‍ ഭരണഘടനയെ കുറിച്ച് അഭിമാനിക്കേറെയുള്ളത് മൗലികാവശ്യങ്ങളെ സംബന്ധിച്ചാണ്. അതില്‍ പ്രധാനം ജീവിക്കുന്നതിനും സ്വത്ത് സമ്പാദിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം.ഭരണഘടനയില്‍ മൂന്നാം ഭാഗത്തില്‍ 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ഏതെങ്കിലും പ്രത്യേക സാഹചര്യമൊഴിച്ചല്ലാതെ മൗലികാവശ്യങ്ങള്‍ നിഷേധിക്കാന്‍ ഭരണകൂടത്തിനു കഴിയില്ല. ജാതി-മത-വര്‍ണ-ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്‍മാരെയും ഒന്നായി കാണണമെന്നതാണ് അതില്‍ പ്രധാനം.ഒരു ഭരണഘടന കാലവുമായി സംവേദനം ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തെല്ലാമാകണം എന്നതു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മറന്നു പോകാന്‍ പാടില്ലാത്തതൊന്നുണ്ട്. നിര്‍മിക്കപ്പെടുന്ന നിയമങ്ങള്‍ മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമാകരുതെന്നത്. അനുച്ഛേദം 13ല്‍ ഇതു വ്യക്തമാക്കിയിട്ടുള്ളതുമാണ്. മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മിക്കുന്ന നിയമങ്ങള്‍ അസാധുവാണെന്ന് ഭരണഘടന തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് എന്നര്‍ത്ഥം. ഈ വീക്ഷണത്തിലാണ് പുതിയ പൗരത്വഭേദഗതി വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വയ്‌ക്കേണ്ടതിന്റെ ആവശ്യകതയുള്ളത്.പൗരത്വഭേദഗതി നിയമം ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്കു ബാധകമല്ലെന്ന ഒരു വാദമുണ്ട്. ഈ വാദത്തെ പൂര്‍ണമായി ഖണ്ഢിക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 14. ഏതൊരു വ്യക്തിയ്ക്കും (പൗരന്‍മാര്‍ വിദേശികള്‍ എന്ന വിവേചനമില്ലാതെ നിയമത്തിനു മുന്നില്‍ തുല്യതയും ഇന്ത്യയുടെ പ്രദേശത്തിനകത്ത് തുല്യപരിരക്ഷയും ഉറപ്പു നല്‍കുന്നു എന്നതും. ഇതു പ്രകാരം മതം, വംശം, ജാതി, ലിംഗം ഇതൊന്നുമല്ലെങ്കില്‍ ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന് സ്പ്ഷ്ടമായി നിഷ്‌കര്‍ഷിക്കുമ്പോള്‍ നമുക്ക് ചോദിച്ചറിയാനുണ്ട് ഇനിയും കുറേയെറെ ഭരണഘടനയെ കുറിച്ച്. രാജ്യത്ത് നിര്‍മിക്കപ്പെട്ടതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ നിയമങ്ങളും നിയമ ഭേദഗതികളും ആര്‍ട്ടിക്കിള്‍ 14 നല്‍കുന്ന സംരക്ഷണത്തെ വെല്ലുവിളിക്കുമ്പോള്‍, ഭരണഘടനയെ സംരക്ഷിക്കാന്‍ പൗരാവകാശത്തെ സംരക്ഷിക്കാന്‍ മത-ജാതി-വര്‍ണ ഭേദം നോക്കാതെ നമ്മള്‍ കോര്‍ത്തു പിടിച്ച കൈകള്‍ കൂടുതല്‍ മുറുക്കി പിടിക്കേണ്ടതുണ്ട്. നാം ചേര്‍ന്നു നിന്ന തോളുകള്‍ക്ക് കൂടുതല്‍ ഇഴയടുപ്പം നേടേണ്ടതുണ്ട് എന്ന നിതാന്ത ജാഗ്രത ചിന്തകളിലൂന്നി ഭരണഘടനയുടെ ആമുഖത്തെ സ്മരിച്ച് ഭരണഘടനയെ സ്മരിച്ച് നാം ഇന്ത്യയിലെ ജനങ്ങള്‍ എന്ന് നെഞ്ചോട് ചേര്‍ത്തു പറയുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനമാണ് പങ്കു വയ്‌ക്കേണ്ടത്.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952