1470-490

പുഴയ്ക്കല്‍ പാടം നികത്തി ബസ്സ്റ്റാന്‍റ് പദ്ധതിക്ക് തുറുപ്പുചീട്ടാക്കി പാര്‍ക്കിംഗ് വിഷയം പൊക്കുന്നു.

തൃശൂര്‍: പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ അടച്ചുക്കെട്ടി കടമുറികളാക്കിയവ പൊളിച്ചുകളയാന്‍ കോര്‍പ്പറേഷന്‍ ശക്തമായ നടപടിക്കൊരുങ്ങുന്നു, നടപടിയെടുക്കുമ്പോള്‍ കൗണ്‍സിലര്‍മാര്‍ ആരും സമ്മര്‍ദ്ദവുമായി വരരുതെന്ന് ഭരണം-നിയന്ത്രിക്കുന്ന സി.പി.എം കൗണ്‍സിലര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി; പാര്‍ക്കിങ്ങ് വിഷയം മറയാക്കി പാടം നികത്തിയുള്ള ബസ് സ്റ്റാന്‍റ് പദ്ധതി തിരിച്ചുകൊണ്ടുവരാനും ഗൂഢനീക്കം.
രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ടൗണ്‍പ്ലാനിങ്ങ് വിഭാഗം തയ്യാറാക്കിയ പാര്‍ക്കിങ്ങ് നയവും കരട് പദ്ധതിയും സംബന്ധിച്ച് കൗണ്‍സില്‍ ചര്‍ച്ചയിലായിരുന്നു തീരുമാനം. കെട്ടിടനിര്‍മ്മാണത്തിന് ചട്ടമനുസരിച്ച് അനുമതി നേടിയശേഷം പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ അടച്ചുകെട്ടി കടകുറികളാക്കിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് അഡ്വ.എം.കെ.മുകുന്ദനായിരുന്നു. ബി.ജെ.പി നേതാവ് എം.എസ്.സമ്പൂര്‍ണ്ണ ഉള്‍പ്പടെ പ്രതിപക്ഷാംഗങ്ങളെല്ലാം ഇതാവര്‍ത്തിച്ചു.
അതേസമയം അവ വിട്ടുവീഴ്ചയില്ലാതെ പൊളിച്ചുനീക്കുമെന്ന കണ്ടംകുളത്തിയുടെ പ്രഖ്യാപനത്തില്‍ പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചു. ശക്തന്‍നഗറിലെ ഫുട്പാത്ത്കയ്യേറ്റങ്ങളും അനധികൃത പരസ്യ ഫ്ളക്സ് ബോര്‍ഡുകളും നീക്കുമെന്ന് പലതവണയുണ്ടായ പ്രഖ്യാപനത്തിന്‍റെ ഗതി ഇതിനും ഉണ്ടാകുമോ എന്നതായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആശങ്ക അപ്പോഴായിരുന്നു നടപടിയെടുക്കുമ്പോള്‍ കൗണ്‍സിലര്‍മാര്‍ ഇടപെടരുതെന്ന മുന്നറിയിപ്പ് കണ്ടംകുളത്തി നല്‍കിയത്.
അരണാട്ടുകരയില്‍ നവീകരിച്ച റോഡില്‍ അനധികൃത ലോറി പാര്‍ക്കിങ്ങും, വര്‍ക് ഷോപ്പ് പ്രവര്‍ത്തനങ്ങളും, തടയണമെന്ന പ്രതിപക്ഷാംഗങ്ങളുടെ ആവശ്യത്തിന്മേലും വര്‍ഗ്ഗീസ് കണ്ടംകുളത്തി അടിയന്തിര നടപടി വാഗ്ദാനം ചെയ്തു.
കെട്ടിടങ്ങളിലെ നിയമാനുസൃത പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ അടച്ചുകെട്ടുന്നതാണ് പാര്‍ക്കിങ്ങ് പ്രശ്നത്തിന്‍റെ പ്രധാന കാരണമെന്നും ഇതൊരിക്കലും അനുവദിക്കരുതെന്നും യോഗം വിലയിരുത്തി. നഗരത്തില്‍ എല്ലായിടത്തും പാര്‍ക്കിങ്ങ് സൗകര്യമില്ലാതെ അനധികൃത ബഹുനില കെട്ടിട നിര്‍മ്മാണങ്ങള്‍ വ്യാപകമായി നടക്കുന്നതായും അധികൃതര്‍ അവ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അനധികൃതനിര്‍മ്മാണങ്ങള്‍ തടയാനും പൊളിച്ചുനീക്കാനും നടപടിയുണ്ടാകണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഒന്നാം നമ്പര്‍ അജണ്ട വിഷയമാക്കി പാര്‍ക്കിങ്ങ് ആയിരുന്നു ചര്‍ച്ചയെങ്കിലും ചര്‍ച്ച മണ്ണുത്തി പുഴക്കല്‍ പാടം ബസ് സ്റ്റാന്‍റ് നിര്‍മ്മാണത്തിലേക്ക് ഭരണപക്ഷം വഴിമാറ്റി. മുഴുവന്‍ ബസ്സുകളും സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കേണ്ടതുണ്ടോയെന്ന ചോദ്യമുയര്‍ത്തി സിറ്റി ബസ്സ്റ്റാന്‍റുകള്‍ തുടങ്ങി സിറ്റി സര്‍വ്വീസ് ബസ്സുകള്‍ അനുവദിച്ചു. പാര്‍ക്കിങ്ങ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന കോണ്‍ഗ്രസ് ഉപനേതാവ് ജോണ്‍ ഡാനിയേലിന്‍റെ നിര്‍ദ്ദേശത്തില്‍ കയറിപിടിച്ചായിരുന്നു സി.പി.എം കൗണ്‍സിലര്‍ അനൂപ് കരിപ്പാല്‍ വിഷയം പാടം നികത്തിയുള്ള ബസ്സ്റ്റാന്‍റ് ചര്‍ച്ചയിലേക്കുകൊണ്ടുപോയത്. ഡാനിയേലിന്‍റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്നും അതിന്‍റെ ഭാഗമാണ് മണ്ണുത്തി, പുഴക്കല്‍ പാടം ബസ് സ്റ്റാന്‍റ് നിര്‍ദ്ദേശങ്ങളെന്നും അക്കാര്യം ഇനിയും പരിഗണിക്കാമെന്നും അനൂപ് കരിപ്പാല്‍ പറഞ്ഞു.
തുടര്‍ന്ന് പ്രസംഗിച്ച വര്‍ഗ്ഗീസ് കണ്ടംകുളത്തിയും പുഴക്കല്‍പാടം മണ്ണുത്തി ബസ്സ്റ്റാന്‍റുകള്‍ യു.ഡി.എഫ് ഭരണത്തില്‍ അംഗീകരിച്ച തീരുമാനമാണെന്നും അത്യാവശ്യത്തിന് പാടം പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ലെന്നുമുള്ളവാദം ഉന്നയിച്ചു. അതിനെ പ്രതിപക്ഷം കയ്യോടെ ചോദ്യം ചെയ്തു. ഭക്ഷണം നല്‍കുന്ന പാടങ്ങള്‍ സംരക്ഷിക്കണമെന്നതു ഇടതുപക്ഷനിലപാടാണെന്നും അതേസമയം അനിവാര്യമായ വികസനത്തിന് പാടങ്ങളും പ്രയോജനപ്പെടുത്തേണ്ടിവരുമെന്നും കണ്ടംകുളത്തി വിശദീകരിച്ചു.
കൗണ്‍സില്‍ തീരുമാനം യോഗാദ്ധ്യക്ഷന്‍ മേയര്‍ ഇന്‍ചാര്‍ജ് റാഫി പി.ജോസ് പ്രഖ്യാപിച്ചപ്പോള്‍ പുഴക്കല്‍, മണ്ണുത്തി ബസ് സ്റ്റാന്‍റുകള്‍ പരിഗണിക്കുമെന്ന് വിശദീകരിച്ചു. എന്നാല്‍ തീരുമാനത്തെ പ്രതിപക്ഷനേതാവ് അഡ്വ.എം.കെ.മുകുന്ദനും പ്രതിപക്ഷാംഗങ്ങളും എതിര്‍ത്തു. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുവിധ വികസനത്തിന്‍റെ പേരിലും പാടം നികത്താന്‍ അനുവദിക്കില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും തീരുമാനം അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷം അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. പാടം നികത്തി ബസ് സ്റ്റാന്‍റ് നിര്‍മ്മിച്ച് പാര്‍ക്കിങ്ങ് പ്രശ്നം പരിഹരിക്കാനുള്ള തീരുമാനം മിനിറ്റ്സിലുണ്ടാകുമോ എന്ന് മിനിറ്റ്സ് ഇറങ്ങിയാലേ വ്യക്തമാകൂ. പാടം നികുത്തി ബസ് സ്റ്റാന്‍റ് നിര്‍മ്മാണ നീക്കം വിവാദത്തെ തുടര്‍ന്ന് എല്‍.ഡി.എഫും സി.പി.എമ്മും ഒരിക്കല്‍ ഉപേക്ഷിച്ചതാണ്.
ഫ്രാന്‍സിസ് ചാലിശ്ശേരി, എ.പ്രസാദ്, രാവുണ്ണി, ടി.ആര്‍.സന്തോഷ്, എം.എല്‍.റോസി, അജിത വിജയന്‍, ലാലി ജെയിംസ്, ഷീനചന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269