1470-490

എട്ടാം ക്ലാസുകാരന്റെ ബിസിനസ് നേട്ടം

കൈതമുക്ക് സ്വദേശി നസീറിന്റെയും നിംസിലയുടെയും മകന്‍ അഹമ്മദ് രണ്ട് വര്‍ഷമായി സ്വന്തം വീട്ടില്‍ തന്റേതായൊരു ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ചെടുത്തിരിക്കുകയാണ്.

‘ബിസിനസില്‍’ വിജയം കൊയ്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി. പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഹമ്മദ് നസീറാണ് ചെറുപ്രായത്തില്‍ തന്നെ പഠനത്തിനൊപ്പം ബിസിനസില്‍ വിജയം കൊയ്‌തെടുക്കുന്നത്. ഒരു എട്ടാം ക്ലാസുകാരന് മാസത്തില്‍ 12000 രൂപ മുതല്‍ 20000 രൂപവരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നും. എന്നാല്‍, പഠനത്തിനൊപ്പം ബിസിനസും വിജയകരമായി നടത്തുന്ന അഹമ്മദ് നസീറിന്റെ കഥയറിയുമ്പോള്‍ ഈ സംശയമൊക്കെമാറും. കൈതമുക്ക് സ്വദേശി നസീറിന്റെയും നിംസിലയുടെയും മകന്‍ അഹമ്മദ് രണ്ട് വര്‍ഷമായി സ്വന്തം വീട്ടില്‍ തന്റേതായൊരു ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ചെടുത്തിരിക്കുകയാണ്. വിവിധയിനം പ്രാവുകള്‍, അലങ്കാര കോഴികള്‍, ലൗ ബേഡ്‌സ്, അലങ്കാരമത്സ്യങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയിലൂടെയാണ് ഈ കുഞ്ഞു ബിസിനസുകാരന്‍ ലാഭം കൊയ്യുന്നത്. 3000 രൂപ വിലയുള്ള ഓസ്‌ട്രേലിയന്‍ ബ്ലാക്ക് ഇനത്തില്‍ പെട്ട  പ്രാവുകളും 650 രൂപവരെ വിലയുള്ള അലങ്കാര മത്സ്യങ്ങളുമുമൊക്കെ ഇവന്റെ ശേഖരത്തിലുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് കച്ചവടം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ പ്രാവുകളെ മരപ്പട്ടി പിടിച്ചതും മറ്റും ദുരനുഭവമായെങ്കിലും തിരിച്ചടിയില്‍ പതറാതെ ഈ മിടുക്കന്‍ മുന്നോട്ടുപോയി. പഴയ ഫ്രിഡ്ജുകള്‍ ഉപയോഗിച്ച് ടാങ്കുകള്‍ നിര്‍മിച്ച് മത്സ്യങ്ങളെ സൂക്ഷിക്കുന്ന പുത്തന്‍ ആശയങ്ങളെല്ലാം തന്റെ ബിസിനസില്‍ ഈ മിടുക്കന്‍ പരീക്ഷിക്കുന്നുണ്ട്. വലിയ ലാഭമെടുക്കാതെ ഹോള്‍സെയില്‍ വിലക്കാണ് വില്‍പ്പന നടത്തുന്നത്. മാതാവ് നിംസിലയാണ് കച്ചവടത്തില്‍ അഹമ്മദ് നസീറിന് സഹായിയും വഴികാട്ടിയും. പിതാവ് നസീര്‍ ഗള്‍ഫിലാണ്. ലാഭം മാത്രം ലക്ഷ്യമിട്ടല്ല ഈ കൊച്ചുമിടുക്കന്റെ കച്ചവടം. കിട്ടുന്നതില്‍ ഒരു വിഹിതം ജീവകാരുണ്യ പ്രവൃത്തികള്‍ക്കായി മാറ്റിവെക്കുന്നുണ്ടെന്ന് അഹമ്മദ് പറഞ്ഞു. പഠനത്തോടൊപ്പമുള്ള കച്ചവടത്തിന്റെ വിജയകഥ നേരിട്ടറിയുവാന്‍ പ്രധാനാധ്യാപകന്‍ വി.എസ്. സെബി, പ്രിന്‍സിപ്പല്‍ ജോഷി കണ്ണൂക്കാടന്‍, പി.ടി.എ പ്രസിഡന്റ് സുബിരാജ് തോമസ് എന്നിവര്‍ അഹമ്മദിന്റെ വീട്ടിലെത്തിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884