1470-490

നിലപാട് വിഴുങ്ങി കോണ്‍ഗ്രസ് മുന്‍കൂര്‍ അനുമതി വാഴ്ചക്ക് പിന്തുണ.

തൃശൂര്‍: മുന്‍കൂര്‍ അനുമതി അഴിമതി വാഴ്ച വിരുദ്ധനിലപാട് കോണ്‍ഗ്രസ് വിഴുങ്ങി; മുഴുവന്‍ മുന്‍കൂര്‍ അനുമതികളും ചുടപ്പംപോലെ പാസാക്കി കൊടുത്തു. എല്‍.ഡി.എഫ് ഭരണം സുഗമമാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഒത്തുകളി രാഷ്ട്രീയം പ്രകടമായി. കൗണ്‍സിലിനേയും കമ്മിറ്റികളേയും നോക്കുകുത്തിയാക്കിയും ജനാധിത്യാവകാശങ്ങള്‍ ചവിട്ടിമെതിച്ചുമുള്ള എല്‍.ഡി.എഫ് ഭരണത്തെ പ്രതിരോധത്തിലാക്കാന്‍ മേയറുടെ എല്ലാ മുന്‍കൂര്‍ അനുമദികളേയും കൗണ്‍സിലില്‍ എതിര്‍ക്കാനും, ഭരണപക്ഷവുമായി നിസ്സഹകരിക്കാനുമായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന്‍റെ തീരുമാനം. ഇക്കാര്യം പ്രതിപക്ഷ നേതാവ് അഡ്വ.എം.കെ.മുകുന്ദന്‍ പരസ്യമായി പ്രഖ്യാപിച്ചതുമാണ്. നിലപാട് കൗണ്‍സിലില്‍ വിശദീകരിക്കാന്‍പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്കായില്ല.
110 വിഷയങ്ങളുണ്ടായിരുന്ന അജണ്ടയില്‍ 33 എണ്ണവും മുന്‍കൂര്‍ അനുമതികളായിരുന്നു. പാര്‍ക്കിങ്ങ് നയം സംബന്ധിച്ച് ആദ്യവിഷയം ഉച്ചവരെ സമരം അപഹരിച്ച് ഉച്ചഭക്ഷണശേഷം തുടര്‍ന്ന് യോഗത്തില്‍ അജണ്ടകള്‍ കുറഞ്ഞ സമയംകൊകണ്ട് തന്നെ ഭരണപക്ഷം നമ്പര്‍ വായിച്ച് പാസാക്കിയെടുത്തു. മേയറുടെ ചട്ടവിരുദ്ധമായ മുന്‍കൂര്‍ അനുമതികള്‍ അനുവദിക്കാനാകില്ലെന്ന വിശദീകരണവുമായി ഫ്രാന്‍സീസ് ചാലിശ്ശേരി നയം വിശദീകരിക്കല്‍ തുടങ്ങിയപ്പോഴേക്കും കോണ്‍ഗ്രസിലെ ലാലി ജെയിംസ് ഇടങ്കോലിട്ടു. ഡിവിഷന്‍വര്‍ക്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്നാവശ്യപ്പെട്ടു. ഇതോടെ എല്ലാ പ്രവൃത്തികളിലും മേയറുടെ മുന്‍കൂര്‍ അനുമതി അവകാശം അംഗീകരിക്കുന്നില്ലെങ്കില്‍ മേലില്‍ ഡിവിഷന്‍ വര്‍ക്കിലും മുന്‍കൂര്‍ അനുമതി പറ്റില്ലെന്ന് മുന്‍മേയര്‍ അജിത വിജയനും വാദമുയര്‍ത്തി. ഭരണപക്ഷം ഇതിനെ പിന്തുണച്ചു. സ്വന്തം ഡിവിഷന്‍ വര്‍ക്കുകള്‍ക്ക് മുഴുവന്‍ മുന്‍കൂര്‍ അനുമതി മേയറെകൊണ്ട് ഒപ്പിടീപ്പിച്ച പ്രതിപക്ഷം മുന്‍കൂര്‍ അനുമതിയെ എതിര്‍ക്കുന്നതു ഇരട്ടതാപ്പാണെന്നും അംഗീകരിക്കാനാകില്ലെന്നും ഭരണ പക്ഷാംഗങ്ങള്‍ വാദിച്ചു. ഇതോടെ മുന്‍കൂര്‍ അനുമതി പ്രശ്നമാകെ മുങ്ങിപ്പോയി. ഡിവിഷന്‍ വര്‍ക്കുകളില്‍ മാത്രമല്ല പൂര്‍ത്തിയാക്കിയ കോടികളുടെ പൊതു മരാമത്തുപണികളുടെ മുന്‍കൂര്‍ അനുമതികള്‍ക്കും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും നിശ്ശബ്ദരായി പിന്തുണ നല്‍കി. ഇതോടെ പ്രതിപക്ഷ പിന്തുണയില്‍തന്നെ മുന്‍കൂര്‍ അനുമതി വാഴ്ച കൂടുതല്‍ ശക്തമായി തുടരാന്‍ ഭരണപക്ഷത്തിനും കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചു.
മാത്രമല്ല ഉച്ചക്കശേഷം യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പകുതിയും വിട്ടുനിന്നു. ആകെ 11 പേരെ ഹാജരാക്കാനായിരുന്നുള്ളൂ. വോട്ടിങ്ങ് ആവശ്യപ്പെടാന്‍ പോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു കോണ്‍ഗ്രസ്.
100 കോടി കടമെടുത്തുള്ള ടാഗോര്‍ സെന്‍റിനറി ഹാള്‍ നിര്‍മ്മാണാനുമതിയിലും കാളത്തോട് ഹാള്‍ നിര്‍മ്മാണാനുമതിയിലും അജണ്ട വിഷയങ്ങളില്‍ പ്രതിഷേധം കോണ്‍ഗ്രസ് വിയോജനകുറിപ്പിലൊതുക്കി. ടാഗോര്‍ ഹാള്‍ ഇടപാടിലെ തട്ടിപ്പുകളില്‍പോലും പ്രതിപക്ഷം നിശ്ശബ്ദരായി. ബി.ജെ.പി കൗണ്‍സിലര്‍മാരും ഈ വിഷയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി. മേയര്‍ ഇന്‍ചാര്‍ജ് റാഫി.പി.ജോസ് അധ്യക്ഷനായി.

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202