1470-490

തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം നൽകിയ ഹർജി ഹൈക്കോടതി തള്ളി

കോൺഗ്രസ്‌ നേതാക്കളായ എൻ വേണുഗോപാൽ, എം മുരളി, കെ സുരേഷ്ബാബു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻന്റെ വിവേചനാധികാരം ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2019ലെ വോട്ടർ പട്ടിക കരടായി എടുത്തു തെരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു യുഡിഎഫ് ആവശ്യം. കോൺഗ്രസ്‌ നേതാക്കളായ എൻ വേണുഗോപാൽ, എം മുരളി, കെ സുരേഷ്ബാബു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സർക്കാരിനെയും എതിർകക്ഷി ആക്കിയാണ് ഹർജി. തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ സംസ്ഥാന സർക്കാർ കൂടി പിന്തുണച്ചതിന് പിന്നാലെ തന്നെ കമ്മീഷനെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നതാണ്.
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിനും വേണമെന്നായിരുന്നു നേരത്തെ യുഡിഎഫും എൽഡിഎഫും ആവശ്യപ്പെട്ടിരുന്നത്. പക്ഷെ പ്രായോഗിക പ്രയാസം കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം തള്ളിയതോടെ എൽ‍ഡിഎഫ് പിന്നോട്ട് പോയി. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് കാണിച്ച് കമ്മീഷന് മുമ്പ് കത്തയച്ച സർക്കാർ ഇപ്പോൾ കമ്മീഷനുമായി ഏറ്റുമുട്ടാനില്ലെന്ന നിലപാടിലാണ്.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653