1470-490

കാലം മായ്ച്ച മുഖങ്ങൾ – ഫർസീന .കെ.എം വളാഞ്ചേരി



ഫർസീന .കെ.എം വളാഞ്ചേരി
(ന്യൂസ് റിപ്പോർട്ടർ മെഡ് ലിങ് മീഡിയ)

കാലം ഏറെ പിന്നിട്ടപ്പോൾ കാലത്തിൻ്റെ കുത്തൊഴുക്കിൽ ഗതി മാറി ഒഴുകി മാറ്റങ്ങൾ നേരിട്ട മലയാള സിനിമ. ന്യൂജനറേഷൻ സിനിമകൾ തകർത്തുവാഴുന്ന ഈ കാലത്ത് പഴയ മലയാള സിനിമകളിലേക്ക് ദൃഷ്ടിയൂന്നിയാൽ കാണാം പുതു തലമുറയിലെ ഭൂരിഭാഗം പേർക്കും അന്യമായ  ധാരാളം നല്ല കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും കൂടെ അനവധി നല്ല ഈരടികളും.ഒരു കാലത്തെ കേരളത്തിൻ്റെ തന്നെ പാരമ്പര്യവും തനിമയും കുടുംബപുരാണങ്ങളും ഗ്രാമഭംഗിയുമെല്ലാം എടുത്തു കാണിച്ചിരുന്ന സിനിമകളായിരുന്നു അവ.  കേരളത്തിന് അതിൻ്റേതായ വ്യക്തിത്വം ചാർത്തിക്കൊടുത്തവ.
നാട്ടിലെ ഒരു ചായക്കട, പഴയ തറവാടുകൾ, ഇടവഴികൾ, കുളിക്കടവ്, കവല ഇവയെല്ലാം തന്നെ അന്നത്തെ സിനിമകളിലെ നിത്യകാഴ്ചകളായിരുന്നു. ഒരു നാടിൻ്റെ ന്യൂസ്പേപ്പറായാണ് ചായക്കടകൾ ചിത്രീകരിക്കപ്പെട്ടിരുന്നത്. ആ നാട്ടിൽ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും എരിവും പുളിയും ചേർത്ത് പറയുന്ന ഒരു ചായക്കടക്കാരനും അതിന് ചെവിയോർക്കുന്ന നാട്ടുകാരുമില്ലാത്ത സിനിമകൾ വളരെ കുറവായിരുന്നു. നാട്ടിലെ പുടവമാറ്റവും, ഒളിച്ചോട്ടവും, പ്രമാണിമാരുടെ രഹസ്യങ്ങളും, വലിയ തറവാട്ടുകാരുടെ സ്വത്തു ഭാഗം വരെ അവിടെ വാർത്തകളാവും. ചായ കുടിച്ച്, ബീഡിയും വലിച്ച് ഇതെല്ലാം ആകാംക്ഷയോടെ കേട്ടിരിക്കുന്ന കുറേ വൃദ്ധന്മാരും രസികൻ കാഴ്ചകളായിരുന്നു. പുരുഷന്മാർക്ക് ചായക്കട യെന്ന പോലെ സ്ത്രീകൾക്ക് ചർച്ചകൾക്കുള്ള ഇടമായിരുന്നു കുളിക്കടവുകൾ. കുളിക്കടവിലെയും പുഴയോരത്തെയും ചർച്ചകൾ പലപ്പോഴും നർമ്മരസം തുളുമ്പുന്നവയുമായിരുനന്നു. സ്ത്രീകൾക്കിടയിലുള്ള ചെറിയ ചെറിയ വാക്പോരിനും അസൂയ നിറഞ്ഞ സംസാരങ്ങൾക്കും ഈ കുളിക്കടവുകൾ പലപ്പോഴും സാക്ഷിയായി.
കൂട്ടുകുടുംബ വ്യവസ്ഥയിൽ അടിത്തറ പാകിയ തറവാടു വീടുകൾ ശബ്ദകോലാഹലങ്ങളുടെയും വഴക്കുകളുടെയും പ്രതീകമായിരുന്നവ. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ തറവാടും, ‘ഈ പുഴയും കടന്ന് ‘ , ‘ആറാം തമ്പുരാൻ’ തുടങ്ങി ഒട്ടേറെ സിനിമകളിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന തറവാടുകളും അവയെ ചുറ്റിപ്പറ്റിയ പ്രേതകഥകളും മറ്റും മലയാളിക്ക് സമ്മാനിച്ചത് പഴമയുടെ നേർസാക്ഷ്യമായിരുന്നു. തലമുറകളായി കൈമാറ്റം ചെയ്തു വന്ന ഈ വീടുകളിലെ തൂണിനും ഇടനാഴികൾക്കും വരെ പറയാനുണ്ടായിരുന്നത് ഒട്ടേറെ കഥകളായിരുന്നു.  ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ എന്നീ സിനിമകൾ ചരിത്ര കഥകളുടെ ദൃശ്യാവിഷ്കാരമായപ്പോൾ അവിടെയും സ്ഥാനം പിടിച്ചത് ഈ തറവാടുകൾ തന്നെ. ഇന്നാകട്ടെ അവയെല്ലാം ടൈലിട്ട വീടുകൾക്കും ഫ്‌ളാറ്റുകൾക്കും വഴിമാറിപ്പോയി. ഈ തറവാടുകളിലെ അഭിവാജ്യ ഘടകമായിരുന്നു കഥകൾ പറയുന്ന മുത്തശ്ശിമാർ. ഗ്രാമത്തിൻ്റെയും തറവാടിൻ്റെയും കഥകളും പഴമൊഴികളും തുടങ്ങി കാലാവസ്ഥ പ്രവചനം വരെ തെറ്റാതെ പറയുന്ന ആ മുത്തശ്ശിമാർ വരെ ഇന്നത്തെ സിനിമകളിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു.
ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും കണ്ടുമുട്ടലിനും വേർപിരിയലിനുമെല്ലാം മൂകസാക്ഷിയായിരുന്നു അന്നത്തെ സിനിമകളിലെ ഇടവഴികൾ. വേലികെട്ടിത്തിരിച്ച വീടുകൾക്കിടയിലൂടെയുള്ള ഇടവഴികൾ പലപ്പോഴും കത്ത് കൈമാറലിനും കാത്തിരിപ്പിനും വേദിയായി. ആൽമരച്ചോടും കതിരണിഞ്ഞു നിൽക്കുന്ന വയലുകളും തെങ്ങിൻ തോപ്പുകളുമെല്ലാം നിഷ്കളങ്ക പ്രണയത്തിന് സാക്ഷ്യം വഹിച്ചവയായി മാറിയപ്പോൾ മലയാളി എന്നും നെഞ്ചിലേറ്റിയതും ആ കാലത്തെ നല്ല സിനിമകളെത്തന്നെയാവാം.
മലയാളനാടിന് മാത്രം സ്വന്തമായ വേല പുരങ്ങളുടെ കാലമാണ് കുംഭം മീനം മാസങ്ങൾ. സുന്ദർ ദാസിൻ്റെ സംവിധാനത്തിൽ നിന്നുടലെടുത്ത ‘കുടമാറ്റം’ മലയാളിക്ക് സമ്മാനിച്ചത് മറക്കാനാകാത്ത ഒരുത്സവ കാലമാണ്. വിദൂരതയിൽ നിന്നും മുഴങ്ങുന്ന ചെണ്ടമേളവും മറ്റു വാദ്യോപകരണങ്ങളുടെ നാദവും വെടിക്കെട്ടും പൂതനും തിറയുമെല്ലാം ഒത്തുചേരുന്ന വേലയുടെയും പൂരങ്ങളുടെയും ദൃശ്യങ്ങൾ സിനിമയിൽ നിന്നും അപ്രത്യക്ഷമായിട്ട് വർഷങ്ങൾ കുറേയായി. നല്ലൊരുഭാഗം സിനിമകളിലും ഇവയെല്ലാം കാണികൾക്ക് മുന്നിലെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇന്നത്തെ സിനിമകളിൽ നിന്നും മാഞ്ഞുപോയ ചില മുഖങ്ങൾ കൂടിയുണ്ടായിരുന്നു പഴയ കാല സിനിമകളിൽ. കൈയ്യിൽ അരിവാളേന്തി ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടിനെ സിനിമകളിൽ കണ്ടവർ ആരും തന്നെ അത്ര പെട്ടെന്നൊന്നും മറന്നു പോകാനിടയില്ല. ‘പൊന്മുട്ടയിടുന്ന താറാവ് ‘  എന്ന സിനിമയിലൂടെ സത്യൻ അന്തിക്കാട് പ്രേക്ഷകർക്ക് നൽകിയത് ഒരു തട്ടാൻ്റെ മാത്രം കഥയായിരുന്നില്ല , ഒരു ഗ്രാമത്തിൻ്റെ മുഴുവൻ കഥയായിരുന്നു. ജഗതി അവതരിപ്പിച്ച ‘ വെളിച്ചപ്പാട് ‘ എന്ന കഥാപാത്രം ഒരേ സമയം ഫലിതം കൊണ്ടും രൂപം കൊണ്ടും ഇന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്ന ഒന്നാണ്. 1974 ൽ പി.ജെ. ആൻ്റണിക്ക് വെളിച്ചപ്പാടെന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ ഫിലിം അവാർഡ് നേടിക്കൊടുത്ത സിനിമയായിരുന്നു എം.ടി.യുടെ ‘ നിർമ്മാല്യം ‘ .
പലരും ആകാംക്ഷയോടെ കാത്തിരുന്ന ഒരാളായിരുന്നു പോസ്റ്റുമാൻ. കാൽനടയായോ സൈക്കിളിലോ കത്ത് കൊണ്ടു വരുന്ന പോസ്റ്റ്മാനും കൈയ്യിലൊരു ചെറിയ ബാഗും പിടിച്ച് കല്യാണപ്രായമായ ചെറുപ്പക്കാരുള്ള വീട്ടിൽ കയറിയിറങ്ങുന്ന കല്യാണ ബ്രോക്കറുമെല്ലാം ഒരു കാലത്തെ സിനിമകളിലെ നിത്യ കാഴ്ചകളായിരുന്നു.


ഇന്നലെകളിലെ അനേകം ഗാനങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ. ഒ.എൻ.വി.യുടെ വരികൾക്ക് ബോംബെ രവി സംഗീതം നൽകിയപ്പോൾ ചിത്രയുടെ ആലാപനത്തിൽ സംഗീതാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച ഗാനമായിരുന്നു ‘ മഞ്ഞപ്രസാദവും നെറ്റിയിൽ ചാർത്തി … ‘ എന്ന് തുടങ്ങുന്ന ഗാനം. ‘മേഘം’ സിനിമയിലെ ‘തുമ്പയും തുളസിയും…’ എന്ന ഗാനത്തിലൂടെ ഗിരീഷ് പുത്തഞ്ചേരിയും ‘വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ…’ എന്നതിലൂടെ സച്ചിദാനന്ദനുമെല്ലാം വർണിച്ചെടുത്തത് ഗ്രാമഭംഗിയും പ്രകൃതി സൗന്ദര്യവുമായിരുന്നു. ഒ.എൻ.വി.യുടെ തൂലികത്തുമ്പിൽ നിന്നും വിരിഞ്ഞ അല്ലിമലർക്കാവിൽ…, ശ്രീ രാഗമോ തേടുന്നു നീ…. തുടങ്ങിയ മറ്റനേകം ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്തവർ ചുരുക്കമായിരിക്കും.
മലയാള സിനിമയുടെ ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കിയാൽ മാത്രം ആസ്വാദിക്കാനാകുന്നവയാണ് ഇവയെല്ലാം. ഒരു കാലത്തെ കേരളത്തിൻ്റെ കഥ പറഞ്ഞ സിനിമകൾ.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217