1470-490

ഗവര്‍ണര്‍ക്കെതിരെ ഹിന്ദു പത്രം

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ക്കെതിരെ മുഖപ്രസംഗമെഴുതി ഹിന്ദുപത്രം. ഗവര്‍ണര്‍മാര്‍ ആക്ടിവിസ്റ്റുകളുടെ റോളില്‍ സ്വയം അവരോധിക്കുന്നത് അനുചിതമെന്ന് എഡിറ്റോറിയലില്‍ പറയുന്നു.

‘കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങള്‍ സംരക്ഷിക്കേണ്ടതും നടപ്പാക്കുന്നെന്ന് ഉറപ്പാക്കേണ്ടതും തന്റെ കടമയാണെന്ന സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ പ്രസ്താവന സംശയാസ്പദമാണ്. ഗവര്‍ണര്‍ പദവി കേവലം റബര്‍ സ്റ്റാമ്പ് അല്ലെന്ന അദ്ദേഹത്തിന്റെ നിലപാട് അംഗീകരിക്കുന്നു. രാജ്യത്തിന്റെ ഭൂരിപക്ഷതാല്‍പ്പര്യം സംരക്ഷിക്കുകയെന്നതാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ചുമതലയെന്ന് ഗവര്‍ണറും മറക്കരുത്.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറാകട്ടെ മമത സര്‍ക്കാരുമായി കൊമ്പുകോര്‍ക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. ബംഗാളിലേതില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പരമാവധി സംയമനം പാലിക്കുന്നു.

എന്നാല്‍, ഇരു സംസ്ഥാനത്തെയും ബിജെപി ഇതര രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഗവര്‍ണര്‍മാരുടെ പ്രകോപനപരമായ നിലപാടില്‍ കടുത്ത അമര്‍ഷമുണ്ട്. അധികാരകേന്ദ്രീകരണം ലക്ഷ്യമാക്കിയ കേന്ദ്രസര്‍ക്കാരും ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത രൂക്ഷമാക്കാന്‍മാത്രമേ ഗവര്‍ണര്‍മാരുടെ ഇത്തരം നിലപാടുകള്‍ സഹായിക്കൂ.

ഏതെങ്കിലും ഒരു സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ തങ്ങള്‍ക്ക് വിധേയനായ ഗവര്‍ണറെ നിയോഗിക്കുന്നത് കേന്ദ്രസര്‍ക്കാരുകള്‍ എക്കാലത്തും സ്വീകരിച്ചുവന്ന ഉപായമാണ്. അതുകൊണ്ടുതന്നെ, സംസ്ഥാന സര്‍ക്കാര്‍– ഗവര്‍ണര്‍ ഭിന്നത പുതുകഥയല്ല. എന്നാല്‍, ചരിത്രത്തിലാദ്യമായി ഒരു കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ നാനാത്വത്തോട് അസഹിഷ്ണുത പുലര്‍ത്തുന്നു. ഇതിനോട് ഐക്യപ്പെടുന്ന ഗവര്‍ണര്‍മാരുടെ നിലപാടാണ് നിലവിലെ പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നത്.

കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലുള്ള പാലമാകണം ഗവര്‍ണര്‍. സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുന്ന ഗവര്‍ണര്‍മാര്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയേയുള്ളൂ. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവ അര്‍ഹിക്കുന്ന മര്യാദയും ബഹുമാനവും നല്‍കാന്‍ കേന്ദ്രസര്‍ക്കാരും തയ്യാറായേ മതിയാകൂ’– മുഖപ്രസംഗം പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952