1470-490

ഗുരുവായൂരിൽ നടന്നു വരുന്ന ജലവിഭവ വകുപ്പിന്റെ പദ്ധതികൾ അടിയന്തിരമായി പൂർത്തീകരിക്കും – മന്ത്രി കെ. കൃഷ്ണൻകുട്ടി


ഗുരുവായൂർ: നഗരസഭയിലെ അമൃത് കുടിവെള്ള പദ്ധതികളുടെയും അഴുക്കുചാൽ പദ്ധതിയുടെയും പ്രവർത്തികൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഗുരുവായൂർ നഗരസഭ ഭരണാധികാരികൾക്ക് ഉറപ്പ് നൽകി. നഗരസഭയിൽ നടന്നു വരുന്ന ജലവിഭവ വകുപ്പിന്റെ പദ്ധതികൾക്ക് വേഗം കൂട്ടണമെന്നാവശ്യപ്പെട്ട് നഗരസഭാ ആക്ടിംഗ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടികാഴ്ച്ച നടത്തിയപ്പോഴാണ് മന്ത്രി സംഘത്തിന് ഉറപ്പ് നൽകിയത്.
പദ്ധതികളുടെ പൂർത്തീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച നഗരസഭയിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്മാരെ വിളിച്ചു ചേർത്ത് വിശദമായ വിശകലന യോഗം നടത്താൻ വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. നഗരസഭ നിവേദനത്തിലൂടെ ആവശ്യപ്പെട്ട വലിയതോടിന്റെ ശുചീകരണ പ്രവർത്തികൾ നടത്തി തോടിന്റെ പുനരുജ്ജീവനത്തിന് വിശദമായ പദ്ധതി അടിയന്തിരമായി തയ്യാറാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. പദ്ധതിക്കാവശ്യമായ തുക വകുപ്പ് മുഖാന്തിരം അനുവദിക്കാനുള്ള നിർദ്ദേശവും മന്ത്രി നൽകിയിട്ടുണ്ട്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാന പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന മണലൂർ, നാട്ടിക, ഗുരുവായൂർ നിയോജക മണ്ഡലങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ എം.എൽ.എമാരായ കെ.വി അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, ഗീത ഗോപി എന്നിവരുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകന യോഗം ഫെബ്രുവരി മാസത്തിൽ ഗുരുവായൂരിൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഗുരുവായൂർ നഗരസഭ ആക്ടിങ്ങ് ചെയർമാൻ അഭിലാഷ്.വി.ചന്ദ്രന് പുറമെ മുൻ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി, മുൻ വൈസ് ചെയർമാൻ കെ.പി വിനോദ്, കൗൺസിലർ സുരേഷ് വാരിയർ, അമൃത് പദ്ധതി എഞ്ചിനീയർമാരായ പി.വി നന്ദകുമാർ, കെ.എൻ മാധവൻ, കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. വി. മുരുകദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790