1470-490

വോട്ടര്‍പട്ടിക പുതുക്കല്‍ ജനുവരി 20ന് തുടങ്ങും.

2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പട്ടിക പുതുക്കി ഉപയോഗിക്കാനാണ് തീരുമാനം.

തിരുവനന്തപുരം:ഈ വര്‍ഷം അവസാനം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കല്‍ ജനുവരി 20ന് തുടങ്ങും. നവംബര്‍ 11-നാണ് തദ്ദേശഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാവുക. നവംബര്‍ 12ന് മുമ്പ് പുതിയ ഭരണസമിതി അധികാരത്തിലെത്തും വിധം ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും.
2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പട്ടിക പുതുക്കി ഉപയോഗിക്കാനാണ് തീരുമാനം. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഫോട്ടോ പതിപ്പിച്ച വോട്ടര്‍പട്ടിക 2015-ല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ച്‌ വാര്‍ഡ് അടിസ്ഥാനത്തില്‍ മാറ്റി സ്വന്തംപട്ടിക ഉണ്ടാക്കിയിരുന്നു. അത് പുതുക്കിയാണ് ഇത്തവണ ഉപയോഗിക്കുക.
കരട് പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. അന്തിമപ്പട്ടിക ഫെബ്രുവരി 28-നും. ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടര്‍പട്ടിക നിയമസഭാമണ്ഡലങ്ങളുടെ ബൂത്ത് അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. 2019-ലെ ലോകസ്ഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അതുണ്ടാവില്ല.
941 ഗ്രാമപ്പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍. 2020 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് ജനുവരി 20 മുതല്‍ പേരുചേര്‍ക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും തദ്ദേശസ്ഥാപനങ്ങളിലും അപേക്ഷിക്കാം. തിരുത്തലുകള്‍ക്കും സ്ഥലംമാറ്റത്തിനും അവസരം. അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768