1470-490

ഗുരുവായൂർ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷം

ക്ഷേത്രത്തിൽ ഉച്ചപൂജ കഴിഞ്ഞ നടയടച്ച ശേഷം 12 മണിയോടെ വാൽക്കണ്ണാടിയും തിരുവുടയാടയുമായി ഭഗവതിയെ ആനപ്പുറത്ത് എഴുന്നള്ളിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിലമ്മയ്ക്ക് നാട്ടുകാർ നടത്തുന്ന പിള്ളേര് താലപ്പൊലി ആഘോഷിച്ചു. താലപ്പൊലി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടുക്കാരുടെ വഴിപാടായാണ് താലപ്പൊലി ആഘോഷം. പുലർച്ചെ നിർമാല്യ ദർശനത്തോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്. ക്ഷേത്രത്തിൽ ഉച്ചപൂജ കഴിഞ്ഞ നടയടച്ച ശേഷം 12 മണിയോടെ വാൽക്കണ്ണാടിയും തിരുവുടയാടയുമായി ഭഗവതിയെ ആനപ്പുറത്ത് എഴുന്നള്ളിച്ചു. ദേവസ്വം ആനത്തറവാട്ടിലെ കൊമ്പൻ ഇന്ദ്രസെൻ ഭഗവതിയുടെ തിടമ്പേറ്റി. കൊമ്പന്മാരായ ദാമോദർദാസും, ശ്രീധരനും പറ്റാനകളായി. അയലൂർ അനന്തനാരായണൻ പ്രമാണത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയിലായിരുന്നു എഴുന്നള്ളിപ്പ്. പഞ്ചവാദ്യം കിഴക്കേനടയിൽ സമാപിച്ച ശേഷം കോട്ടപ്പടി സന്തോഷ് മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളത്തോടെ തിരിച്ചെഴുന്നള്ളിച്ചു. കിഴക്കേ ഗോപുരനടയിൽ കുങ്കുമം, മഞ്ഞൾപ്പൊടി, തെച്ചിപ്പൂവ്, അരി, നെല്ല്, അവിൽ, മലർ, താമരപ്പൂവ്, നാണയം തുടങ്ങി വിവിധ ദ്രവ്യങ്ങൾ കൊണ്ട് 1001 നിറപറകൾ ഒരുക്കി ഭക്തർ ഭഗവതിയെ എതിരേറ്റു. കോമരം ഉറഞ്ഞു തുള്ളി പറചൊരിഞ്ഞ് അനുഗ്രഹിച്ചു. തുടർന്ന് ഭഗവതിയെ തീർത്ഥകുളം പ്രദക്ഷിണം വെച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രത്തിൽ സന്ധ്യക്ക് കേളി, നാദസ്വരം, തായമ്പക എന്നിവയും നടന്നു. രാത്രി അത്താഴ പൂജ കഴിഞ്ഞ് ഒമ്പത് മണിയോടെ നടയടച്ച ശേഷവും പഞ്ചവാദ്യം, മേളം എന്നിവയോടെ എഴുന്നളളിപ്പ് ഉണ്ടായിരുന്നു. രാത്രി പുറത്തേക്കെഴുന്നള്ളിപ്പിന് ശേഷം ഭഗവതിക്കെട്ടിലെ പാട്ടുപന്തലിൽ കളമെഴുത്ത് പാട്ടുമുണ്ടായിരുന്നു. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ അഷ്ടപദി, ഭക്തിപ്രഭാഷണം, തിരുവാതിരക്കളി, മോഹിനിയാട്ടം എന്നിവ അരങ്ങേറി. വൈകീട്ട് പിന്നണി ഗായകൻ ഡോ.മധുബാലകൃഷ്ണന്റെ ഭക്തിഗാനമേളയും അരങ്ങേറി.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653