1470-490

മേയറുടെ രാജിയില്‍ അഴിയാക്കുരുക്ക് അജിതയും കുട്ടിറാഫിയും തുടര്‍ന്നേക്കും

സി.പി.എം-സി.പി.ഐ ധാരണയനുസരിച്ച് വികസനസ്ഥിരം സമിതി സ്ഥാനം ഒരുവര്‍ഷത്തേക്ക് കൂടി ലഭിക്കാതെ മേയര്‍ സ്ഥാനം ഒഴിയില്ലെന്ന സി.പി.ഐ പിടിവാശിയാണ് പ്രതിസന്ധിക്ക് കാരണമായതെങ്കിലും ധാരണപൊളിച്ച്, രണ്ട് വര്‍ഷത്തിന്ശേഷം ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയെ രാജിവെപ്പിച്ച സി.പി.എം ജില്ലാകമ്മിറ്റിയാണ് പ്രതിസന്ധിക്കുത്തരവാദിയെന്നാണ് സി.പി.ഐ വിമര്‍ശനം.

തൃശൂര്‍: മേയര്‍ പ്രശ്നത്തില്‍ പ്രതിസന്ധി പരിഹരിക്കാനാകാതെ വിഷമ വൃത്തത്തിലായി സി.പി.എം ജില്ലാനേതൃത്വം. നിലവിലുള്ള മേയറും ഡെപ്യൂട്ടി മേയറും ഒരു വര്‍ഷം കൂടി തുടര്‍ന്നേക്കും.
സി.പി.എം-സി.പി.ഐ ധാരണയനുസരിച്ച് വികസനസ്ഥിരം സമിതി സ്ഥാനം ഒരുവര്‍ഷത്തേക്ക് കൂടി ലഭിക്കാതെ മേയര്‍ സ്ഥാനം ഒഴിയില്ലെന്ന സി.പി.ഐ പിടിവാശിയാണ് പ്രതിസന്ധിക്ക് കാരണമായതെങ്കിലും ധാരണപൊളിച്ച്, രണ്ട് വര്‍ഷത്തിന്ശേഷം ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയെ രാജിവെപ്പിച്ച സി.പി.എം ജില്ലാകമ്മിറ്റിയാണ് പ്രതിസന്ധിക്കുത്തരവാദിയെന്നാണ് സി.പി.ഐ വിമര്‍ശനം.
സി.പി.ഐക്ക് ആദ്യമൂന്ന് വര്‍ഷം വികസന സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും നാലാം വര്‍ഷം മേയര്‍ സ്ഥാനവും അഞ്ചാംവര്‍ഷം ഡെപ്യൂട്ടി മേയര്‍ സ്ഥാനവുമായിരുന്നു തെരഞ്ഞെടുപ്പിന് ശേഷമുള്ള സി.പി.എം-സി.പി.ഐ ധാരണ. ധാരണക്ക് വിരുദ്ധമായി രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ സി.പി.എമ്മിലെ വര്‍ഗ്ഗീസ് കണ്ടംകുളത്തി ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഒഴിഞ്ഞ് സി.പി.ഐക്ക് നല്‍കുകയായിരുന്നു. സി.പി.എം-സി.പി.ഐ ബന്ധം വഷളാകാനും ഇത് കാരണമാക്കി.
ധാരണയനുസരിച്ച് ഡിസംബര്‍ 12ന് മേയര്‍ അജിത വിജയന്‍ സ്ഥാനമൊഴിയേണ്ടതാണെങ്കിലും അവസാന നിമിഷം ഉണ്ടായ മലക്കംമറച്ചില്‍ സി.പി.എം നേതൃത്വത്തെ പോലും ഞെട്ടിച്ചു. മൂന്നാഴ്ച പിന്നിട്ടിട്ടും കുരുക്കഴിക്കാന്‍ സി.പി.എമ്മിനായിട്ടില്ല. ജനുവരി 10ന് ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് രാജിവെക്കേണ്ടതാണ്. മേയറുടെ രാജി പ്രശ്നം സൃഷ്ടിച്ച ഭിന്നപ്പും പ്രശ്നങ്ങളും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനും പ്രതിസന്ധിയായതിനാല്‍ മേയര്‍ രാജിവെച്ചൊഴിയാതെ ഡെപ്യൂട്ടി മേയറുടെ രാജിയില്‍ തീരുമാനമുണ്ടാകില്ല.
പ്രതിസന്ധി പരിഹരിക്കാന്‍ വികസന സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷീബ ബാബുവിന്‍റെ രാജി സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടുവെങ്കിലും ജനതാദള്‍(എസ്)ആവശ്യം നിരാകരിച്ചു. വികസന സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഷീബ ബാബു ഏറ്റെടുക്കുമ്പോള്‍ കാലാവധി പ്രത്യേകം പറഞ്ഞിട്ടില്ലെന്നാണ് ജനതാദളിന്‍റെ വാദം.
അതോടെ ഏതെങ്കിലും സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മതിയെന്ന നിലപാടിലേക്ക് സി.പി.ഐ താഴ്ന്നു. ഇതേ തുടര്‍ന്ന് ടാക്സ് ആന്‍റ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.സുകുമാരന്‍റെ രാജി സി.പി.എം നേതൃത്വം ആവശ്യപ്പെട്ടു. പ്രലോഭനങ്ങളും നല്‍കി. പക്ഷെ സുകുമാരനും വഴങ്ങിയില്ലെന്നുമാത്രമല്ല ഇടതു മുന്നണിയിലേക്ക് തന്നെയില്ല എന്ന കടുത്ത നിലപാടിലാണ് സുകുമാരന്‍. തന്നെ കള്ള കേസ്സില്‍ കുടുക്കി ജയിലിലടച്ചത് സി.പി.എം കോര്‍പ്പറേഷന്‍ നേതൃത്വമാണെന്ന ആകോരണവുമായി രോഷം തീര്‍ക്കാനുള്ള സന്ദര്‍ഭമായി അവസരം പ്രയോജനപ്പെടുത്തുകയാണ് സുകുമാരന്‍. ഷീബയേയും സുകുമാരനേയും മാറ്റാനുള്ള ഭൂരിപക്ഷം എല്‍.ഡി.എഫിനും സമിതികളിലില്ല.
ആരോഗ്യം, മരാമത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റികളാണ് എല്‍.ഡി.എഫിന്‍റെ കയ്യിലുള്ള മറ്റ് രണ്ട് സമിതികള്‍. പറവട്ടാനി മേഖലയില്‍ ഒറ്റക്കു നില്‍ക്കാനുള്ള തിണ്ണബലം പ്രകടിപ്പിക്കുന്ന റോസിയോട് രാജി ആവശ്യപ്പെടാന്‍ സി.പി.എം നേതൃത്വവും ശേഷി പ്രകടിപ്പിക്കുന്നില്ല. റോസി മറുകണ്ടം ചാടുമെന്നാണ് ഭയം.
വര്‍ഗ്ഗീസ് കണ്ടംകുളത്തിയുമായുള്ള അഭിപ്രായഭിന്നതയില്‍ സി.പി.എമ്മിനെ തന്നെ വെല്ലുവിളിച്ച് നാല് വര്‍ഷമായി കൗണ്‍സില്‍ ബഹിഷ്കരണ സമരം തുടരുന്ന മരാമത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.പി ശ്രീനിവാസനാകട്ടെ, പാര്‍ട്ടി അച്ചടക്കത്തിന്‍റെ പേരില്‍, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉടനെ രാജിവെക്കാന്‍ സന്നദ്ധമെങ്കിലും, മുപ്പത് വര്‍ഷമായി ജനപ്രതിനിധിയും അഴിമതി രഹിത പ്രതിച്ഛായയുമുള്ള ശ്രീനിവാസന്‍റെ രാജി സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതത്തില്‍ നേതൃത്വവും ആശയകുഴപ്പത്തിലാണ്. തെരഞ്ഞെടുപ്പ് വര്‍ഷത്തിലാണോ നടപടിയെന്ന ചോദ്യം പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ധാരണപൊളിച്ച സി.പി.എം നേതൃത്വം എല്‍.ഡി.എഫിനകത്തും, സി.പി.എമ്മിനകത്തും പ്രതികൂട്ടിലാണ്. സി.പി.എം കൗണ്‍സിലര്‍മാരിലും ഭരണത്തിനെതിരെ ഭിന്നത രൂക്ഷമാണ്.മുന്നണിയിലെ പ്രതിസന്ധി തിരിച്ചറിഞ്ഞ് മേയര്‍ സ്ഥാനമൊഴിഞ്ഞ് സ്വയം ത്യാഗത്തിന് സി.പി.ഐ തയ്യാറാകുന്നില്ലെങ്കില്‍ അജിത വിജയന്‍ മേയറായും റാഫി ജോസ് ഡെപ്യൂട്ടി മേയറായും അവസാനവര്‍ഷം കൂടി തുടരാനാണ് സാധ്യത. സി.പി.എം കോര്‍പ്പറേഷന്‍ ഭരണനേതൃത്വത്തിനും ഇക്കാര്യത്തില്‍ ആശങ്കയുമില്ല.
ഭൂരിപക്ഷമില്ലാതെയും വോട്ടിങ്ങ് പോലും അനുവദിക്കാതേയും കൗണ്‍സിലിലെ കോണ്‍ഗ്രസ്-ബി.ജെ.പി കൗണ്‍സിലര്‍മാരെ ഭിന്നിപ്പിച്ചും നേതാക്കളെ കയ്യിലെടുത്തും നാലുവര്‍ഷമായി അതിസുഗമമായ ഭരണം തുടരുന്നതില്‍ അസാധാരണമായ രാഷ്ട്രീയ മെയ്വഴക്കം പ്രകടിപ്പിക്കുന്ന വര്‍ഗ്ഗീസ് കണ്ടംകുളത്തിയുടെ നേതൃത്വത്തെ അത്ഭുതമായി കാണുന്ന സി.പി.എം ജില്ല നേതൃത്വത്തിനും ഭരണത്തെ സംബന്ധിച്ച് ആശങ്കയില്ല.
കൗണ്‍സിലിനേയും കമ്മിറ്റികളേയും നോക്കുകുത്തിയാക്കി ജനാധിപത്യ ധ്വംസന മുന്‍കൂര്‍ അനുമതി വാഴ്ച നടക്കുന്നുവെന്ന ആരോപിക്കുന്ന പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള സഭയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രതിപക്ഷത്തിന് ഭരണമുന്നണിയിലെ ഭിന്നത മുതലാക്കാനോ, ജനാധിപത്യ ധ്വംസനത്തെ പ്രതിരോധിക്കാനോ ചെറുവിരലനക്കാന്‍ പോലും കഴിയുന്നില്ലെന്നതാണ് എല്‍.ഡി.എഫ് ഭരണത്തിന്‍റെ യഥാര്‍ത്ഥ ശക്തി. കോണ്‍ഗ്രസ്-ബി.ജെ.പി ജില്ലാ നേതൃത്വം പ്രകടിപ്പിക്കുന്ന നിസ്സംഗതയാണ് എല്‍.ഡി.എഫിലും സി.പി.എമ്മിലും ഉള്ള വിമതര്‍ നേരിടുന്ന പ്രതിസന്ധി.മേയറുടെ രാജിയില്‍ അഴിയാക്കുരുക്ക്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884