1470-490

കണ്ടെത്തണം…ലഹരിയെ തേടുന്ന വൈകാരികതയെ

കേരളം ഇന്ന് തോറ്റു പോയിട്ടുണ്ടെങ്കില്‍ അതൊന്നിനു മുന്നില്‍ മാത്രമാണെന്നു പറയാം. അതേ…ലഹരിയ്ക്കു മുന്നില്‍. മദ്യവും പുകവലിയും കഞ്ചാവും തുടങ്ങി അത്യാന്താധുനിക രീതിയിലുള്ള മാരകമായ ലഹരിയുല്‍പ്പന്നങ്ങള്‍ ഇന്നു കേരള വിപണിയില്‍ സുലഭമാണ്. ഓണവും വിഷുവും ക്രിസ്മസുമൊക്കെ കഴിഞ്ഞാല്‍ കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക് ഓര്‍മിപ്പിച്ചു കൊണ്ടു വാര്‍ത്ത വരുക പതിവ് സംഭവമായിരിക്കുന്നു. ഈ പുതുവര്‍ഷത്തിന്റെ കണക്കിതാ വരാനിരിക്കുന്നു. എന്തുകൊണ്ട് കേരളം ഇത്തരത്തില്‍ ലഹരിക്കടിമപ്പെടുന്നുവെന്ന ഒരു പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇനി വൈകിക്കൂട എന്ന സ്ഥിതി വിശേഷമുണ്ടിവിടെ.
ഒരു സര്‍ക്കാര്‍ വന്ന് ബാര്‍ പൂട്ടുകയും വേറൊരു സര്‍ക്കാര്‍ വന്ന് ബാറുകള്‍ നാടു നീളെ തുറക്കുകയും ചെയ്തതൊന്നും കേരളത്തിലെ മദ്യപാനികളെ ബാധിച്ചിട്ടില്ല. ബാറുകളില്ലെങ്കില്‍ ജോലി ഒഴിവാക്കിയും ബിവറെജിനു മുന്നില്‍ ക്യൂ നിന്നു വാങ്ങി കുടിയ്ക്കുമെന്നു തെളിയിച്ചു നമ്മള്‍ മലയാളികള്‍.
സത്യത്തില്‍ മലയാളിയുടെ മദ്യാസക്തിയ്ക്ക് അല്ലെങ്കില്‍ ലഹരിയിലേയ്ക്ക് പോകുന്നതിനുള്ള കാരണമെന്തെന്നു കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ബോധവത്കരണം നടത്തിയാല്‍ ബോധം വരുന്നവരല്ല ഒരു കാര്യത്തിലും മലയാളികള്‍. അതുകൊണ്ടു തന്നെ ഒരു വൈകാരിക തലം മദ്യാസക്തിയ്ക്കു പിന്നിലും ലഹരി ഉപയോഗത്തിനു പിന്നിലുമുണ്ട്. ഇതുവരെ പറഞ്ഞത് 20 നു ശേഷമുള്ള യുവതലമുറയുടെ കാര്യമാണെങ്കില്‍ അതിഭീകരമായ അവസ്ഥയാണ് നമ്മുടെ കൗമാരക്കാരുടേത്. വിവേചന ബുദ്ധിയില്ലാത്ത കാലത്ത് സുഹൃത്തുക്കള്‍ വഴി കിട്ടുന്ന മിഠായി ഗുളികള്‍ മുതല്‍ മനോനില തെറ്റിയ്ക്കുന്ന വിവിധ തരം മയക്കുമരുന്നുകളെ കുറിച്ച് മാധ്യമ വാര്‍ത്തകള്‍ കാണുന്നതാണ്. ലഹരി മാഫിയകള്‍ നമ്മുടെ സ്‌കൂളുകളെയും കലാലയങ്ങളെയും ലക്ഷ്യം വച്ചിട്ട് കാലങ്ങളായിട്ടും അവരെ ഒന്നു തൊടാന്‍ പോലും പറ്റാത്തതിനു പിന്നില്‍് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മ പൊറുക്കാവുന്നതല്ല. ഈ പുതുവര്‍ഷത്തിലെങ്കിലും ഒരു പുതിയ ചിന്തയ്ക്ക് സമൂഹവും സര്‍ക്കാരും തുടക്കമിടണമെന്ന ആവശ്യമുണ്ട് ജനതയ്ക്ക് മുഖ്യമന്ത്രിയ്ക്കു മുന്നില്‍ വയ്ക്കാന്‍. കേരളം ലഹരിക്കു പിറകെ പായുന്നതിന്റെ വൈകാരിക വശം കണ്ടെത്തി പരിഹരിക്കുന്നതിനുള്ള നടപടികള്‍ വൈകിക്കൂടാ. നിരവധി ക്രിയാത്മക മാറ്റങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ സര്‍ക്കാരില്‍ നിന്നും ജനമതു പ്രതീക്ഷിക്കുന്നുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373