1470-490

വി.കെ. രാജു; ക്രമസമാധാനത്തിന്റെ പരിപാലകന്‍

തൃശൂര്‍: നഗരത്തില്‍ ഏതൊരു അടിയന്തിര സാഹചര്യത്തിലും, ഉത്സവാഘോഷങ്ങളിലും, സമരത്തിലുമെല്ലാം പക്വതയോടെ പോലീസ് വിന്യാസവും, ക്രമസമാധാനപാലനവും നിര്‍വ്വഹിക്കുന്ന മികച്ച ഉദ്യോഗസ്ഥനാണ് എ.സി.പി വി.കെ രാജു. മികച്ച ആസൂതണം, മുന്നൊരുക്കം, സുരക്ഷാ നടത്തിപ്പില്‍ സ്വന്തമായ നിരീക്ഷണം, തികഞ്ഞ സൗമ്യത എ.സി.പിയെ വ്യത്യസ്തനാക്കുന്നു. പൂരം മുതല്‍ ജനതിരക്കുള്ള ഏതൊരു പരിപാടികളിലും എ.സി.പിയുടെ ഇടപെടലുണ്ടാവും. എസ്.ഐ ആയ കാലം മുതല്‍ പത്തുവര്‍ഷക്കാലമായി തൃശൂരില്‍ ജോലിചെയ്ത വൈഭവമാണ് മുതല്‍കൂട്ട്. ഒന്നര വര്‍ഷക്കാലമായി സിറ്റി എ.സി.പിയായി പ്രവര്‍ത്തിക്കുന്നു. പ്രശസ്തമായ തൃശൂര്‍ പൂരത്തിലെ തെക്കോട്ടിറക്ക സമയത്തെ ജനതിരക്ക് നിയന്ത്രണ ചുമതല കൂടുതല്‍ നിര്‍വ്വഹിച്ചിട്ടുള്ളത് എടുത്തുപറയേണ്ടതാണ്.
ചേര്‍ത്തലയില്‍ വെച്ച് അമ്മ ഗൗരി മരണപ്പെട്ട് രണ്ടു നാള്‍ കഴിഞ്ഞപ്പോഴെയ്ക്കും എ.സി.പി തൃശൂരില്‍ തിരിച്ചെത്തിയിരുന്നു. ഡിസംബര്‍ 26 നാണ് അമ്മ മരണപ്പെട്ടത്. ഓഫീസിലെത്തി ഡ്യൂട്ടികള്‍ ആസൂത്രണം ചെയ്ത്, നിര്‍ദ്ദേശങ്ങള്‍ നല്‍കി, ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി സദാ ജാഗ്രതയിലാക്കി സിറ്റി പോലീസ് ടീമിനെ മാറ്റിയത് എ.സി.പിയുടെ കരവിരുതാണ്. പുതുവര്‍ഷ ഡ്യൂട്ടിയ്ക്കായി എത്തിയ പോലീസുകാര്‍ക്കെല്ലാം പ്രത്യേക നിര്‍ദ്ദേശങ്ങളും, ഭക്ഷണവും ഒരുക്കി നല്‍കി.
വയര്‍ലെസ്സിലൂടെ കര്‍ശന നിര്‍ദ്ദേശം, വീഴ്ചകള്‍ സമയത്ത് തിരുത്തല്‍ എന്നിവയെല്ലാം കാണാമായിരുന്നു. പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് സ്വരാജ് റൗണ്ടിലേക്ക് തള്ളികയറിയ ജനകൂട്ടത്തെ തന്മയത്വത്തോടെ ഒഴിവാക്കിവിടാനായി അഞ്ച് മേഖലകളായി തിരിച്ചായിരുന്നു പോലീസ് വിന്യാസം. ഓരോ ഏരിയയിലേയും ജനകൂട്ടത്തെ ഒഴിവാക്കി ഏറെ ശ്രമകരമായാണ് നിയന്ത്രണമൊരുക്കിയത്. മൈതാനത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ അവസാനമാണ് പുറത്ത് വിട്ടത്. പോക്കറ്റ് റോഡുകളിലൂടെ ഗതാഗതം സുഗമമാക്കി. പുലര്‍ച്ചെ രണ്ടുമണിയ്ക്കാണ് എല്ലാവരെയും സ്വവസതിയിലേക്ക് തിരിച്ചയച്ചാണ് പോലീസ് മടങ്ങിയത്.

നഗരത്തിലെ പ്രമുഖ ഗുണ്ടകളെ അടിച്ചൊതുക്കിയതിലും, കഞ്ചാവ്മാഫിയയെ ഒതുക്കിയതിലും എ.സി.പിയുടെ പങ്ക് നിര്‍ണ്ണായകമാണ്. കടവി, സച്ചിന്‍, വിവേക് തുടങ്ങിയ ഗുണ്ടാസംഘത്തെ ഒതുക്കിയതിന് നേതൃത്വമേകി. കിഴക്കുംപാട്ടുകരയിലെ എ.ടി.എം കവര്‍ച്ചാശ്രമകേസിലെ പ്രതികളെ പിടികൂടിയത്, എഞ്ചിനീയറിംങ് കോളേജില്‍ നിന്ന് 37 ലക്ഷം കവര്‍ന്ന കേസിലെ അറസ്റ്റ്, മുല്ലക്കരയില്‍ ഡോക്ടറുടെ വീട്ടില്‍ കെട്ടിയിട്ട് നടത്തിയ കവര്‍ച്ചയിലെ പ്രതികളെ പിടികൂടാന്‍ നേതൃത്വമേകിയത്, മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിയ ആറുപ്രതികളെ ഒരാഴ്ചക്കകം പിടികൂടാന്‍ കഴിഞ്ഞത് എന്നിവയെല്ലാം അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലുകളാണ്.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761