1470-490

വേണം ഗുരുവായൂരിൽ നിന്നും വടക്കോട്ട് തീവണ്ടി

ഗുരുവായൂരിൽ നിന്നും വടക്കോട്ട് നിലവിൽ സർവീസുകൾ ഒന്നും തന്നെയില്ല. കോയമ്പത്തൂർ വഴിയും കൊങ്കൺ പാതയിലൂടേയും തീവണ്ടികൾ സർവീസ് നടത്തിയാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ഭക്തർക്ക് എത്തിചേരുന്നതിന് ഏറെ ഉപകാരപ്രദമാകും. തൃശൂരിൽ നിന്നും എഞ്ചിൻ മാറ്റി സ്ഥാപിച്ചുവേണം വടക്കൻ മേഖലയിലേയ്ക്ക് സർവീസ് നടത്തണമെങ്കിൽ എന്നതാണ് നിലവിൽ വടക്കോട്ട് സർവീസ് ആരംഭിക്കാതിരിക്കാൻ കാരണമായി റയിൽവേ പറയുന്ന തടസം.

പി.കെ.രാജേഷ് ബാബു


ഗുരുവായൂർ: വേണം ഗുരുവായൂരിൽ നിന്നും വടക്കോട്ട് തീവണ്ടി. ദേശീയ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ ദർശനത്തിനെത്തുന്നവരിൽ ഏറെയും അന്യസംസ്ഥാനത്തു നിന്നുമുള്ള ഭക്തരാണ്. ഇവർക്ക് ഗുരുവായൂരിൽ എത്തിചേരുന്നതിന് സൗകര്യമൊരുക്കണമെങ്കിൽ വടക്കേ ഇന്ത്യയിലേയ്ക്കും തമിഴ്‌നാട്ടിലേയ്ക്കും തീവണ്ടി സർവീസ് ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ ഗുരുവായൂരിൽ നിന്നും തെക്കോട്ട് മാത്രമാണ് തീവണ്ടി സർവീസ് ഉള്ളത്. എറണാകുളം, തിരുവനന്തപുരം വഴി ചെന്നൈയിലേയ്ക്കും എറണാക്കുളം വഴി തിരുവനന്തപുരത്തേയ്ക്കും പുനലൂരിലേയ്ക്കും മാത്രമാണ് ഗുരുവായൂരിൽ നിന്നും നിലവിൽ തീവണ്ടികൾ സർവീസ് നടത്തുന്നത്.
    ഗുരുവായൂരിൽ നിന്നും വടക്കോട്ട് നിലവിൽ സർവീസുകൾ ഒന്നും തന്നെയില്ല. കോയമ്പത്തൂർ വഴിയും കൊങ്കൺ പാതയിലൂടേയും തീവണ്ടികൾ സർവീസ് നടത്തിയാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ഭക്തർക്ക് എത്തിചേരുന്നതിന് ഏറെ ഉപകാരപ്രദമാകും. തൃശൂരിൽ നിന്നും എഞ്ചിൻ മാറ്റി സ്ഥാപിച്ചുവേണം വടക്കൻ മേഖലയിലേയ്ക്ക് സർവീസ് നടത്തണമെങ്കിൽ എന്നതാണ് നിലവിൽ വടക്കോട്ട് സർവീസ് ആരംഭിക്കാതിരിക്കാൻ കാരണമായി റയിൽവേ പറയുന്ന തടസം.
   ഗുരുവായൂരിൽ നിന്നും വടക്കോട്ട് പുതിയ ആരംഭിച്ചാൽ വടക്കോട്ട് തീവണ്ടി ഗതാഗതത്തിന് അത് ഏറെ സൗകര്യപ്രദമാകും. ഗുരുവായൂരിൽ നിന്നും കുറ്റിപ്പുറത്തേയ്ക്ക് പാത ആരംഭിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ 24 വർഷം മുമ്പ് ആരംഭിച്ചിരുന്നെങ്കിലും ഇന്ന് വരെ ഇതിന് ഒരു തീരുമാനമാകാത്ത അവസ്ഥയാണുള്ളത്. നിലവിൽ തൃശൂരിൽ നിന്നുള്ള തീവണ്ടികൾ കുറ്റിപ്പുറത്തെത്തണമെങ്കിൽ രണ്ട് മണിക്കൂറിലധികം സമയമെടുക്കും. ഗുരുവായൂരിൽ നിന്നും കുറ്റിപ്പുറത്തേയ്ക്ക് പാതമുട്ടിയ്ക്കുകയും തൃശൂരിൽ നിന്നുള്ളവണ്ടികൾ ഗുരുവായൂർ വഴി തിരിച്ച് വിടുകയും ചെയ്താൽ ഒരു മണിക്കൂറിലധികം യാത്ര സമയം കുറഞ്ഞ് കിട്ടും.  
 1995 ഡിസംബർ 17നാണ് ഗുരുവായൂർ-കുറ്റിപ്പുറം പാതയുടെ തറക്കല്ലിട്ടിരുന്നത്. തറക്കല്ലിടൽ നടത്തിയ പാത അധികൃതരുടെ അനാസ്ഥയെ തുടർന്ന് തീരുമാനമാകാതെ നിൽക്കുകയാണ്. അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് കൽമാഡിയാണ് ഗുരുവായൂർ-കുറ്റിപ്പുറം റെയിൽപാതക്ക് തറക്കല്ലിട്ടിരുന്നത്. കേന്ദ്ര വ്യവസായ മന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു ചടങ്ങിന്റെ അധ്യക്ഷൻ.
  ഗുരുവായൂർ-കുറ്റിപ്പുറം പാത അപ്രായോഗികമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് ഗുരുവായൂരിൽ നിന്നും താനൂരിലേയ്ക്കും തിരുനാവായയിലേയ്ക്കും തിരൂരിലേയ്ക്കും ബന്ധിപ്പിക്കുന്നതിന് ആലോചനകൾ നടന്നിരുന്നു. ഭൂമി ഏറ്റെടുക്കാനാകാത്തതാണ് പാതയുടെ തീരുമാനം നീണ്ടു പോകുന്നതിന് പ്രധാന കാരണം. താനൂരിലേയ്ക്കും തിരൂരിലേയ്ക്കും അലൈമെന്റ് നിശ്ചയിച്ചെങ്കിലും ഭീമി ഏറ്റെടുക്കാനാകാത്തതിനാലാണ് പിന്നീട് തിരുനാവായയിലേയ്ക്ക് അലൈമെന്റ് തീരുമാനിച്ചത്. രണ്ട് വഴികളാണ് തിരുനാവായയിലേക്ക് പരിഗണിച്ചത്. ഒന്ന് കുന്നംകുളം വഴി. മറ്റൊന്ന് ആനത്താവളത്തിന് കിഴക്ക് തമ്പുരാൻപടി, കാവീട്, കുരഞ്ഞിയൂർ മേഖലകളിലൂടെ കനോലി കനാലിന് സമീപെമത്തുന്ന വിധത്തിലും. 2014ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഗുരുവായൂരിൽ നിന്ന് കുന്നംകുളം വഴി തിരുനാവായ പാതക്കുള്ള അലൈൻമെന്റിന് സർക്കാർ അംഗീകാരം നൽകി. എന്നാൽ നാളിതുവരെ സർവേ നടത്താൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. മലപ്പുറം ജില്ലയിൽ സ്ഥലം ഏറ്റെടുക്കുന്നതിന് ജനങ്ങളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധമുയരുന്നതാണ് സ്ഥലം ഏറ്റെടുക്കലിന് തടസ്സമായിട്ടുള്ളത്. സ്ഥലമേറ്റെടുക്കുന്നതിനായി ഗുരുവായൂരിൽ തുറന്നിരുന്ന ഓഫീസ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അടച്ചു പൂട്ടുകയും ചെയ്തു.
  സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ അധികാരമേറ്റ ശേഷം സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ പാതക്കായി ശ്രമം നടത്തിയെങ്കിലും എങ്ങും എത്തിയില്ല. ഈപാതക്കായി വർഷം തോറും റെയിൽവെ ബജറ്റിൽ കോടികൾ അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഈതുക മറ്റു പദ്ധതികൾക്കായി വകമാറ്റുകയാണ് പതിവ്. ഗുരുവായൂർ-കുറ്റിപ്പുറം പാതയ്‌ക്കൊപ്പം റെയിൽവെ പ്രഖ്യാപിച്ച പല പദ്ധതികൾ പൂർത്തീകരിച്ചപ്പോഴും ഈ പാതക്കുമാത്രം ശാപമോക്ഷമായില്ല.
 റെയിൽവെ ഡെവലപ്‌മെൻറ് ആക്ഷൻ കൗൺിസൽ കൺവീനർ കെ.ജി.സുകുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗുരുവായൂർ പാത വടക്കോട്ട് ബന്ധിപ്പിക്കുന്നതിനായി ഏറെ സമരങ്ങൾ നടത്തിയിരുന്നു. അദ്ദേഹം ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് പാത നീട്ടാനാവശ്യമായ സ്ഥലം 18 മാസത്തിനകം സർവേ നടത്തി ഏറ്റെടുക്കാൻ ഉത്തരവുണ്ടായി. 2006 ഡിസംബറിലായിരുന്നു കോടതി ഇടപെടൽ. എന്നാൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഒരു യോഗം വിളിച്ചതൊഴിച്ചാൽ തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. ഗുരുവായൂർ-തിരുനാവായ റെയിൽപാത സംസ്ഥാന സർക്കാർ വിചാരിച്ചാലേ നടക്കൂ എന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ സർവേ പൂർത്തിയാക്കാനുള്ള സാഹചര്യം സംസ്ഥാന സർക്കാർ ഒരുക്കണം. എന്നാൽ, റെയിൽവേ മാസ്റ്റർപ്ലാൻ തയാറാക്കും. സ്ഥലം ഏറ്റെടുത്ത് കൊടുക്കേണ്ടത് സംസ്ഥാന സർക്കാറാണ്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകാത്തതാണ് പാതക്ക് തടസമെന്നും ജനപ്രതിനിധികൾ ഇടപെട്ട് തടസങ്ങൾനീക്കി പാതപൂർത്തീകരണത്തിനാവശ്യമായ നടപടി കൈകൊള്ളണമെന്നും കെ.ജി.സുകുമാരൻ ആവശ്യപെട്ടു.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768