1470-490

വാര്‍ത്തയിലെ വസ്തുതകള്‍ക്ക് ഇന്ന് പിറവി

പോസിറ്റീവ് വാര്‍ത്തകളും വസ്തുതാപരമായ വാര്‍ത്തകളുമറിയാന്‍ ഒരു വലിയ വിഭാഗം ഈ മലയാളക്കരയിലുണ്ടെന്നു ഉറപ്പിച്ചു പറയാന്‍ ഞങ്ങള്‍ക്കു കഴിയും. അതുകൊണ്ടു തന്നെ ഗോസിപ്പുകള്‍ക്കോ തേജോവധങ്ങള്‍ക്കോ പാടി പുകഴ്ത്തലുകള്‍ക്കോ വേണ്ടി വാര്‍ത്തായിടങ്ങള്‍ റിസര്‍വ് ചെയ്തിടാന്‍ ഞങ്ങളില്ല. ആരെയും പ്രീണിപ്പിക്കാനോ ആരെയും അനാവശ്യമായി നോവിക്കാനോ ഞങ്ങളില്ല. നിഷ്പക്ഷം എന്ന നട്ടെല്ലില്ലാത്ത പക്ഷത്തിനൊപ്പവുമില്ല.

ടി.പി.ഷൈജു തിരൂര്‍

തൃശൂര്‍; വാര്‍ത്ത- സംഭവിച്ച കാര്യങ്ങള്‍ മറ്റൊരാളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടാല്‍ അതു വാര്‍ത്തയായി. കാണുന്നതും കേള്‍ക്കുന്നതും അന്വേഷിച്ചറിയുന്നതുമായ കാര്യങ്ങള്‍ മറ്റൊരാളിലേയ്ക്ക് മായമില്ലാതെ എത്തിക്കുന്നതിനെയാണ് റിപ്പോര്‍ട്ടിങ് എന്നു പറയുന്നത്. ഇവിടെ രണ്ടു കാര്യങ്ങള്‍ പ്രസക്തം. ഒന്ന് സംഭവിച്ച കാര്യങ്ങള്‍ അഥവാ ഒരു സംഭവം നടക്കുകയാണെങ്കില്‍ അതു വാര്‍ത്തയാണ്. മറിച്ച് വാര്‍ത്തയ്ക്കു വേണ്ടി ഒരു സംഭവത്തെ കെട്ടിച്ചമയ്ക്കുന്നത് വാര്‍ത്തയല്ലെന്നര്‍ത്ഥം. രണ്ട്- സംഭവിച്ച കാര്യങ്ങള്‍ അഥവാ കണ്ടതോ കേട്ടതോ അന്വേഷിച്ചറിഞ്ഞതോ ആയ കാര്യങ്ങള്‍ വെള്ളം ചേര്‍ക്കാതെ തന്റേതായ കാഴ്ചപ്പാട് ചേര്‍ക്കാതെ ജനങ്ങളിലേയ്‌ക്കെത്തിക്കുക. ആധുനിക മാധ്യമലോകത്ത് ഈ രണ്ടു കാര്യങ്ങളുമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ചാരക്കേസ് മുതല്‍ കേരളം കേട്ടു തുടങ്ങിയതാണ് മാധ്യമ നരഭോജിത്വം. ചാനലുകളുടെ ആവിര്‍ഭാവത്തോടെ മീഡിയ സിന്‍ഡിക്കേറ്റും കേരളം കണ്ടു. ചാനലുകളുടെ ബാഹുല്യം ന്യൂസ് സെന്‍സേഷനലിസത്തിലേയ്‌ക്കെത്തിച്ചു. ഒടുവില്‍ ഒരു വ്യക്തിയുടെ, സ്ഥാപനത്തിന്റെ, പ്രസ്ഥാനത്തിന്റെയൊക്കെ തല വര മാറ്റിയെഴുതാന്‍ ചാനലുകള്‍ തുടങ്ങിയപ്പോള്‍ പ്രതികരിക്കാന്‍ കൈ തരിച്ചു നിന്ന ജനം തെരുവില്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ വരെ തുടങ്ങി. ഈ സമയത്ത് അവര്‍ക്കു കിട്ടിയ ഏറ്റവും വലിയ വടിയായിരുന്നു സോഷ്യല്‍ മീഡിയ. ഇന്ന് സോഷ്യല്‍ മീഡിയയായിരിക്കുന്നു മാധ്യമലോകം. മാധ്യമങ്ങളെ അവഗണിച്ച് ജനത്തിനു നില്‍ക്കാമെങ്കിലും സോഷ്യല്‍ മീഡിയയെ അവഗണിച്ചു കൊണ്ട് മീഡിയയ്ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയാതെയായി. മാധ്യമ പ്രവര്‍ത്തകരും ചാനല്‍ ജഡ്ജിമാരും നിരന്തരമായി സോഷ്യല്‍ മീഡിയ വിചാരണയ്ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു.
ഡിജിറ്റല്‍ മീഡിയ അനുദിനം വളര്‍ന്നപ്പോള്‍ പരമ്പരാഗത മീഡിയകളെല്ലാം കിതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷം മുന്‍പ് തേജസ് പൂട്ടി. ചെറുകിട പത്രങ്ങളെല്ലാം പത്രപ്രവര്‍ത്തകരെ പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു. ശമ്പളം കിട്ടാതെ ചാനല്‍ ജീവനക്കാര്‍ നെട്ടോട്ടമോടുന്നു. ചാനല്‍ പരിപാടി പോലും സോഷ്യല്‍ മീഡിയയില്ലെങ്കില്‍ കാണാന്‍ ആളെ കിട്ടില്ലെന്ന സാഹചര്യം വന്നിരിക്കുന്നു. ഈ സാഹചര്യത്തിലും ഓരോ കോണില്‍ നിന്നും വാര്‍ത്തയെന്ന പേരില്‍ നുണകള്‍ പ്രസരിച്ചു കൊണ്ടിരിക്കുക തന്നെയാണ്. ഓരോരുത്തരും അവരവര്‍ക്കു വേണ്ടി വാര്‍ത്ത സൃഷ്ടിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും ജാതി സംഘടനകളും കോര്‍പ്പറേറ്റുകളുമെല്ലാം അവരവര്‍ക്കു വേണ്ടി വാര്‍ത്തകളെ ചമയ്ക്കുന്നു. വാര്‍ത്തയിലെ വസ്തുതയേതെന്നു തിരയാന്‍ കഴിയാതെ വായനക്കാരന്‍ നട്ടം തിരിഞ്ഞു കൊണ്ടിരിക്കുന്നു. നെഗറ്റീവ് വാര്‍ത്തകള്‍ക്കേ ആളുള്ളൂവെന്നും മഞ്ഞ വാര്‍ത്തകള്‍ കണ്ടാല്‍ ജനം ചാടി വീഴുന്നുവെന്നും ചില മഞ്ഞ മാധ്യമങ്ങളുടെ ജനപ്രിയത ചൂണ്ടിക്കാട്ടി സ്ഥാപിക്കപ്പെടുന്നുണ്ട്. ഇവിടെ ഞങ്ങള്‍ മെഡ്‌ലിങ് മീഡിയ മാറി ചിന്തിക്കുക തന്നെയാണ്. പോസിറ്റീവ് വാര്‍ത്തകളും വസ്തുതാപരമായ വാര്‍ത്തകളുമറിയാന്‍ ഒരു വലിയ വിഭാഗം ഈ മലയാളക്കരയിലുണ്ടെന്നു ഉറപ്പിച്ചു പറയാന്‍ ഞങ്ങള്‍ക്കു കഴിയും. അതുകൊണ്ടു തന്നെ ഗോസിപ്പുകള്‍ക്കോ തേജോവധങ്ങള്‍ക്കോ പാടി പുകഴ്ത്തലുകള്‍ക്കോ വേണ്ടി വാര്‍ത്തായിടങ്ങള്‍ റിസര്‍വ് ചെയ്തിടാന്‍ ഞങ്ങളില്ല. ആരെയും പ്രീണിപ്പിക്കാനോ ആരെയും അനാവശ്യമായി നോവിക്കാനോ ഞങ്ങളില്ല. നിഷ്പക്ഷം എന്ന നട്ടെല്ലില്ലാത്ത പക്ഷത്തിനൊപ്പവുമില്ല. മനുഷ്യന്റെ തലച്ചോറിനെ മലീമസമാക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഞങ്ങള്‍ പടിക്കു പുറത്തു നിര്‍ത്തും. ഭരണഘടന വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 51(എ) പ്രകാരം ശാസ്ത്രവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. മതവും ജാതിയും വര്‍ഗവും രാഷ്ട്രീയവും പറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കുന്നവര്‍ക്കൊപ്പം ഒരിയ്ക്കലും നിലകൊള്ളില്ലെന്നും വാര്‍ത്തകളില്‍ വസ്തുതകള്‍ക്കു പ്രാമുഖ്യം കൊടുക്കുമെന്നുള്ള ഉറപ്പുമാണ് ഞങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുന്ന ഉറപ്പ്. എല്ലാവര്‍ക്കും ടീം മെഡ്‌ലിങ് മീഡിയയുടെ പുതുവത്സരാശംസകള്‍.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305