1470-490

നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം

2019ലെ പൗരത്വ ഭേദഗതി ബിൽ പാർലമെൻ്റിലെ ഇരു സഭകളും അംഗീകരിച്ചതിനെത്തുടർന്ന് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ആശങ്കകൾ രൂപപ്പെടുകയും രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ പൊതുവിൽ സമാധാനപരമായ പ്രതിഷേധം ഒറ്റക്കെട്ടായി ഉയർന്നുവന്നിട്ടുണ്ട്. പൗരത്വം നൽകുന്നതിനായി പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളിക്കുന്ന, 2019ലെ പൗരത്വഭേദഗതി നിയമം നമ്മുടെ ഭരണഘടനയിലെ പാർട്ട് 3 ലെ മൗലികാവകാശമായ സമത്വതത്വത്തിൻ്റെ ലംഘനമാണ്.

ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം വിവിധ ധാരകളുടെ സമന്വയം കൂടിയായിരുന്നു.അവ മുന്നോട്ടുവച്ച ആധുനിക ജനാധിപത്യത്തെയും മതനിരപേക്ഷ കാഴ്ചപ്പാടിനെയും ഉൾക്കൊണ്ടുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടുവന്നത്.

പൗരാവകാശങ്ങൾക്കും സമത്വത്തിലധിഷ്ടിതമായ സമൂഹത്തിനും വേണ്ടിയുള്ള പോരാട്ടത്തിലെ ഒരു നാഴികക്കല്ലായി രൂപീകരിക്കപ്പെട്ട നമ്മുടെ ഭരണഘടന ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സമത്വത്തിലും ശാസ്ത്രീയമനസ്ഥിതിയിലും അധിഷ്ഠിതമായ ഒന്നുകൂടിയാണ്.

വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തെയും സംസ്കാരത്തെയും ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യൻ ദേശീയത. നാനാത്വത്തിൽ ഏകത്വം എന്ന വീക്ഷണത്തിൻ്റെ അടിത്തറ അതുകൊണ്ടുതന്നെയാണ് ഭരണഘടന ഉൾക്കൊണ്ടിട്ടുള്ളത്.

2019ലെ പൗരത്വഭേദഗതി നിയമം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് 2014 ഡിസംബർ 31 നു മുൻപ് കുടിയേറിപ്പാർത്ത ഹിന്ദു, സിഖ് , ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതും മുസ്ലീങ്ങളെ അതിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്ന വ്യവസ്ഥ ഉൾപ്പെടുന്ന ഒന്നാണ്.

മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുമ്പോൾ മതരാഷ്ട്ര സമീപനമാണ് അതിൽ ഉൾച്ചേർന്നിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല.

ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളുടെയും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സന്ദർഭമാണിത്.

നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളിൽ ഉയർന്നുവരുന്ന ആശങ്കകൾ കണക്കിലെടുത്തുകൊണ്ട് പൗരത്വം നൽകുന്നതിൽ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ 2019ലെ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുന്നു. “

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248