1470-490

ഉദ്ഘാടനം 2വട്ടം, പ്രവര്‍ത്തിക്കാതെ ചാലക്കുടി ബസ് സ്റ്റാന്‍ഡ്‌


കെ.കെ. ഷാലി

ചാലക്കുടി. ഒരു വര്‍ഷം കൂടി വരവായി..ചാലക്കുടി നോര്ത്ത് ബസ് സ്റ്റാന്റ് നോക്കു കുത്തിയായി ഇപ്പോഴും നില്‍ക്കുന്നു.രണ്ട് ഉദ്ഘാടനങ്ങള്‍ നടന്നെങ്കിലും ബസ് സ്റ്റാന്റ് ഇപ്പോഴും പ്രവര്‍ത്തിക്കാതെ കിടക്കുകയാണ്. ഈ ഭരണ സമിതി അധികാരത്തിലേറിയപ്പോള്‍ പറഞ്ഞത് മൂന്ന് മാസത്തിനുള്ളില്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നായിരുന്നു. എല്ലാ പുതുവര്‍ഷ സമ്മാനമായി ബസ് സ്റ്റാന്റ് തുറന്ന് കൊടുക്കുമെന്ന് പറയുന്നതല്ലാതെ പ്രാവര്‍ത്തിക്കമാക്കുവാന്‍ ഇനിയും വൈകുമെന്നാണ് സൂചന. ഭരണ പക്ഷത്തെ ഭിന്നതയാണ് ഇപ്പോള്‍ തുറന്ന് കൊടുക്കുവാന്‍ പ്രധാന പ്രശ്‌നമെന്നും പറയുന്നു. സാങ്കേതിക പ്രശ്‌നങ്ങളും മറ്റും പരിഹരിച്ച് തുടങ്ങിയെങ്കിലും ഇപ്പോഴും പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായിട്ടില്ല.അവസാനമായി ജനുവരി ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പിലായില്ല. മൂന്ന് മാസങ്ങള്‍ കൊണ്ട് ചാലക്കുടിയുടെ മൂന്ന് സ്വപ്‌ന പദ്ധതികള്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്നാണ് അവസാനമായി കൗണ്‍സില്‍ യോഗത്തില്‍ പൊതുമരാമത്ത് വികസന സമിതിയദ്ധ്യക്ഷന്‍ യു. വി. മാര്‍ട്ടിന്‍ പറഞ്ഞിരുന്നത്. നഗരസഭ അധികൃതരുടെ പ്രഖ്യാപനങ്ങള്‍ എല്ലാം പാഴാവാക്കായി മാറുന്ന കാഴ്ചയാണ് ചാലക്കുടിയിലുള്ളത്. ഏത് പുതുവര്‍ഷത്തില്‍ നോര്‍ത്ത് ബസ് സ്റ്റാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നറിയാതെ ബുദ്ധിമുട്ടകയാണ് പാവം ചാലക്കുടിക്കാര്‍. കഴിഞ്ഞ യുഡിഎഫ് ഭരണ സമയത്ത് ഉദ്ഘാടനം നടത്തിയെങ്കിലും ചില അസൗകര്യങ്ങള്‍ പറഞ്ഞ് ബസുകള്‍ സ്റ്റാന്റില്‍ കയറാതെ ഇവിടെ പ്രവേശിക്കാതെ ഇരിക്കുകയായിരുന്നു.തുടര്‍ന്ന് പല ചര്‍ച്ചകളും മറ്റും നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ഒടുവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് നീണ്ട് പോവുകയായിരുന്നു.പുതിയ ഭരണ സമിതി അധികാരത്തിലേറിയപ്പോള്‍ മൂന്ന് മാസം കൊണ്ട് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞെങ്കിലും ഭരണം അവസാനിക്കുവാന്‍ ഇനി മാസങ്ങള്‍ മാത്രമായിട്ടും ബസ് സ്റ്റാന്റ് തുറന്ന് പ്രവര്‍ത്തിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.

Comments are closed.