1470-490

പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യാന്തര പ്രതിഷേധം, ഉപരോധ ഭീഷണി

മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കമ്മീഷന് പിന്നാലെ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യസമിതിയും വിമര്‍ശിച്ചു

വാഷിങ്ടണ്‍: പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യാന്തര പ്രതിസന്ധിയില്‍. രാജ്യാന്തരമത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷനാണ് ഉപരോധ ഭീഷണിയുമായി രംഗത്തെത്തിയത്.
പൗരത്വ നിയമഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റ് പ്രധാന നേതാക്കള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തണമെന്നും അമേരിക്കന്‍ കമ്മീഷന്‍ . ഇന്ന് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭപാസാക്കാന്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ നിലപാട് ആവര്‍ത്തിച്ചത്. പൗരത്വവ്യവസ്ഥകളില്‍ തീരുമാനമെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചു.

തെറ്റായ ദിശയില്‍ അപകടകരമായ വ്യതിയാനമാണ് ഈ ബില്‍ നല്‍കുന്നതെന്നാണ് രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ വിമര്‍ശനം. മതനിരപേക്ഷതയും ബഹുസ്വരതയും വഴി സമ്പന്നമായ ഇന്ത്യാ ചരിത്രത്തെയും മതവിശ്വാസത്തിന് അതീതമായി നിയമത്തിനുമുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന ഇന്ത്യന്‍ ഭരണഘടനയെയും ഇത് തകര്‍ക്കുമെന്ന് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയും ദേശീയപൗരത്വ രജിസ്റ്ററും കോടിക്കണക്കിനു മുസ്ലിങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാക്കും എന്നാണ് വാദം. ഇന്ത്യന്‍ പൗരത്വം മതപരമായ പരിശോധനയുടെ അടിസ്ഥാനത്തിലാക്കുകയാണ് സര്‍ക്കാര്‍. കോടിക്കണക്കിന് മുസ്ലിങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടും എന്നും വാര്‍ത്താകുറിപ്പില്‍ കമ്മീഷന്‍ ആശങ്കപ്രകടിപ്പിച്ചു.

അതേസമയം, യുഎസ് കമീഷന്റെ പ്രസ്താവന ശരിയല്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ പ്രതികരിച്ചു. ചില അയല്‍ രാജ്യങ്ങളിലെ പീഡനത്തെതുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കമ്മീഷന് പിന്നാലെ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യസമിതിയും വിമര്‍ശിച്ചു. മതപരമായ ബഹുസ്വരത ഇന്ത്യയും അമേരിക്കയും പങ്കിടുന്ന മൂല്യങ്ങളുടെ അടിസ്ഥാനമാണ്. രാജ്യസഭയില്‍ ബില്‍ പാസാകില്ലെന്ന് പ്രതീക്ഷിക്കുന്നയിരുന്നു സമിതി അധ്യക്ഷനും ഡെമോക്രാറ്റിക് പാര്‍ടി നേതാവുമായ ബ്രാഡ് ഷെര്‍മാന്റെ പ്രതികരണം.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952