1470-490

മതാടിസ്ഥാന പൗരത്വബില്‍ പാസാക്കി

അപകടകരമായ വാദങ്ങളോടെ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍  അര്‍ധരാത്രി 12 ഓടെയാണ് പാസായത്. ബില്ലിനെ അനുകൂലിച്ച് 311 പേരും എതിര്‍ത്ത് 80 പേരും വോട്ട് ചെയ്തു. ബില്ലിലെ മതപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ എ എം ആരിഫ് അടക്കമുള്ളവര്‍ നിര്‍ദേശിച്ച  ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കി. രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കാന്‍ വഴിയൊരുക്കുന്നതാണ് ബില്ലെന്നു പ്രതിപക്ഷം. അപകടകരമായ വാദങ്ങളോടെ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍  അര്‍ധരാത്രി 12 ഓടെയാണ് പാസായത്. ബില്ലിനെ അനുകൂലിച്ച് 311 പേരും എതിര്‍ത്ത് 80 പേരും വോട്ട് ചെയ്തു. ബില്ലിലെ മതപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ എ എം ആരിഫ് അടക്കമുള്ളവര്‍ നിര്‍ദേശിച്ച  ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.

ചര്‍ച്ചയ്ക്കിടെ അസദുദ്ദീന്‍ ഒവൈസി ബില്ലിന്റെ പകര്‍പ്പ് സഭയില്‍ വലിച്ചുകീറി. ഇസ്ലാം ഔദ്യോഗിക മതമായ മൂന്ന് അയല്‍രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ മതപീഡനം നേരിടുന്നുവെന്നും ഇതേതുടര്‍ന്ന് ആ രാജ്യങ്ങള്‍ വിട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് നിയമഭേദഗതിയെന്നും അമിത് ഷാ പറഞ്ഞു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. 2014 ഡിസംബര്‍ 31നുമുമ്പ് ഇന്ത്യയില്‍ എത്തി ആറുവര്‍ഷം ഇവിടെ കഴിഞ്ഞവര്‍ക്കാണ് പൗരത്വം. 11 വര്‍ഷമായി ഇന്ത്യയില്‍ കഴിയുന്ന മുസ്ലിങ്ങള്‍ അടക്കമുള്ളവര്‍ക്ക് പൗരത്വം ഉറപ്പാക്കുന്ന 1955ലെ നിയമമാണ് ഭേദഗതി ചെയ്യുന്നത്.
 വര്‍ഗീയധ്രുവീകരണവും വിലകുറഞ്ഞ രാഷ്ട്രീയനേട്ടവും ലക്ഷ്യമിട്ടാണ്  ഭരണഘടനാവിരുദ്ധമായ പൗരത്വനിയമ ഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.  എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ 14–ാം വകുപ്പിനും വിരുദ്ധമാണ് ബില്‍.

രാജ്യത്തെ ഭിന്നിപ്പിക്കുന്ന ബില്ലാണ് ആഭ്യന്തര മന്ത്രി അവതരിപ്പിച്ചതെന്ന് എ എം ആരിഫ് (സിപിഐ എം) പറഞ്ഞു. മതനിരപേക്ഷ റിപ്പബ്ലിക്കിനെ മതരാഷ്ട്രമാക്കി മാറ്റാനാണ് നീക്കം. ജര്‍മനിയില്‍ ഹിറ്റ്ലര്‍ ചെയ്തതിന് സമാനമാണിത്. ‘ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ശ്രീനാരായണഗുരുവിന്റെ ഉദ്ധരണി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സൂചിപ്പിച്ച രാഷ്ട്രപതി ഇന്ന് അതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരിഫ് പറഞ്ഞു.

അയല്‍രാജ്യങ്ങളില്‍ പീഡനം നേരിട്ടവര്‍ക്ക് സംരക്ഷണം നല്‍കുകയാണ് ലക്ഷ്യമെങ്കില്‍ ഇന്ത്യയില്‍ 30 വര്‍ഷത്തിലേറെയായി കഴിയുന്ന ഒന്നരലക്ഷം ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് എന്തുകൊണ്ട് പൗരത്വം നല്‍കുന്നില്ലെന്ന് ബില്ലിന്റെ ചര്‍ച്ചയില്‍ സു വെങ്കടേശന്‍ (സിപിഐ എം) ചോദിച്ചു.

ഇന്ത്യയുടെ പാരമ്പര്യത്തിനും മഹത്വത്തിനും എതിരാണ് ബില്ലെന്ന് ദയാനിധി മാരന്‍ (ഡിഎംകെ) പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കമാണിതെന്ന് അധീര്‍രഞ്ജന്‍ ചൗധരി (കോണ്‍ഗ്രസ്) പറഞ്ഞു. സുപ്രീംകോടതി ബില്‍ റദ്ദാക്കുമെന്ന് സുപ്രിയ സുലെ (എന്‍സിപി) പറഞ്ഞു. കോണ്‍ഗ്രസ്, സിപിഐ എം, സിപിഐ, ടിആര്‍എസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, എന്‍സിപി, മുസ്ലിംലീഗ്, എഎപി, എഐഎംഐഎം തുടങ്ങിയ പാര്‍ടികള്‍ ബില്ലിനെ എതിര്‍ത്തു. ശിവസേന ബില്ലിനെ അനുകൂലിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയില്ല.


Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768