1470-490

തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇടതില്‍ തമ്മിലടി

പാടം നികത്തല്‍ വിഷയങ്ങള്‍ മേയര്‍ മാറ്റിവെച്ചത് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിയ ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറും, സി.പി.ഐ ജില്ലാസെക്രട്ടറി കെ.കെ.വത്സരാജും നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. എന്നാല്‍ നേതാക്കള്‍ തെറ്റിദ്ധരിച്ചതാണെന്നും ഫയല്‍ വീണ്ടും കൗണ്‍സിലിന്റെ പരിഗണനക്കുവെക്കുമെന്നുമുള്ള മേയറുടെ പത്രസമ്മേളനത്തിലുണ്ടായ മന്ത്രിയേയും, സി.പി.ഐ ജില്ലാ സെക്രട്ടറിയേയും തള്ളി പറയുന്ന പ്രസ്താവനയും സി.പി.ഐ നേതൃത്വത്തേയും ഞെട്ടിച്ചിരിക്കുകയാണ്. 

തൃശൂര്‍: കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഇടതുമുന്നണിയില്‍ തമ്മിലടി രൂക്ഷമായി. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയതായി മേയര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ച അജണ്ടകള്‍ വീണ്ടും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫിലെ നാലംഗങ്ങള്‍ മേയര്‍ക്ക് കത്ത്  നല്‍കി.
സി.പി.എം കൗണ്‍സിലര്‍മാരായ പി.കൃഷ്ണന്‍കുട്ടിമാസ്റ്റര്‍, പി.എന്‍.പ്രേമകുമാരന്‍, ജനതാദള്‍(എസ്)അംഗവും വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ ഷീബ ബാബു, ടാക്‌സ് ആന്റ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സ്വതന്ത്രാംഗം പി.സുകുമാരന്‍ എന്നിവരാണ് വിയോജനകുറിപ്പ് നല്‍കിയത്.
ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ്സിലെ 22 അംഗങ്ങളും ബി.ജെ.പിയിലെ ആറംഗങ്ങളും ഇന്നലെതന്നെ മേയര്‍ക്ക് കത്ത് നല്‍കിയിരുന്നു. 55 അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്. പാടം നികത്തി ബസ് സ്റ്റാന്റ് ഉള്‍പ്പടെ സ്വകാര്യ ഭൂമി വികനത്തിനെതിരെ പ്രതിപക്ഷ പ്രതിരോധത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട മേയര്‍ പത്രസമ്മേളനത്തിലായിരുന്നു ഹൈമാസ്റ്റ് സ്ഥാപിക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ വിവാദ വിഷയങ്ങളുള്ള അജണ്ടയിലെ പാടം നികത്തല്‍ അപേക്ഷ ഒഴികെ 45 വിഷയങ്ങളും പാസായതായി പ്രഖ്യാപിച്ചത്.
പാടം നികത്തല്‍ വിഷയങ്ങള്‍ മേയര്‍ മാറ്റിവെച്ചത് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിയ ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറും, സി.പി.ഐ ജില്ലാസെക്രട്ടറി കെ.കെ.വത്സരാജും നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. എന്നാല്‍ നേതാക്കള്‍ തെറ്റിദ്ധരിച്ചതാണെന്നും ഫയല്‍ വീണ്ടും കൗണ്‍സിലിന്റെ പരിഗണനക്കുവെക്കുമെന്നുമുള്ള മേയറുടെ പത്രസമ്മേളനത്തിലുണ്ടായ മന്ത്രിയേയും, സി.പി.ഐ ജില്ലാ സെക്രട്ടറിയേയും തള്ളി പറയുന്ന പ്രസ്താവനയും സി.പി.ഐ നേതൃത്വത്തേയും ഞെട്ടിച്ചിരിക്കുകയാണ്. തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കുമെന്ന എല്‍.ഡി.എഫ് നിലപാടിന് വിരുദ്ധമായുള്ള കോര്‍പ്പറേഷന്‍ ഭരണനേതൃത്വത്തിന്റെ നിലപാടും അതിനെതിരായി നഗരത്തില്‍ ഉയര്‍ന്ന ജനകീയ പ്രതിരോധവും സി.പി.എമ്മിനേയും പ്രതികൂട്ടിലായിരിക്കയാണ്.
സി.പി.എമ്മിനകത്തുള്‍പ്പടെ എല്‍.ഡി.എഫില്‍ പുകയുന്ന ഭിന്നാഭിപ്രായങ്ങളുടെ തുടര്‍ച്ചയാണ് എല്‍.ഡി.എഫിലെ നാലംഗങ്ങളുടെ വിയോജനകുറിപ്പ്. കൗണ്‍സിലിനേയും കമ്മിറ്റികളേയും നോക്കുകുത്തിയാക്കിയുള്ള ഭരണനേതൃത്വത്തിന്റെ ജനാധിപത്യ ധ്വംസന സര്‍വ്വാധിപത്യഭരണത്തില്‍ പ്രതിഷേധിച്ച പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ സി.പി.എം സീനിയര്‍ കൗണ്‍സിലര്‍ അഡ്വ.എം.പി.ശ്രീനിവാസന്‍ വര്‍ഷങ്ങളായി കൗണ്‍സില്‍ ബഹിഷ്‌കരണ സമരത്തിലാണ്. ഭരണംനിയന്ത്രിക്കുന്ന മൂന്നംഗ  സി.പി.എം കോര്‍ കമ്മിറ്റിയംഗം കൂടിയാണ് ഏരിയ കമ്മിറ്റി അംഗം കൂട്ടിയ പി.കൃഷ്ണന്‍കട്ടി മാസ്റ്റര്‍. കഴിഞ്ഞ ചില കൗണ്‍സിലുകളിലും കൃഷ്ണന്‍കുട്ടിമാസ്റ്ററും, പ്രേമകുമാരനും  പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഷീബ ബാബുവും, പി.സുകുമാരനും, സി.പി.ഐയിലെ ബീന മുരളിയും ഭരണനേതൃത്വത്തിനെതിരായ  നിലപാടുകള്‍ പരസ്യമായി എടുത്തിട്ടുള്ളതാണ്. സി.പി.എമ്മിലും എല്‍.ഡി.എഫിലും കടുത്ത ഭിന്നതയുണ്ടായിട്ടും പ്രശ്‌നം പരിഹാരത്തിന് ശ്രമമുണ്ടാകാതെ സി.പി.എം നേതൃത്വം ഭരണനേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ധമായി പിന്താങ്ങുന്നുവെന്ന വിമര്‍ശനവും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരിലുണ്ട്.
ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ പാടം നികത്തല്‍ വിഷയങ്ങള്‍ മാറ്റിവെച്ചതായുള്ള മേയറുടെ ചട്ടവിരുദ്ധ പ്രഖ്യാപനത്തിനെതിരെ ഇതിന് മുമ്പുണ്ടാകാത്തവിധം ബി.ജെ.പി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ അതിരൂക്ഷമായ രോഷപ്രകടനമാണുണ്ടായത്. ചട്ടമനുസരിച്ച് അജണ്ടയില്‍ വന്ന വിഷയം മാറ്റിവെക്കാനും ഭൂരിപക്ഷ തീരുമാനം വേണം. അതില്ലാതെ മാറ്റിവെക്കാന്‍ ചട്ടങ്ങള്‍ മേയര്‍ക്ക് അധികാരം നല്‍കുന്നില്ല. മാറ്റിവെക്കുകയല്ല വിഷയം തള്ളിക്കളയണമെന്ന പ്രതിപക്ഷ ആവശ്യത്തോടൊപ്പം എല്‍.ഡി.എഫിലെ ഷീബ ബാബുവും പി.സുകുമാരനും പരസ്യ നിരപാട് പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷ പ്രതിഷേധം ആളികത്തി. അഴിമതി മേയര്‍ രാജിവെക്കുക, ഭൂമാഫിയയുടെ മേയര്‍ രാജിവെക്കുക തുടങ്ങി മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് ബി.ജെ.പി അംഗങ്ങള്‍ മേയറെ വളഞ്ഞ് വെച്ച് പ്രതിഷേധിച്ചു. യോഗം പിരിച്ച് വിട്ടതായി പ്രഖ്യാപിച്ച മേയര്‍ അജിത വിജയന്‍ സംഘര്‍ഷാന്തരീക്ഷത്തിലാണ് പുറത്തുപോയത്. ചേംബറില്‍ കയറുന്നതുവരെ മുദ്രാവാക്യം വിളിയും തുടര്‍ന്നു.
പാടം നികത്തി വികസനത്തിനെതിരെ, 35 റസിഡന്‍ഷ്യല്‍ അസോസിയേഷനുകളിലെ 3500 കുടുംബങ്ങളുടെ കൂട്ടായ്മയായ ആക്ഷന്‍ കൗണ്‍സിലിന്റെ നിലപാടിന്റെ വിജയമായിരുന്നു മന്ത്രി സുനില്‍കുമാറിന്റേയും സി.പി.ഐ ജില്ലാ സെക്രട്ടറി വത്സരാജിന്റേയും ഇടപെടല്‍. കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ പുറത്തു വന്‍ പ്രതിഷേധമായിരുന്നു അവര്‍ ആസൂത്രണം ചെയ്തിരുന്നത്. നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് മേയര്‍ അജിത വിജയന്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ വിളിച്ച്, പാടം നികത്തലിനെതിരാണ്  തങ്ങള്‍ എന്നും തുടര്‍ നടപടിയുണ്ടാകില്ലെന്നും സമരം മാറ്റിവെക്കണമെന്നും ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ സമരം മാറ്റിവെച്ചതായിരുന്നു.
എന്നാല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം വിഷയം വീണ്ടും കൗണ്‍സിലില്‍ വെക്കുമെന്നും തീരുമാനമെടുക്കുമെന്നുമുള്ള മേയറുടെ പ്രഖ്യാപനം വഞ്ചനയായാണ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളും വിലയിരുത്തുന്നത്. പാടം നികത്തല്‍ നടപടിയുമായി മുന്നോട്ട് പോയാല്‍ ജനകീയ പ്രതിഷേധം ശക്തമാക്കി തന്നെ മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248