1470-490

പാവം പാമ്പുകളെ കുറിച്ച് നിങ്ങൾക്കെന്തറിയാം!

അമാനുഷിക ശക്തികളും മറ്റും ആരോപിക്കപ്പെട്ട , മനുഷ്യമസ്തിഷ്കത്തിന്റെ  സഹജഭാവമായ ഭയം എന്ന വികാരത്തെ ഇത്രയധികം സ്വാധീനിച്ച ഒരാൾ ഭൂമുഖത്ത് വേറെ ഇല്ല 

സയൻസ്‌ ഡെസ്ക്ക്: ശൈ ശവബാല്യകൗമാരങ്ങൾ  നിഷേധിക്കപ്പെട്ട  , ജനനം തൊട്ടേ  പ്രായപൂർത്തി കൈവരിച്ച , ബധിരനായ  ഒരു വികലാംഗൻ . കാഴ്ചശക്തി നന്നേ കുറവ് . ശുഷ്ക്കമായ തലച്ചോർ കാരണം  സ്വന്തം കുഞ്ഞുങ്ങളെ പോലും തിരിച്ചറിയാൻ കഴിവില്ലാത്ത  ഒരാൾ .എന്തുകൊണ്ടോ  അയാളെ എല്ലാവരും ഭയന്നു. ആൾക്കൂട്ട കൊലപാതകങ്ങൾക്ക്  അയാൾ എപ്പോഴും ഇരയായി  . കൈകാലുകൾ ഇല്ലാത്ത  ഒരു  ഇഴജന്തു .പക്ഷേ  അമാനുഷിക ശക്തികളും മറ്റും ആരോപിക്കപ്പെട്ട , മനുഷ്യമസ്തിഷ്കത്തിന്റെ  സഹജഭാവമായ ഭയം എന്ന വികാരത്തെ ഇത്രയധികം സ്വാധീനിച്ച ഒരാൾ ഭൂമുഖത്ത് വേറെ ഇല്ല .  
( 2 )  അയാളുടെ  ഗാഢത കൂടിയ ഉമിനീരിനെ മനുഷ്യൻ വിഷം എന്ന് വിളിക്കുന്നു . ആ വിളി  അത്ര ശരിയല്ല . മനുഷ്യന്റെ  ദഹന വ്യവസ്ഥയ്ക്ക്  വെളിയിലൂടെ , ന്നു വച്ചാ  വായ്ക്ക് വെളിയിലൂടെ , ആ ഉമിനീർ  അകത്തുപോകുമ്പോൾ , മനുഷ്യ ശരീരത്തിന്  ഹാനികരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു എങ്കിൽ  അത് വിഷമുള്ള പാമ്പ് , കുഴപ്പമൊന്നും ഇല്ല എങ്കിൽ വിഷമില്ലാത്ത പാമ്പ് ..ഒരു വസ്തു വിഷയമാകുന്നത് അതിന്റെ അളവിലാണ്  എന്ന കാര്യം മറക്കരുത് .       സയനൈഡ് ലേശംസേവിച്ചിട്ട്  ജോളിയായി  ഇരിക്കുന്ന ആൾക്കാരുണ്ട് .
( 3 ) ആറുമാസത്തിലേറെ  മഴ കിട്ടുന്ന  പശ്ചിമഘട്ടത്തിൽ  തവള ,പല്ലി,ഓന്ത്  തുടങ്ങിയ  ഇരകൾ പെറ്റുപെരുകുന്നതിനാൽ , പാമ്പുകൾ ഏറെ കണ്ടുവരുന്നു . എന്നാൽ  കേരളത്തിൽ ഏൽക്കുന്ന കടികളിൽ ഏതാണ്ട്  80 % വും  വിഷമില്ലാത്ത  കടികളാണ് . ബാക്കി  20 % ൽ പലതിലും  കടിയേൽക്കുമ്പോൾ  ആവശ്യത്തിന് വിഷം അകത്തു ചെല്ലാറുമില്ല . വിഷഹാരികളും നാട്ടുവൈദ്യന്മാരും അരങ്ങു തകർക്കുന്നതിന്റെ കാരണമതാണ് .
( 4 ) നാലുപേരാണ്  ഇൻഡ്യാ മഹാരാജ്യത്തെ പ്രശ്നകാരികൾ — പ്രഥമ സ്ഥാനം  ശംഖുവരയനാണ് .ഒരേസമയം  രക്ത — നാഡീ  വ്യവസ്ഥകളെ ബാധിക്കുന്ന  വിഷം  കൈമുതലായുള്ള  നാഗത്താൻ. മൂർഖനാകട്ടെ നാഡീ വ്യവസ്ഥയെ മാത്രം ഉന്നം വയ്ക്കുന്നു . അണലികൾ [ റസ്സൽസ് അണലി   &  ഈർച്ചവാൾ ശൽക്ക അണലി ] രക്തം കട്ട പിടിക്കുന്ന പ്രക്രിയയെ തകിടം മറിച്ച്  ആന്തരിക രക്തസ്രാവം ഉണ്ടാക്കുന്നു . ഒരു അഞ്ചാമൻ കൂടിയുണ്ട് — രാജവെമ്പാല . ഒറ്റക്കടിയിൽ ഏൽപ്പിക്കുന്ന വിഷത്തിന്റെ അളവ്  അതിനെ  വേറിട്ടതാക്കുന്നു . ആനയെ വരെ കൊല്ലാൻ ശേഷിയുള്ളത് , എന്നാൽ അങ്ങനെ  മനുഷ്യനെ കടിക്കാത്ത  നാണംകുണുങ്ങിയായ ഒരാൾ .വളരെയേറെ പ്രകോപിപ്പിക്കപ്പെട്ടാൽ  മാത്രം പിന്തുടർന്ന്  കടിക്കും  .  
( 5 ) പാമ്പിൻ വിഷം അകത്തുപോയാലുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലായ്‌മ ചെയ്യാൻ പ്രഥമമായി വേണ്ടത്  ആന്റി  സ്നേക്ക് വെനം എന്ന പ്രതി വിഷമാണ് . മേൽപ്പറഞ്ഞ നാൽവർ സംഘത്തിന്റെ വിഷത്തിന്റെ   മറുമരുന്ന് ഉണ്ടാക്കാൻ  ശരീരഭാരത്തിന്റെ  25 % കായികശക്തി കൈമുതലായുള്ള , ഏറ്റവുമധികം  സിറം  ലഭിക്കുന്ന  കുതിര  എന്ന മൃഗത്തെ തെരഞ്ഞെടുക്കുന്നു . വിഷത്തിന്റെ വീര്യം കുറച്ച് ,  പത്ത് ദിവസത്തിൽ ഒരു ഡോസ് എന്ന നിലയിൽ  ഏതാണ്ട്  15 മാസം സംസ്‌കരിച്ച പാമ്പിൻ വിഷം കുത്തിവയ്ക്കുന്നു. കുതിരയുടെ ശരീരം പാമ്പിൻ വിഷത്തിൽ  അടങ്ങിയിരിക്കുന്ന  മാംസ്യ തന്മാത്രകൾക്കെതിരെ മറു മാംസ്യ തന്മാത്രകൾ / പ്രതിദ്രവ്യം   [ ആന്റി ബോഡി ] സൃഷ്ടിക്കുന്നു . കുതിരയുടെ  രക്തത്തിൽ  പ്രതിദ്രവ്യത്തിന്റെ അളവ് പരമാവധി നിലയിൽ  എത്തിയാൽ , സിറം വേർതിരിച്ച് എടുക്കും .
 ( 6 )  പ്രതിവിഷം  നിർമ്മിക്കുന്ന കാര്യത്തിൽ  ഭാരതം സ്വയം പര്യാപ്തമാണ് . താലൂക്ക്  ആശുപത്രി തലം വരെ  അത് ലഭ്യമാണ് , സൗജന്യവുമാണ് . എന്നിട്ടും ലോകത്ത് പാമ്പ് കടിയേറ്റ്  ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്ന രാജ്യം എന്ന അപഖ്യാതി നമുക്ക് സ്വന്തം . 
( 7 ) പാമ്പ് കടിയേറ്റ  രോഗി വന്നാൽ , പൊതിഞ്ഞു കെട്ടി  മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാൻ എല്ലാർക്കും വലിയ ഉത്സാഹമാണ് .നാലോ അഞ്ചോ  വയൽ  [ vial ] ആന്റി സ്നേക്ക് വെനം ഒരു ഡ്രിപ്പിലാക്കി  കുത്തിവച്ചിട്ട് വിട്ടാൽ അപകട സാധ്യത അത്രയും കുറഞ്ഞിരിക്കും . എത്ര പേർ അത് ചെയ്യാറുണ്ട് ? പാമ്പ് കടിച്ചു എന്ന് പറഞ്ഞിട്ടും അത് ഗൗനിക്കാതിരുന്ന  അധ്യാ ” പഹ ” യരെ എന്തരു പറയാൻ ? ഉത്സവത്തിനും പള്ളിപ്പെരുന്നാളിനും  കാശ് വാരിക്കോരി കൊടുക്കുന്ന  ജനം ,ഭാവിപൗരന്മാരെ വാർത്തെടുക്കുന്ന സ്‌കൂളിൽ എന്തെങ്കിലും മരാമത്ത് പണിയ്ക്ക് സ്വമേധയാ അഞ്ചുപൈസ കൊടുക്കില്ല . നശീകരണ പ്രവൃത്തികളിലേക്ക്  ചെറുപ്പക്കാരെ നയിക്കുന്ന  യുവജന പ്രസ്ഥാനങ്ങളുടെ കണ്ണിൽ , പാമ്പുകൾ ഒളിച്ചിരുന്ന സ്‌കൂളിലെ വരാന്തകളും ക്ലാസ്സ് മുറികളും  എന്തേ പെട്ടില്ല ?  എന്തെങ്കിലും  പ്രശനമുണ്ടാകുമ്പോൾ  സമൂഹ മാധ്യമങ്ങളിൽ പൊട്ടിത്തെറിക്കാൻ മാത്രമേ മലയാളി ശീലിച്ചിട്ടുള്ളൂ . രോഗം വളരെ വലുതാണ് , വലിയ ചികിത്സ തന്നെ വേണ്ടിവരുന്ന  ഗുരുതരമായ രോഗം .

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373