1470-490

കേരളത്തില്‍ ഇനിയും കനത്ത മഴ

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ രണ്ടോ മൂന്നോ ദിവസം കനത്ത മഴ പ്രതീക്ഷിക്കാം.  

കൊച്ചി: കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്കു സാധ്യത. ഡിസംബര്‍ മാസത്തില്‍ ഉണ്ടായേക്കാവുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ രണ്ടോ മൂന്നോ ദിവസം കനത്ത മഴ പ്രതീക്ഷിക്കാം.  

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 30വരെ പെയ്യുന്ന മഴ തുലാവര്‍ഷത്തിലാണ് കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടുത്തുകയെങ്കിലും ഡിസംബറില്‍ മഴ അപൂര്‍വമാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നവംബര്‍ മധ്യത്തോടെ വൃശ്ചികക്കാറ്റ് തുടങ്ങിയെങ്കിലും കാലാവസ്ഥാ വ്യതിയാനംമൂലം  ശക്തി കുറഞ്ഞു.
തുലാവര്‍ഷത്തില്‍ രണ്ടുമാസത്തിനകം കിട്ടിയത് സമീപകാലത്തെ റെക്കോഡ് മഴ. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30വരെ ശരാശരിയേക്കാള്‍ 75 ശതമാനം മഴ കൂടുതല്‍ ലഭിച്ചു. തുലാമഴ ഡിസംബറിലേക്കും നീളുന്ന കാലാവസ്ഥാ ഘടകങ്ങളാണ് രൂപപ്പെടുന്നത്. കാലവര്‍ഷം തുടങ്ങിയതുമുതല്‍ ഏഴാംമാസവും മഴകിട്ടുന്ന അത്യപൂര്‍വ കാലാവസ്ഥയാണ് ഇക്കുറിയെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

തുലാവര്‍ഷത്തില്‍ ശരാശരി 457 മില്ലീമീറ്റര്‍ മഴയാണ് കിട്ടേണ്ടതെങ്കിലും ഇതിനകം  800 മില്ലീമീറ്റര്‍ കിട്ടി. 480 മില്ലീമീറ്റര്‍ മഴ കിട്ടിയ ഇടുക്കിയില്‍ ശരാശരിയേക്കാള്‍ ഒമ്പതു ശതമാനവും 481 മില്ലീമീറ്റര്‍  കിട്ടിയ തിരുവനന്തപുരത്ത്  രണ്ടു ശതമാനവും മഴ കുറവാണ്. ഒക്ടോബര്‍, നവംബറില്‍ മറ്റു ജില്ലകളില്‍ ലഭിച്ച മഴ മില്ലീമീറ്ററില്‍, ബ്രാക്കറ്റില്‍ കൂടിയ ശതമാനം. ആലപ്പുഴ 651 (21), കണ്ണൂര്‍  877 (149), എറണാകുളം  1168 (144), കാസര്‍കോട്  1532 (370), കൊല്ലം  586 (01), കോട്ടയം  742 (50), കോഴിക്കോട്  912 (116), മലപ്പുറം  927 (102), പാലക്കാട് 682 (79), പത്തനംതിട്ട 713 (29), തൃശൂര്‍  935 (94), വയനാട് 748 (141).

സമീപകാലത്ത് തുലാമഴ ശക്തമായത് 2012ലാണ്, 68 ശതമാനം കൂടുതല്‍. 2010ല്‍ 62 ശതമാനവും 2006ല്‍ 50 ശതമാനവും കൂടുതല്‍ കിട്ടി.   ഇക്കുറി ഇത് 75 ശതമാനവും കടക്കും. ഒക്ടോബറിലെ  മഹ, ക്യാന്‍ ചുഴലികളാണ് തുലാമഴ ശക്തിപ്പെടുത്തിയത്. അറബിക്കടലില്‍ ഇനിയും ന്യൂനമര്‍ദങ്ങളും ചുഴലിയുമുണ്ടാകാനുള്ള സാധ്യത തള്ളാനാവില്ലെന്ന് കാലാവസ്ഥ ഗവേഷകന്‍ ഡോ. സി എസ് ഗോപകുമാര്‍  പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385