1470-490

സംസ്ഥാന കലോത്സവം തുടങ്ങി, ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

ഇന്നു മുതല്‍ കലാമാമാങ്കം തുടങ്ങും. 60ാം മേളയാണ് കാസര്‍ഗോഡ് നടക്കുന്നത്. നാല് ദിവസങ്ങളിലായി 28 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ ഒമ്പത് മണിക്ക് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.

കാസര്‍ഗോഡ്: ബേക്കല്‍ കോട്ടയുടെ നാട്ടില്‍ കേരളത്തിന്റെ കലാകൗമാരങ്ങള്‍ മാറ്റുരയ്ക്കാനെത്തി. ഇന്നു മുതല്‍ കലാമാമാങ്കം തുടങ്ങും. 60ാം മേളയാണ് കാസര്‍ഗോഡ് നടക്കുന്നത്. നാല് ദിവസങ്ങളിലായി 28 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ ഒമ്പത് മണിക്ക് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. എട്ട് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ ജീവന്‍ബാബു പതാത ഉയര്‍ത്തി. ആദ്യദിനം 2700 വിദ്യാര്‍ത്ഥികളാണ് വേദിയിലെത്തുക.

കലാപ്രതിഭകളെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് ഒരുങ്ങിക്കഴിഞ്ഞു. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുള്ള ഐങ്ങോത്ത് മൈതാനിയിലെ പ്രധാന വേദിയില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തിരി തെളിയിക്കുന്നതോടെ കലാമാമാങ്കത്തിന് തുടക്കമാകും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. 60 അധ്യാപകര്‍ സ്വാഗത ഗാനമാലപിക്കും.

239 മത്സര ഇനങ്ങളിലായി 13000 കലാപ്രതിഭകള്‍ കാഞ്ഞങ്ങാട്ടെ കലാമാമാങ്കത്തില്‍ മാറ്റുരക്കും. കോല്‍ക്കളി, മോഹിനിയാട്ടം, സംഘനൃത്തം, കുച്ചുപ്പുടി, ചവിട്ടുനാടകം തുടങ്ങിയവയാണ് ആദ്യ ദിവസത്തെ പ്രധാന മത്സരയിനങ്ങള്‍.

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കലോത്സവം നാല് ദിവസമായതിനാല്‍ സമയബന്ധിതമായി മത്സരങ്ങള്‍ വേദിയിലെത്തിക്കുക എന്നതാണ് സംഘാടകരുടെ മുന്നിലെ പ്രധാന വെല്ലുവിളി. അതേസമയം പരിമിതികള്‍ മറികടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍ഗോഡ് ജില്ലയിലെത്തിയ സംസ്ഥാന കലോത്സവം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഊട്ടുപുരയും തയാറാണ്. ദിവസേന 3000 പേര്‍ക്ക് കഴിക്കാന്‍ ആകുന്ന വിധത്തില്‍ 25000 പേര്‍ക്കുള്ള അളവില്‍ ഭക്ഷണം തയാറാക്കുന്നുണ്ട് 60 അംഗസംഘം.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653