1470-490

പാമ്പ് കടിയേറ്റാൽ – ശാസ്ത്രീയമായി ചില കാര്യങ്ങൾ

പാമ്പു കടിയേറ്റ ആള്‍ക്ക് പ്രതിവിഷം അഥവാ ആന്റിവെനം/ആന്റിവെനിന്‍ (anti venom or antivenin) നല്‍കണം. വേറെ ചികിത്സാരീതികള്‍ തേടുന്നത് ശാസ്ത്രീയമല്ല

(1) പാമ്പുകടിയേല്‍ക്കാത്ത ഒരാള്‍ക്ക് ആന്റിവെനം നല്‍കിയാല്‍ എന്തു സംഭവിക്കും? അന്യവസ്തുക്കള്‍/തന്മാത്രകള്‍ നിശ്ചിത അളവില്‍ കൂടുതല്‍ മനുഷ്യ ശരീരവ്യൂഹങ്ങളില്‍ എത്തിയാല്‍ ശാരീരകപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. അത്തരം തന്മാത്രകളെ പൊതുവെ പാമ്പിന്‍വിഷം(venom) എന്നു വിളിക്കുന്നു. പാമ്പു കടിയേറ്റ ആള്‍ക്ക് പ്രതിവിഷം അഥവാ ആന്റിവെനം/ആന്റിവെനിന്‍ (anti venom or antivenin) നല്‍കണം. വേറെ ചികിത്സാരീതികള്‍ തേടുന്നത് ശാസ്ത്രീയമല്ല.
(2) ആന്റിവെനം വിഷമല്ല. മറിച്ച് വിഷതന്മാത്രകളുടെ പ്രവര്‍ത്തനം തടസ്സപെടുത്താനായി ശരീരം ഉദ്പാദിപ്പിക്കുന്ന പ്രതിതന്മാത്രകളാണ്. വിഷം ചെയ്യുന്ന ജോലിയല്ല അവ ശരീരത്തില്‍ ചെയ്യുന്നതെന്ന് സാരം. വിഷതന്മാത്രകളുടെ പ്രവര്‍ത്തനം തടസ്സപെടുത്തുന്ന പ്രതിവിഷ തന്മാത്രകള്‍ (ആന്റിവെനം) ശരീരം സ്വയം ഉദ്പാദിപ്പിച്ചുകൊള്ളും. അതിന് കുറെ സമയം വേണം. വലിയതോതിലുള്ള വിഷം ഉള്ളില്‍ ചെന്നാല്‍ അതിനിടയില്‍ ശരീരത്തിന് കാര്യമായ നാശം വിതയ്ക്കാന്‍ വിഷതന്മാത്രകള്‍ക്ക് സാധിക്കും; ചിലപ്പോള്‍ മരണവും. അപ്പോള്‍ കടിയേറ്റ ആളെ സംബന്ധിച്ചിടത്തോളം സമയം ആണ് നിര്‍ണ്ണായകം. അതുകൊണ്ടാണ് കൃത്രിമമായി ഉണ്ടാക്കി സൂക്ഷിക്കുന്ന ആന്റിവെനം തന്മാത്രകള്‍ പുറത്തുനിന്നും കുത്തിവെക്കുന്നത്. വെനത്തിനെതിരെ പൊരുതുന്ന ശരീരത്തിന് ഒരു കൈത്താങ്ങ്! വിഷതന്മാത്രകള്‍ക്കെതിരെ പെട്ടെന്ന് പ്രവര്‍ത്തിച്ച് കടിയേറ്റയാളിനെ രക്ഷിക്കാന്‍ ഈ കുത്തിവെപ്പ് സഹായിക്കുന്നു. ആന്റിവെനം കുത്തിവെപ്പ് കൂടുതല്‍ നാശം തടയും എന്നല്ലാതെ ഉള്ളില്‍ചെന്ന വെനംമൂലം അതിനകം സംഭവിച്ച കെടുതികളില്‍ നിന്നും തിരിച്ചുവരവിന് സാധ്യതയില്ല. സാധാരണഗതിയില്‍ ആന്റിവെനം വെറുതെയങ്ങ്‌ കുത്തിവെക്കില്ല. ബാഹ്യലക്ഷണങ്ങളും മറ്റ് നിരീക്ഷിച്ച്‌ കാര്യമായ വിഷബാധ ഉണ്ടെന്ന് ഉറപ്പിച്ച ശേഷമാണ് ആന്റിവെനം ചികിത്സ തുടങ്ങുക. ചിലപ്പോള്‍ വിഷബാധ സംബന്ധിച്ച് സംശയം നിലനില്‍ക്കുന്ന സാഹചര്യങ്ങളിലും ആന്റിവെനം കുത്തിവെക്കാന്‍ ചികിത്സകര്‍ നിര്‍ബന്ധിതരാകും.
(3) വെനം(വിഷം) മിക്കപ്പോഴും ഒന്നിലധികം പ്രോട്ടീനുകള്‍ ചേര്‍ന്ന ഒരു വലിയ തന്മാത്രയായിരിക്കും. ഇവയുടെ പ്രവര്‍ത്തനഫലം പല രീതിയിലാണ്. ഒരിനത്തില്‍ പെട്ടവ (eg-crotalid neurotoxins) നാഡീവ്യൂഹം, പേശികളുടെ പ്രവര്‍ത്തനം എന്നിവ തകരാറിലാക്കുന്നുവെങ്കില്‍ മറ്റൊന്ന് (eg- Chlorotoxin) ശരീരകോശങ്ങളിലെ ക്ലോറൈഡ് ചാനലുകളെ (https://en.wikipedia.org/wiki/Chloride_channel) തടസ്സപെടുത്തുന്നു. ഇതുമൂലം ജീവല്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപെട്ട് കടിയേറ്റയാള്‍ കഷ്ടപെടുകയോ മരിക്കുകയോ ചെയ്യും. ആന്റിവെനം തന്മാത്രകള്‍ വിഷതന്മാത്രകളെ നിര്‍വീര്യമാക്കുന്നതിലൂടെയാണ് കടിയേറ്റയാളെ രക്ഷിക്കുന്നതെന്ന് സൂചിപ്പിച്ചല്ലോ. ചിത്രം(1) കാണുക. ഇവിടെ ക്ലോറോടോക്‌സിന്‍ വിഷതന്മാത്ര കോശത്തിനുള്ളിലേക്ക് ഒഴുകിയെത്തി ക്ലോറൈഡ് ചാനലുകള്‍ തടസ്സപ്പെടുത്തുകയാണ്. വെക്കോല്‍ ലോറിക്ക് ഇടുങ്ങിയ ഇടവഴിയിലൂടെ കയറിപോകാനാവാത്ത അവസ്ഥ! ഈ വിഷതന്മാത്രയെ കോശത്തിന് പുറത്ത് വെച്ച് തടസ്സപെടുത്തുകയാണ് ആന്റിവെനം തന്മാത്രകള്‍ ചെയ്യുന്നത്. ഇനി, വിഷബാധയേല്‍ക്കാത്ത ആള്‍ക്കാണ് ആന്റിവെനം നല്‍കുന്നതെങ്കിലോ? വിഷതന്മാത്രകള്‍ ചെയ്യുന്നതുപോലെ കോശത്തിനുള്ളിലെ ക്ലോറൈഡ് ചാനലുകള്‍ തടസ്സപെടുത്താന്‍ ആന്റിവെനം തന്മാത്രകള്‍ക്കാവില്ല.
(4) വിഷബാധയേല്‍ക്കാത്ത ഒരാളുടെ ശരീരത്തിലേക്ക് ആന്റിവെനം കടന്നുചെന്നാല്‍ പ്രസ്തുത ആന്റിവെനം തന്മാത്രകളെ പുറന്തള്ളാനാവും ശരീരം ശ്രമിക്കുക. വെനത്തെ എന്നപോലെ തന്നെയാവും ആന്റിവെനത്തെയും ശരീരം നേരിടുക. ആന്റിവെനം തന്മാത്രകള്‍ കുറെക്കഴിയുമ്പോള്‍(അഞ്ചുമുതല്‍ 21 ദിവസം വരെ) വിഘടിക്കപെടുകയും മൂത്രത്തിലൂടെയും മറ്റും ശരീരത്തിന് പുറത്തേക്ക് പോകുകയും ചെയ്യും. വെനം ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ആന്റിവെനം കുത്തിവെക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ക്കെതിരെ കരുതല്‍വേണം. ശരീരത്തെ നേരിട്ട് ആക്രമിക്കുകയില്ലെങ്കിലും വെറുതെ കുത്തിവെക്കുന്ന ആന്റിവെനം പലതരം അലര്‍ജി പ്രതികരണങ്ങള്‍ക്ക് കാരണമാകും. അത്തരം പ്രശ്‌നങ്ങള്‍ ആന്റിഹിസ്റ്റാമിന്‍ ചികിത്സയിലൂടെയും മറ്റും (antihistamines) വിഷചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍വെച്ച്(ഉദാ-ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളുളള) പരിഹരിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആന്റിവെനം തെറ്റായി കുത്തിവെച്ചാലും കാര്യമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയില്ല. അങ്ങേയറ്റം സംഭവിക്കാന്‍സാധ്യതയുള്ളത് അനാഫിലാക്‌സിസ്‌ (anaphylaxis) അലര്‍ജിയാണ്. അപൂര്‍വമെങ്കിലും മരണകാരണമായി തീരാവുന്ന ഒരു പ്രതികരണമാണിത്. epinephrine and antihistaminse എന്നിവയുടെ സഹായത്തോടെ ഈ പ്രശ്‌നവും ചികിത്സിച്ച് ഭേദമാക്കാം. ചിലര്‍ക്ക് ആന്റിവെനം കുത്തിവെപ്പ് മൂലം തൊലിപ്പുറത്ത് അലര്‍ജിയുണ്ടാകാം; ചില കേസുകളില്‍ ശ്വാസതടസ്സവും. ശരീരം ആന്റിവെനം പുറത്തുകളയുന്ന ആദ്യ രണ്ടാഴ്ച കാലത്ത് സന്ധിവേദന, പേശിവേദന, പനി എന്നിവയ്ക്കും സാധ്യതയുണ്ട്. സിറം സിക്നെസ്സ് (serum sickness) എന്നറിയപ്പെടുന്ന ഈ പ്രയാസം ചികിത്സകളൊന്നുമില്ലാതെ ക്രമേണ ഭേദമാകുന്നവയാണ്.
(5) ആന്റിവെനം കുത്തിവെച്ച വ്യക്തിക്ക്‌ സഹിക്കാനാവാത്ത സംജാതമായാല്‍ സ്റ്റിറോയിഡ് ചികിത്സ തേടാം, പെട്ടെന്ന് ശമനം ലഭിക്കും. പുറത്തുനിന്നുള്ള സഹായത്തോടെ പെട്ടെന്ന് പരിഹരിക്കുന്നതുകൊണ്ട് തന്നെ ശരീരം ആന്റിവെനത്തോടുളള സംവേദനത്വം(sensitivity) നിലനിറുത്താനും ഭാവിയില്‍ വരുന്ന ആന്റിവെനത്തോട് കൂടിയ അലര്‍ജിപ്രതികരണം നടത്താനും സാധ്യതയുണ്ടെന്ന് മാത്രം. മിക്കപ്പോഴും കുതിരയുടെ സിറത്തില്‍ നിന്നാണ് പാമ്പ് വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിവെനിന്‍ ശേഖരിക്കുന്നത്. കുതിരയോടും സിറത്തോടുമൊക്കെ അലര്‍ജിയുള്ളവര്‍ക്ക് ഇതുമൂലം പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ട്. ആന്റിവെനിന് നല്‍കുമ്പോഴുള്ള പ്രതികരണങ്ങള്‍ മിക്കതും ചികിത്സിച്ചും നിയന്ത്രിച്ചും നേരിടാമെന്നിരിക്കെ അത്തരം കരുതലുകള്‍ ലഭ്യമാണെങ്കില്‍ സന്നിഗ്ധ ഘട്ടങ്ങളില്‍ ആന്റിവെനം നല്‍കാന്‍ മടിച്ചുനില്‍ക്കേണ്ടെന്ന് സാരം.
(6) ഇതൊക്കെ പറയുമ്പോഴും ആന്റിവെനം കുത്തിവെക്കുന്നത് വിഷം കുത്തിവെക്കുന്നതിന് സമാനമാണെന്ന തെറ്റിദ്ധാരണ വ്യാപകമാണ്. വിഷ ചികിത്സയിലുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ വിശേഷിച്ചും അലര്‍ജി പ്രതികരണങ്ങളാണ് ഇത്തരം ധാരണകള്‍ പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്നത്. ഏത് പാമ്പാണ് കടിച്ചതെന്ന് കൃത്യമായിഅറിയാത്ത അവസരങ്ങളില്‍ പോളിവാലെന്റന്‍ ആന്റിവെനമായിരിക്കും പലപ്പോഴും നല്‍കുന്നത്. അതായത് ഒന്നിലധികം വെനങ്ങള്‍ക്കെതിരെയുള്ള ആന്റിവെനം അത്തരം കുത്തിവെപ്പിലൂടെ ഉള്ളില്‍ ചെല്ലുന്നു. കൃത്യത കുറവായതിനാല്‍ അത്തരം വാക്സിനുകളുടെ അലര്‍ജി പ്രതികരണം കൂടുതലാകാന്‍ സാധ്യതയുണ്ട്. കാന്‍സറിനെതിരെയുളള കീമോതെറാപ്പിയിലെന്നപോലെ ആന്റിവെനം ചികിത്സയിലും പാര്‍ശ്വഫലങ്ങള്‍ കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ആന്റിവെനം തന്മാത്രകള്‍ നല്ലതോതില്‍ ശൂദ്ധീകരിച്ചാണ് ഇന്ന് ഉപയോഗിക്കുന്നത്. ആന്റിവെനം ചികിത്സയുടെ ആരംഭകാലത്ത് അങ്ങനെയായിരുന്നില്ല. വികസിതരാജ്യങ്ങളില്‍ 1990 കളില്‍ അമ്പതു ശതമാനത്തിലധികം രോഗികള്‍ക്ക് വരെ ശക്തമായ അലര്‍ജി റിയാക്ഷനുകള്‍ ഉണ്ടായികൊണ്ടിരുന്നിടത്ത് ഇപ്പോള്‍ പ്രസിദ്ധ കമ്പനികള്‍ ഉദ്പാദിപ്പിക്കുന്ന ആന്റിവെനം പ്രതികരണതോത് പത്ത് ശതമാനം വരെയായി കുറയ്ക്കുന്നതായി കാണുന്നു.
(7) എന്നാല്‍ ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും അതല്ല സ്ഥിതി. ഇവിടെ ആന്റിവെനം വേണ്ടത്ര ശുദ്ധീകരിക്കപ്പെടുന്നില്ലെന്ന പരാതി വ്യാപകമാണ്. സ്വാഭാവികമായും അലര്‍ജി സാധ്യത കൂടുതലാണ്. ആന്റിവെനം കുത്തിവെപ്പുമായി ബന്ധപെട്ടുള്ള ഭീതിയുടെ ഒരു കാരണം ഇത്തരം നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളാണ്. കഴിവതും പാമ്പുകടി ഒഴിവാക്കുക എന്നതാണ് ചികിത്സയെക്കാള്‍ പ്രധാനം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിഷബാധയേറ്റു എന്ന് ഉറപ്പിച്ചാല്‍ ചികിത്സ വൈകരുത്. സംശയം ഉണ്ടെങ്കിലും ആന്റിവെനം ചികിത്സ ക്ലിനിക്കല്‍ ഡോസില്‍ തുടങ്ങിവെക്കാവുന്നതാണ്. മനുഷ്യജീവനുമായി തട്ടിച്ചുനോക്കുമ്പോള്‍ അതുമൂലം ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ പ്രസക്തമല്ല. ജീവന്‍ വിലപേശലിന് വിധേയമാക്കനാവില്ല.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451