1470-490

അജണ്ട ചര്‍ച്ചയില്ലാതെ പാസാക്കാന്‍ പുതുതന്ത്രവുമായി കോര്‍പ്പറേഷന്‍ നേതൃത്വം

തീരുമാനം ആവശ്യമില്ലാത്ത ഒരു പൊതുവിഷയം ആദ്യ അജണ്ടയായി ചര്‍ച്ചക്ക് വെച്ച് മൂന്ന് മണിക്കൂറിലധികം ചര്‍ച്ച നടത്തിയശേഷം, അജണ്ടയില്‍ വിയോജിപ്പുള്ളവ പ്രതിപക്ഷത്തിന് എഴുതി അറിയിക്കാമെന്ന ഉപദേശവുമായി, അജണ്ട വായിക്കാതേയും ചര്‍ച്ച ചെയ്യാതേയും മേയര്‍ കൗണ്‍സില്‍ യോഗം അവസാനിച്ചതായി പ്രഖ്യാപിച്ച് ഇറങ്ങിപോകുന്നതാണ് പുതിയ തന്ത്രം.

തൃശൂര്‍: കൗണ്‍സില്‍ അജണ്ട ചര്‍ച്ചയില്ലാതെ പാസാക്കിയെടുക്കാന്‍ പുതുതന്ത്രവുമായി കോര്‍പ്പറേഷനില്‍ ഇടതുപക്ഷ ഭരണനേതൃത്വം വിയോജിക്കാനുള്ള ജനാധിപത്യാവകാശം വരെ നിഷേധിക്കപ്പെട്ടിട്ടും നിസ്സഹായരായി കോണ്‍ഗ്രസ്-ബി.ജെ.പി പ്രതിപക്ഷം.തീരുമാനം ആവശ്യമില്ലാത്ത ഒരു പൊതുവിഷയം ആദ്യ അജണ്ടയായി ചര്‍ച്ചക്ക് വെച്ച് മൂന്ന് മണിക്കൂറിലധികം ചര്‍ച്ച നടത്തിയശേഷം, അജണ്ടയില്‍ വിയോജിപ്പുള്ളവ പ്രതിപക്ഷത്തിന് എഴുതി അറിയിക്കാമെന്ന ഉപദേശവുമായി, അജണ്ട വായിക്കാതേയും ചര്‍ച്ച ചെയ്യാതേയും മേയര്‍ കൗണ്‍സില്‍ യോഗം അവസാനിച്ചതായി പ്രഖ്യാപിച്ച് ഇറങ്ങിപോകുന്നതാണ് പുതിയ തന്ത്രം. അജണ്ട വിഷയ ചര്‍ച്ചകളില്‍ ഉണ്ടായേക്കാവുന്ന വിമര്‍ശനങ്ങള്‍ മാധ്യമങ്ങളില്‍ ഒഴിവാക്കാനാണ് പുത്തനടവ്.
കഴിഞ്ഞ ഏതാനും കൗണ്‍സിലുകളില്‍ ഈ മാര്‍ഗ്ഗത്തിലാണ് മേയര്‍. രാവിലെ 11നാണ് സാധാരണ കൗണ്‍സില്‍ യോഗം. അജണ്ടകളില്‍ ചര്‍ച്ച വേണമെന്നും മേയര്‍ നല്‍കിയ ഡിവിഷന്‍ വര്‍ക്കുകള്‍ ഒഴികെ മുന്‍കൂര്‍ അനുമതികളൊന്നും പാസാക്കാനാകില്ലെന്നും വൈകീട്ട് ആറ് മണിവരെ ഇരിക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഫ്രാന്‍സീസ് ചാലിശ്ശേരി യോഗത്തിന്‍റെ തുടക്കത്തില്‍തന്നെ ആവശ്യപ്പെട്ടെങ്കിലും കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്‍റെ അധികാരങ്ങളെ ചൊല്ലി ആദ്യ അജണ്ടാ വിഷയം ചര്‍ച്ചകഴിഞ്ഞ ഉടനെ മേയര്‍ അജിത വിജയന്‍ യോഗം അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
മുനിസിപ്പല്‍ ചട്ടമനുസരിച്ച് ഭരണസമിതിയിലെ 55 അംഗങ്ങള്‍ക്കും തുല്യ അവകാശമാണ്. യോഗത്തില്‍ അധ്യക്ഷത വഹിക്കാനും വോട്ടിങ്ങ് തുല്യമായാല്‍ കാസ്റ്റിങ്ങ് വോട്ട് ചെയ്യാനുമല്ലാതെ മേയര്‍ക്ക് പ്രത്യേകമായ ഒരവകാശവും ചട്ടം നല്‍കുന്നില്ല. ഒരംഗം ആവശ്യപ്പെട്ടാല്‍പോലും അജണ്ടയിലില്ലാത്ത വിഷയത്തില്‍ തീരുമാനമെടുക്കാനാകില്ല. അജണ്ട വിഷയം തള്ളാനും, കൊള്ളാനും, മാറ്റിവെക്കാനും ഭൂരിപക്ഷ തീരുമാനം വേണം. ഒരംഗം ആവശ്യപ്പെട്ടാല്‍പോലും വോട്ടിങ്ങും നടത്തണം. ഓരോ അജണ്ട വിഷയവും വായിച്ച് ചര്‍ച്ച ചെയ്യണം.
ഭരണത്തിന് നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിന് ഭൂരിപക്ഷമില്ല. 55ല്‍ 27 പേരുടെ പിന്തുണയേ ഉള്ളൂ. നാലഞ്ച് പേരെങ്കിലും പങ്കെടുക്കാറുമില്ല. 28 പേര്‍ പ്രതിപക്ഷത്താണ്. കോണ്‍ഗ്രസ്-22, ബി.ജെ.പി.6. നാല് വര്‍ഷം പിന്നിട്ട ഭരണത്തില്‍ ഒരിക്കല്‍പോലും വോട്ടെടുപ്പ് വേണമെന്ന ഭൂരിപക്ഷ പ്രതിപക്ഷാവശ്യം മേയര്‍ അംഗീകരിച്ചിട്ടില്ല. യോഗം പിരിച്ച് വിട്ട് അജണ്ടകള്‍ എല്ലാം പാസായതായി മിനിറ്റ്സില്‍ രേഖപ്പെടുത്തുന്നതായിരുന്നു സമ്പ്രദായം വിയോജനകുറിപ്പുകള്‍ പോലും പലപ്പോഴും കുട്ടയിലിടും.
കൗണ്‍സില്‍ എടുക്കേണ്ട തീരുമാനങ്ങള്‍, കൗണ്‍സിലറിയാതെ മേയറുടെ മുന്‍കൂര്‍ അനുമതികളിലാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. 30-40 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചട്ടവിരുദ്ധ നിര്‍മ്മാണങ്ങളും ഏക്കര്‍ കണക്കിന് ഭൂമി കച്ചവടങ്ങളും, വാഹനങ്ങള്‍ വാങ്ങികൂട്ടലുമെല്ലാം കമ്മിറ്റികളേയും കൗണ്‍സിലിനേയും, ഉദ്യോഗസ്ഥ സംവിധാനങ്ങളേയുമെല്ലാം നോക്കുകുത്തിയാക്കി മേയറുടെ ചട്ടവിരുദ്ധ മുന്‍കൂര്‍ അനുമതിയിലാണ് നടപ്പാക്കി വരുന്നത്.
കൗണ്‍സില്‍ തീരുമാനമില്ലാതെ വാട്ടര്‍ചാര്‍ജും, വൈദ്യുതി സേവനനിരക്കുകളും കൂട്ടി ജനങ്ങളെ കൊള്ളയടിക്കാന്‍ വരെ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. അസാധാരണമായ ജനാധിപത്യ ധ്വംസന ഭരണമാണ് കോര്‍പ്പറേഷനിലെ കാഴ്ച.
ചട്ടപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും തദ്ദേശസ്വയംഭരണവകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുനിസിപ്പല്‍ ഡയറക്ടര്‍ക്കുമാണ് കോര്‍പ്പറേഷന്‍ സെക്രട്ടറിയാകട്ടെ ഭരണപക്ഷത്തിന്‍റെ ആജ്ഞാനവര്‍ത്തിയാകുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കഴിഞ്ഞ നാല് വര്‍ഷത്തിനകം നിരവധി പരാതികള്‍ കോണ്‍ഗ്രസ് പ്രതിപക്ഷം അയച്ചിട്ടുണ്ടെങ്കിലും ഒരെണ്ണത്തില്‍പോലും അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ മുക്കികളയണമെന്ന ആരോപണവും ശക്തമാണ്.
നിയമവിരുദ്ധ ചട്ടവിരുദ്ധ, ഏകാധിപത്യ, സര്‍വ്വാധിപത്യ ഉഡായിപ്പ് ഭരണമെന്നായിരുന്നു സി.പി.എം നേതാവും പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ.എം.പി.ശ്രീനിവാസന്‍, രേഖാമൂലം നല്‍കിയ ഒരു വിമോജനകുറിപ്പില്‍ വിശേഷിപ്പിച്ചത് ഫലം മരാമത്ത് കമ്മിറ്റിയിലേക്ക് ഒരു ഫയലും പോകാതായി. കമ്മിറ്റിയെടുക്കേണ്ട വെള്ളം, ഇലക്ട്രിസിറ്റി മരാമത്ത് ഫയലുകളില്‍ മേയറുടെ മുന്‍കൂര്‍ അനുമതിയിലായി. ഭരണനേതൃത്വത്തിന്‍റെ ജനാധിപത്യ ധ്വംസന നടപടികളില്‍ എല്‍.ഡി.എഫിനകത്തും സി.പി.എമ്മിലും പ്രതിഷേധം ശക്തമാണ്. പല കൗണ്‍സിലുകളും ഭരണപക്ഷാവകാശങ്ങള്‍ ബഹിഷ്കരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ജനാധിത്യാവകാശ ബോധമില്ലാത്ത പ്രതിപക്ഷ ദൗര്‍ബല്യമാണ് കൗണ്‍സിലിന്‍റെ ശാപം. അഥവാ എല്‍.ഡി.എഫിന്‍റെ ജനാധിപത്യ ധ്വംസന ഭരണത്തിന്‍റെ ശക്തി. ഭരണം സുഗമമാക്കാന്‍ കൗണ്‍സിലിലെ ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഇയ്യിടെയായി പലവിഷയങ്ങളിലും ബി.ജെ.പി-കോണ്‍ഗ്രസ് പ്രതിപക്ഷം ഒറ്റകെട്ടാകുന്നതും വോട്ടിങ്ങ് ആവശ്യപ്പെടുന്നതും അവ പത്രവാര്‍ത്തകളാകുന്നതും ഭരണപക്ഷത്തിനും തലവേദനയായിട്ടുണ്ട്. കൗണ്‍സില്‍ ബി.ജെ.പി നേതാവ് എം.എസ്.സമ്പൂര്‍ണ്ണയുടെ വെല്ലുവിളി അനുസരിച്ച് അവിശ്വാസം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി തീരുമാനമെടുത്തെങ്കിലും ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്‍റേയും ജില്ലാനേതൃത്വം നീക്കാതെ അട്ടിമറിച്ചു. ഫലം അവസാന തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലെ 25 ശതമാനം മാത്രം ജനങ്ങളെ പ്രതിനിധീകരിക്കുന്ന എല്‍.ഡി.എഫ്, നേതൃത്വം കൗണ്‍സില്‍ യോഗം പോലും ചേരാതെ അജണ്ടകള്‍ പാസാക്കിയെടുത്തു. ജനങ്ങളേയും അപമാനിക്കുന്ന അവസ്ഥയിലെത്തിച്ചു.
നാല് വര്‍ഷമായി മേയര്‍ നല്‍കിയ മുന്‍കൂര്‍ അനുമതികള്‍ ഇനിയും കൗണ്‍സിലില്‍ വെച്ച് പാസാക്കാനുണ്ട്. ഇപ്പോഴത്തെ മേയര്‍ അടുത്തമാസം രാജിവെക്കുന്നതിന് മുമ്പേ മുഴുവന്‍ മുന്‍കൂര്‍ അനുമതികളും പാസാക്കിയെടുക്കാനുള്ള തന്ത്രപാടിലാണ് എല്‍.ഡി.എഫ് നേതൃത്വം.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217