1470-490

കോന്നിയിലും വട്ടിയൂര്‍ക്കാവിലും തലവേദന

രണ്ടിടങ്ങളിലും ആദ്യം പരിഗണിച്ച സ്ഥാനാര്‍ത്ഥികളുടെ പേരുകളോടുളള എതിര്‍പ്പാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലുമുടക്കി കോണ്‍ഗ്രസ്. രണ്ടിടങ്ങളിലും ആദ്യം പരിഗണിച്ച സ്ഥാനാര്‍ത്ഥികളുടെ പേരുകളോടുളള എതിര്‍പ്പാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. അതേസമയം, എറണാകുളത്ത് ടി ജെ വിനോദും അരൂരില്‍ എസ് രാജേഷും സ്ഥാനാര്‍ത്ഥിയാവുമെന്ന് ഏറെക്കുറെ ഉറപ്പായി.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കുരുക്ക് മുറുകുകയാണ്. വട്ടിയൂര്‍ക്കാവും കോന്നിയുമാണ് ഇപ്പോള്‍ മുഖ്യ പ്രതിസന്ധി. കെ മുരളീധരനും രമേശ് ചെന്നിത്തലയും നിര്‍ദ്ദേശിച്ച എന്‍ പീതാംബര കുറുപ്പിനോടുള്ള എതിര്‍പ്പിന് ഗ്രൂപ്പ് വ്യത്യാസമില്ല. ഐ ഗ്രൂപ്പില്‍ നിന്നും മുന്‍ എം എല്‍ എ കെ മോഹന്‍ കുമാറിന്റെ പേരാണ് പകരം പരിഗണിക്കുന്നത്.

കെ മുരളീധരന്റെ വിയോജിപ്പാണ് മോഹന്‍ കുമാറിന് പ്രധാനതടസം. മേയര്‍ വി.കെ പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാവും എന്ന് ഉറപ്പായതോടെ യുവനേതാവ് വേണമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നിര്‍ദ്ദേശം. സീറ്റ് ഏറ്റെടുക്കാനും പി.സി വിഷ്ണുനാഥിനെയോ തമ്പാനൂര്‍ രവിയെയോ മത്സരിപ്പിക്കാനുമുളള ശ്രമം എ ഗ്രൂപ്പ് തുടരുകയാണ്.

‘കശ്മീരില്‍ നിരാശ, ജമ്മുവില്‍ വിഷാദം’: ആറുദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്

കോന്നിയില്‍ റോബിന്‍ പീറ്റര്‍ എന്ന പേരില്‍ ഉറച്ചു നില്‍ക്കുകയാണ് അടൂര്‍ പ്രകാശ്. റോബിനെ പറ്റില്ലെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജും മുതിര്‍ന്ന നേതാവ് പി ജെ കുര്യനും തയ്യാറല്ല. എന്‍ എസ് എസ് പിന്തുണയില്‍ മോഹന്‍രാജിന് സീറ്റുറപ്പിക്കാനാണ് ശ്രമം. അടൂര്‍ പ്രകാശുമായി രമേശ് ചെന്നിത്തലയും മുല്ലപ്പളളി രാമചന്ദ്രനും വീണ്ടും ചര്‍ച്ച നടത്തും.

ഐ ഗ്രൂപ്പ് അക്കൗണ്ടില്‍ എറണാകുളത്ത് ടി ജെ വിനോദും അരൂരില്‍ എ ഗ്രൂപ്പില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് രാജേഷും സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു. എന്നാല്‍, വട്ടിയൂര്‍ക്കാവ് എ ഗ്രൂപ്പിന് ലഭിച്ചാല്‍ അരൂരില്‍ സ്ഥാനാര്‍ത്ഥി മാറാം. നാളത്തെ ചര്‍ച്ചകളോടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനും നാളെ രാത്രി തന്നെ പട്ടിക ഹൈക്കമാന്‍ഡിനു നല്‍കാനുമാണ് ഇപ്പോഴത്തെ ആലോചന.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790