1470-490

മനുഷ്യ ചരിത്രത്തിന്റെ താളുകളിലേക്ക് ഒരു ഫോസിൽ അതിഥി കൂടി

38 ലക്ഷം വര്‍ഷം പഴക്കമുള്ള തലയോട്ടിയുടെ പാര്‍ശ്വവീക്ഷണം

ഹിസ്റ്ററി ഡെസ്ക്: നരവംശത്തിന്റെ ഉത്ഭവം തേടി ഭൂമിയുടെ ഏത് കോണില്‍ നിന്ന് നമ്മള്‍ യാത്ര തുടങ്ങിയാലും, എത്തുക ആഫ്രിക്കയിലായിരിക്കും. കാരണം മനുഷ്യന്‍ ഉള്‍പ്പെട്ട നരവംശങ്ങളുടെ ആദിഗേഹം ആഫ്രിക്കയാണ്. ആഫ്രിക്കയില്‍ നിന്നല്ലാതെ ലോകത്ത് മറ്റൊരിടത്തു നിന്നും 20 ലക്ഷം വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നരവംശഫോസിലുകള്‍ ലഭിച്ചിട്ടില്ല! ആധുനിക ജനിതകപഠനങ്ങളും പറയുന്നത് ഇതുതന്നെ, ആഫ്രിക്കയാണ് നരവംശത്തിന്റെ ജന്മദേശം! 
ആഫ്രിക്കയില്‍ തന്നെ, ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത് എത്യോപ്യയിലെ അഫാര്‍ (Afar) മേഖലയാണ്. നരവംശത്തിന്റെ 60 ലക്ഷം വര്‍ഷത്തെ പരിണാമചരിത്രം, അഫാര്‍ പ്രദേശത്ത് ഒരു കിലോമീറ്റര്‍ കനമുള്ള എക്കല്‍പാളികളിലും ലാവാഅടരുകളിലും സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 
അവിടുത്തെ ‘വൊറാന്‍സോ-മീലെ (Woranso-Mille) സൈറ്റി’ല്‍ നിന്ന് അടുത്തയിടെ കണ്ടെത്തിയ 38 ലക്ഷം വര്‍ഷം പഴക്കമുള്ള തലയോട്ടി, അഫാര്‍ മേഖലയുടെ പ്രധാന്യം ആവര്‍ത്തിച്ച് ഉറപ്പിക്കുക മാത്രമല്ല, നരവംശത്തിന്റെ ആദിമചരിത്രത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുകയും ചെയ്യുന്നു. അമേരിക്കയില്‍ ‘ക്ലീവ്‌ലന്‍ഡ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയ’ത്തിലെ ക്യുറേറ്ററും, പ്രശസ്ത പാലിയോആന്ത്രോപ്പോളജിസ്റ്റുമായ എത്യോപ്യന്‍ വംശജന്‍ യോഹാന്നസ് ഹയ്ല-സെലാസ്സി (Yohannes Haile-Selassie) യുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്.
‘ആസ്ട്രലോപിത്തക്കസ് അനമെന്‍സിസ്’ (Australopithecus anamensis) എന്ന പ്രചീന നരവംശത്തില്‍പെട്ട അംഗത്തിന്റെ തലയോട്ടിയാണ് ഹയ്‌ല-സെലാസ്സിയും സംഘവും കണ്ടെടുത്തത്. ‘എംആര്‍ഡി’ (MRD) എന്ന ചുരുക്കപ്പേരിട്ട ആ സ്‌പെസിമന്‍ (MRD-VP-1/1) നരവംശപരിണാമം സംബന്ധിച്ച് നിലവിലുള്ള പല നിഗമനങ്ങളും തിരുത്താന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. നേച്ചര്‍ ജേര്‍ണലില്‍ (Nature, Aug 28, 2019) രണ്ടു പേപ്പറുകളായാണ് ഈ കണ്ടെത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചത്. 
എന്തുകൊണ്ട് ഈ കണ്ടെത്തല്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്നറിയാന്‍, നരവംശത്തിന്റെ പ്രാചീനചരിത്രം നമുക്കൊന്ന് പരിശോധിക്കാം. ജീവിവര്‍ഗങ്ങളില്‍ ആള്‍ക്കുരങ്ങുകള്‍ക്കൊപ്പമാണ് നരവംശത്തിന്റെയും സ്ഥാനം. 120-150 ലക്ഷം വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞെന്നു കരുതുന്ന രണ്ട് തായ്വഴികളില്‍ പെട്ട ആള്‍ക്കുരങ്ങുകള്‍ നിലവില്‍ ഭൂമിയിലുണ്ട്: ഏഷ്യയിലെയും ആഫ്രിക്കയിലെയും ആള്‍ക്കുരങ്ങുകള്‍. ഏഷ്യന്‍ ആള്‍ക്കുരങ്ങുകള്‍ രണ്ടിനമുണ്ട്; ഒറാങ്ങൂട്ടനും ഗിബണും. ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകള്‍ മുഖ്യമായും മൂന്നിനങ്ങളാണ്; ഗൊറില്ല, ചിമ്പാന്‍സി, മനുഷ്യന്‍ എന്നിവ! 
പരിണാമപാതയില്‍ ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകളുടെ പൊതുപൂര്‍വികനില്‍ നിന്ന് ഗൊറില്ലയാണ് ആദ്യം വേര്‍പിരിഞ്ഞത്. പിന്നീട് ചിമ്പാന്‍സികളും മനുഷ്യനും രണ്ടു തായ്‌വഴികളായി പരിണമിച്ചു. പക്ഷേ, ആ വേര്‍പിരിയല്‍ എന്നാണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല. 60-130 ലക്ഷം വര്‍ഷം പഴക്കമുള്ള നരവംശഫോസിലുകള്‍ കാര്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കാരണം. എങ്കിലും, ജനിതകവിശകലനത്തില്‍ വ്യക്തമാകുന്നത് 50-80 ലക്ഷം വര്‍ഷം മുമ്പാകണം പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പിരിഞ്ഞ് നരവംശം ആഫ്രിക്കയില്‍ ഉദയം ചെയ്തത് എന്നാണ്. 
ഭൂമിയുടെ പ്രായം ഏതാണ്ട് 450 കോടി വര്‍ഷമാണ്. ഓര്‍ക്കുക, ഭൂമിയെ ഇന്ന് അടക്കിവാഴുന്ന വര്‍ഗ്ഗം പിറന്നിട്ട് ഒരുകോടി വര്‍ഷം പോലുമായിട്ടില്ല! അത്ര ഹൃസ്വമാണ് നരവംശത്തിന്റെ ചരിത്രം. ഹൃസ്വമാണെങ്കിലും, നരവംശചരിത്രത്തിലെ രണ്ടു ഘട്ടങ്ങളെക്കുറിച്ചേ ശാസ്ത്രലോകത്തിന് ഇപ്പോഴും വ്യക്തതയുള്ളൂ. 40 ലക്ഷം വര്‍ഷം മുമ്പു മുതല്‍ 10 ലക്ഷം വര്‍ഷം മുമ്പുവരെ നീളുന്ന ‘ആസ്ട്രലോപിത്തക്കസ്’ (Australopithecus) ഘട്ടവും, 20 ലക്ഷം വര്‍ഷം മുമ്പാരംഭിച്ച് ഇപ്പോഴും തുടരുന്ന ‘ഹോമോ’ (Homo) കാലഘട്ടവും. 
ആസ്ട്രലോപിത്തക്കസ് ജീനസില്‍ പെട്ടവയുടെ തലച്ചോര്‍ വളര്‍ന്നിരുന്നില്ല. എങ്കിലും ഇരുകാലില്‍ നിവര്‍ന്നു നടക്കാന്‍ അവയ്ക്ക് കഴിഞ്ഞു. എത്യോപ്യയിലെ ഹാഡറില്‍ നിന്ന് ഡൊണാള്‍ഡ് ജോഹാന്‍സനും സംഘവും 1974-ല്‍ കണ്ടെത്തിയ ‘AL288-1’ എന്ന ഭാഗിക ഹോമിനിഡ് (മനുഷ്യന്റെ തായ്വഴിയില്‍പെട്ട വര്‍ഗങ്ങളാണ് ഹോമിനിഡുകള്‍) ഫോസില്‍ ആണ്, ആസ്ട്രലോപിത്തക്കസ് ജീനസിന്റേതായി ലഭിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 32 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ആ പ്രാചീനസ്ത്രീയുടെ ഫോസില്‍ നരവംശത്തിന്റെ പൂര്‍വചരിത്രത്തിലേക്ക് ഗവേഷകര്‍ക്ക് നോക്കാന്‍ അവസരം നല്‍കി. ആസ്ട്രലോപിത്തക്കസ് അഫാറന്‍സിസ് (Australopithecus afarensis) എന്ന് ശാസ്ത്രീയനാമമുള്ള ആ ഫോസിലിന്റെ വിളിപ്പേര് പ്രശസ്തമാണ്-‘ലൂസി’. ഒരു ബീറ്റില്‍സ് ഗാനത്തിന്റെ ചുവടുപിടിച്ചാണ് ഈ പേര് നല്‍കപ്പെട്ടത്. 
പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പെട്ട ശേഷം ആസ്ട്രലോപിത്തക്കസിലേക്ക് എത്തുംവരെ നരവംശത്തിന്റെ തായ്വഴിയില്‍ ആരാണ് രംഗം വാണിരുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോഴുമില്ല. ‘ആര്‍ഡിപിത്തക്കസ്’ എന്നൊരു ജീനസ് ആകണം ആ ഇടക്കണ്ണി എന്ന് സൂചിപ്പിക്കുന്ന കണ്ടെത്തല്‍ 2009-ല്‍ ഗവേഷകര്‍ അവതരിപ്പിച്ചിരുന്നു.44 ലക്ഷം പഴക്കമുള്ള ‘ആര്‍ഡിപിത്തക്കസ് റമിഡസ്’ (Ardipithecus ramidus) എന്ന പേരുള്ള വര്‍ഗ്ഗത്തിന്റെ വിവരങ്ങളായിരുന്നു അവ. ഇതെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ പുറത്തുവന്ന കണ്ടെത്തലിനെ സമീപിക്കാന്‍. അഫാര്‍ മേഖലയിലെ ‘വൊറാന്‍സോ-മീലെ ഗവേഷണ കേന്ദ്ര’ത്തില്‍ ഹയ്ല-സെലാസ്സിയുടെ നേതൃത്വത്തില്‍ 2004 മുതല്‍ തുടരുന്ന പഠനത്തിന്റെ ഭാഗമായിട്ടാണ് ‘എംആര്‍ഡി’യുടെ തലയോട്ടി കിട്ടിയത്. ഈ പഠനപദ്ധതിയുടെ ഭാഗമായി 85 സസ്തനികളുടേത് ഉള്‍പ്പടെ 12600 ഫോസിലുകള്‍ അവിടെ നിന്ന് ശേഖരിച്ചു കഴിഞ്ഞു! അതില്‍ ഹോമിനിഡുകളുടേതായി 230 ഫോസിലുകളും ഉള്‍പ്പെടുന്നു. 38 ലക്ഷം മുതല്‍ 30 ലക്ഷം വരെ വര്‍ഷം പഴക്കമുള്ളവയാണ് ആ ഫോസിലുകള്‍. 
ആ മേഖലയിലെ മിരോ ദോര (Miro Dora) യില്‍ ആട്ടിന്‍കൂടുണ്ടാക്കുമ്പോള്‍ അലി ബെരീനോ എന്ന കര്‍ഷകന്‍, ഒരു തലയോട്ടിയുടെ മേല്‍ഭാഗത്തെ ദന്തനിര കണ്ടെത്തിയത് 2016 ഫെബ്രുവരി 10-നായിരുന്നു. ആ തലയോട്ടിഭാഗം പരിശോധിച്ച ഹയ്‌ല-സൊലാസ്സിക്ക് മനസിലായി അതൊരു പ്രധാനപ്പെട്ട ഫോസിലാണെന്ന്. എത്യോപ്യന്‍ തലസ്ഥാനമായ അബാബയില്‍ നിന്ന് 550 കിലോമീറ്റര്‍ വടക്കുകിഴക്കാണ് മിരോ ദോര ഗ്രാമം, 1974-ല്‍ ലൂസിയെ കണ്ടെത്തിയ  ഹാഡറില്‍ നിന്് 55 കിലോമീറ്റര്‍ വടക്ക്.
തലയോട്ടി ഭാഗം കണ്ടെത്തിയ സ്ഥലം പരിശോധിച്ച ഹയ്‌ല-സൊലാസ്സി, അതിന് പത്തടി മാത്രം അകലെ മറ്റൊരു ഫോസില്‍ കഷണം കണ്ടു. ആദ്യം കിട്ടിയ തലയോട്ടിഭാഗവമായി ചേര്‍ത്തുവെയ്ക്കുമ്പോള്‍ രണ്ടും കുറ്റമറ്റ രീതിയില്‍ ചേരുന്നു! ‘എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല’, അദ്ദേഹം പറഞ്ഞു. ‘അതൊരു യുറീക്കാ നിമിഷമായിരുന്നു, ഒരു സ്വപ്‌നസാഫല്യത്തിന്റെ നിമിഷവും’. 
വിശദമായ പരിശോധനകള്‍ക്ക് ശേഷം ഗവേഷകര്‍ എത്തിയ നിഗമനം ഇതാണ്: എംആര്‍ഡി ഉള്‍പ്പെടുന്ന ആസ്ട്രലോപിത്തക്കസ് അനമെന്‍സിസ്’ (A. anamensis) വര്‍ഗ്ഗവും ലൂസിയുടെ വര്‍ഗ്ഗവും കുറഞ്ഞത് ഒരു ലക്ഷം വര്‍ഷക്കാലം ഒരേ മേഖലയില്‍ ഒരുമിച്ചു കഴിഞ്ഞിട്ടുണ്ട്. പലരും കരുതുംപോലെ രേഖീയമല്ല നരവംശപരിണാമം എന്നര്‍ഥം. ഒരു വര്‍ഗ്ഗം അതുകഴിഞ്ഞ് അടുത്തത് എന്ന നിലയ്ക്കല്ല നരവംശത്തിന്റെ പരിണാമം നടന്നിട്ടുള്ളത്. പ്ലൈസീന്‍ (Pliocene) യുഗത്തിലെ നരവംശപരിണാമം സംബന്ധിച്ച നമ്മുടെ ധാരണകളെ തിരുത്തുന്നതാണ് ഈ കണ്ടെത്തലെന്ന് ഹയ്‌ല-സെലാസ്സി പറയുന്നു. 
ഹയ്‌ല-സെലാസ്സിയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ എംആര്‍ഡി-യുടെ പ്രായം നിശ്ചയിക്കാനും വിവരങ്ങള്‍ വിശകലനം ചെയ്യാനും കൈകോര്‍ത്തു. ഒഹായോവില്‍ ക്ലീവ്‌ലന്‍ഡിലെ കേസ് വെസ്‌റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക ഡോ.ബിവര്‍ലി സെയ്‌റും സഹപ്രവര്‍ത്തകരുമാണ് ഫോസിലിന് 38 ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് നിര്‍ണയിച്ചത്. എംആര്‍ഡി-യെ കണ്ടെത്തിയ സ്ഥലത്തെ ധാതുക്കളും ലാവാശിലകളുടെയും പ്രായം കണക്കാക്കിയാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്. 
എംആര്‍ഡി ജീവിച്ചിരുന്ന കാലത്ത് അവിടുത്തെ കാലാവസ്ഥയും സസ്യജാലങ്ങളും ഭൂപ്രകൃതിയും മനസിലാക്കാനും ഗവേഷകര്‍ ശ്രമിച്ചു. ഒരു തടാകത്തിലെക്ക് പുഴയെത്തുന്നിടത്ത് രൂപപ്പെട്ട ഡെല്‍റ്റ അടരുകളിലാണ് ആ ഫോസില്‍ കണ്ടെത്തിയത്. ‘വരണ്ട പ്രദേശത്ത്, ഒരു വലിയ തടാകത്തിന് സമീപമാണ് എംആര്‍ഡി ജീവിച്ചിരുന്നത്’-മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകയും പഠനറിപ്പോര്‍ട്ടിന്റെ സഹരചയിതാവുമായ നവോമി ലെവിന്‍ പറഞ്ഞു. 
ആസ്ട്രലോപിത്തക്കസ് ജീനസില്‍ അറിയപ്പെടുന്ന ഏറ്റവും പ്രായമുള്ള വര്‍ഗ്ഗം, അതാണ് എ.അനമെന്‍സിസ്. 1995-ല്‍ കെനിയയില്‍ നിന്ന് കണ്ടെത്തിയ ചെറിയ ചില ഫോസില്‍ കഷണങ്ങള്‍ വഴി ഈ വര്‍ഗ്ഗത്തെപ്പറ്റി ചില വിവരങ്ങള്‍ ഗവേഷകര്‍ക്ക് ഇതിനകം അറിവുള്ളതാണ്. ലൂസിയുടെ പൂര്‍വികവര്‍ഗ്ഗമാകാം ഇതെന്ന് ഗവേഷകര്‍ കരുതി. ഇപ്പോള്‍ തലയോട്ടിയുടെ ഏതാണ്ട് പൂര്‍ണരൂപം കിട്ടിയതോടെ, എംആര്‍ഡി-യുടെ മുഖത്തിന്റെ സവിശേഷതകള്‍ ഗവേഷകര്‍ക്ക് മുമ്പില്‍ ആദ്യമായി തെളിഞ്ഞു. 
ഇതുകൊണ്ട് അവസാനിക്കുന്നില്ല. വൊറാന്‍സോ-മീലെ സൈറ്റില്‍ ഗവേഷകര്‍ ഇനിയും അന്വേഷണം തുടരും, നരവംശചരിത്രത്തിലെ വിട്ടുപോയ കണ്ണികള്‍ കണ്ടെത്താനായി! 

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127