1470-490

മാധ്യമ പ്രവര്‍ത്തകന്റെ മരണം: മുഖ്യമന്ത്രിയും സിവില്‍ സര്‍വീസും നേര്‍ക്കുനേര്‍

കേസില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനപ്പുറം ഉദ്യോഗസ്ഥ ലോബിയുടെ താത്പര്യങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന ആക്ഷേപത്തിനിടയിലാണ് പുതിയ നടപടി. അന്വേഷണ ഉദ്യോസ്ഥനെ മാറ്റിയാണ് മുഖ്യമന്ത്രിയുടെ തിരിച്ചടി. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി പകരം ക്രൈം ബ്രാഞ്ച് എസ്.പി എ ഷാനവാസിന് ചുമതല നല്‍കി ഡി.ജി.പി ഉത്തരവിറക്കി

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രിയും സിവില്‍ സര്‍വീസ് ലോബിയും നേര്‍ക്കുനേര്‍. കേസില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനപ്പുറം ഉദ്യോഗസ്ഥ ലോബിയുടെ താത്പര്യങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന ആക്ഷേപത്തിനിടയിലാണ് പുതിയ നടപടി. അന്വേഷണ ഉദ്യോസ്ഥനെ മാറ്റിയാണ് മുഖ്യമന്ത്രിയുടെ തിരിച്ചടി. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി പകരം ക്രൈം ബ്രാഞ്ച് എസ്.പി എ ഷാനവാസിന് ചുമതല നല്‍കി ഡി.ജി.പി ഉത്തരവിറക്കി. എ.സി.പി ഷീന്‍ തറയിലിനെയാണ് മാറ്റിയത്. 
എ.സി.പി ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ വിശദീകരണ റിപ്പോര്‍ട്ട് വിവാദമായിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കേസില്‍ മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിനെയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. പകരം അന്വേഷണ സംഘത്തിലെ എസ്.പി എ.ഷാനവാസിനാണ് ഇനി മുഖ്യ അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്.അന്വേഷണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായ വേളയിലാണ് ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥനില്‍ നിന്നും ചുമതല എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. മാറ്റം സംബന്ധിച്ച് ഡിജിപിയാണ് ഉത്തരവിറക്കിയത്.ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഡി വൈ എസ്.പി ഷീന്‍ തറയില്‍ തുടരും.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സഹേബിനാണ് അന്വേഷണത്തിന്റ മേല്‍നോട്ട ചുമതല. ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ചികിത്സയില്‍ കേസ് ഷീറ്റടക്കമുളള വിശദമായ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.കേസ് ഡയറി സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്സ്രേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248