1470-490

ഒരു പിഞ്ചു കുഞ്ഞു കൂടി മരിച്ചു, ആരോഗ്യമന്ത്രിക്ക് ഒരു ഡോക്റ്ററുടെ കത്ത്

തികച്ചും ദുഖകരവും ഒഴിവാക്കാന്‍ കഴിയുമായിരുന്നതുമായ ഏതാനും സംഭവങ്ങളിലേക്കാണ് ടീച്ചറുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.

ബഹുമാനപ്പെട്ട ടീച്ചര്‍,

നമ്മുടെ കേരളം ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടേത് അപേക്ഷിച്ച് നോക്കുമ്പോള്‍ അസൂയാവഹമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണല്ലോ.

മാതൃ-ശിശു മരണനിരക്കുകള്‍ നിയന്ത്രിച്ചും ഫലപ്രദമായി രോഗപ്രതിരോധവും ആരോഗ്യബോധവല്‍ക്കരണവുമെല്ലാം നടപ്പാക്കിയും നാം ഇനിയും ഏറെ മുന്നേറുകയും ചെയ്യും.എന്നാല്‍ തികച്ചും ദുഖകരവും ഒഴിവാക്കാന്‍ കഴിയുമായിരുന്നതുമായ ഏതാനും സംഭവങ്ങളിലേക്കാണ് ടീച്ചറുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. 

1. അതില്‍ ആദ്യത്തേത് തൃശൂര്‍ മെഡിക്കല്‍ കോളജ് പീഡിയാട്രിക് റസിഡന്റ് ഡോ.Vipin Kalathil എഴുതിയ കുറിപ്പാണ്. വെറും ഒന്നര വയസ് മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞാണ് ടീച്ചര്‍ മരണപ്പെട്ടത്. ഡോ. വിപിന്റെ വാക്കുകള്‍ കടമെടുക്കുകയാണ്..

കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിച്ച് ഒരു പരിധി വരെ മുന്നോട്ട് പോകാമായിരുന്ന  ജനിതക രോഗമാണെന്നു ( Included Under Inborn errors of Metabolism ) കണ്ടെത്തിയിരുന്നതാണ്. അത് ഏകദേശം ഒരു വര്‍ഷത്തോളം കാര്യമായ പ്രശ്‌നങ്ങളില്ലാതെ മുന്‍പോട്ട് പോയിരുന്നതുമാണ്.

എന്നാല്‍ ചേര്‍ത്തല സ്വദേശിയായ മോഹനന്‍ എന്നയാളുടെ വാക്ക് കേട്ട് അങ്ങനെ ഒരു രോഗമില്ല എന്നും  കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും വിശ്വസിച്ച് മരുന്നുകള്‍ നിര്‍ത്തുകയും അവിടെനിന്ന് നല്‍കുന്ന പൊടികള്‍ കഴിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചു.. അതെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ചെയ്തു.

2. തന്റെ സുഹൃത്തിന്റെ മരണത്തെക്കുറിച്ച് ഹുസൈന്‍ എന്നൊരു വ്യക്തി ഫേസ്ബുക്കില്‍ കുറിച്ചത് വായിച്ച് ചെന്നപ്പൊഴും അതേ ചേര്‍ത്തല സ്വദേശിയിലാണ് എത്തി നില്‍ക്കുന്നത്. 

കരളിനെ ബാധിച്ചിരുന്ന കാന്‍സര്‍ ആയിരുന്ന സുഹൃത്തിന് പ്രത്യേകിച്ച് ഒരു അസുഖവുമില്ല എന്നും കുറച്ച് ഗ്യാസിന്റെ പ്രശ്‌നം മാത്രമേയുള്ളൂ എന്നും പ്രസ്തുത വ്യക്തി പറഞ്ഞതിനെക്കുറിച്ചുള്ള വീഡിയോ എസന്‍സ് ഗ്ലോബല്‍ എന്ന മറ്റൊരു പേജില്‍ നിന്ന് ലഭിച്ചതും താഴെ ചേര്‍ക്കുന്നു.

മരണപ്പെട്ടയാളുടെ ഫേസ്ബുക് വാളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോള്‍ ടീച്ചര്‍, ആരോഗ്യമന്ത്രിയെക്കുറിച്ച് അഭിമാനത്തോടെ ഷെയര്‍ ചെയ്ത ഒരു പോസ്റ്റും അയാളുടെ വാളില്‍ കാണാന്‍ കഴിഞ്ഞു..ഈ നാടിന്റെ ആരോഗ്യമന്ത്രിയില്‍ വിശ്വസിച്ച ഒരാളായിരുന്നു ടീച്ചര്‍ അയാളും..

3. ഈ അടുത്ത് സമ്പ്രേഷണം ചെയ്യപ്പെട്ട ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിയില്‍ നിപ്പ സമയത്ത് മാങ്ങ ചപ്പി ആരോഗ്യവകുപ്പ് പ്രചരണങ്ങള്‍ക്ക് എതിര്‍ പ്രചരണം നടത്തിയതിനെക്കുറിച്ചും അന്ന് മാപ്പ് പറഞ്ഞത് കേസുണ്ടാവാതിരിക്കാനാണ് എന്നും പറയുന്നത് കേരള സമൂഹം കണ്ടതാണ്.

മുന്‍പും കേരളത്തിന്റെ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ അയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത് പറഞ്ഞത്.

4. ആളുകളുടെ അനുഭവ സാക്ഷ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയായിരുന്നു ഈ അടുത്ത കാലം വരെയുള്ള രീതി. എന്നാല്‍ രോഗം മാറിയെന്നതിനുള്ള ശാസ്ത്രീയമായ എന്തെങ്കിലും തെളിവുകള്‍ അതിനൊപ്പമുണ്ടായിരുന്നതായി വ്യക്തമല്ല.

അത്തരം അനുഭവസാക്ഷ്യങ്ങള്‍ സത്യമാണെന്ന് വിശ്വസിച്ച് അവിടെ ചെന്ന് പെടുന്നവര്‍ വഞ്ചിതരാവാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്.

മേല്‍പ്പറഞ്ഞ ഉദാഹരണങ്ങള്‍ പോലെയുള്ള സംഭവങ്ങളില്‍ ആപത്ത് സംഭവിച്ചവര്‍ അത് തുറന്ന് പറയാനുള്ള മാനസികാവസ്ഥയിലായിരിക്കണമെന്നില്ല. അത് മാത്രമല്ല, നിയമപരമായി മുന്നോട്ട് പോവുമ്പോളുള്ള വൈഷമ്യങ്ങളും സാധാരണക്കാരെ അത്തരം നടപടികളിലേക്ക് കടക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.

ആയതിനാല്‍ ആരോഗ്യവകുപ്പിന്റെയും ടീച്ചറുടെയും സത്വരശ്രദ്ധ ഈ സംഭവങ്ങളിലേക്ക് പതിയേണ്ടതായുണ്ട്. ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ

Dr നെല്‍സണ്‍ ജോസഫ്

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202