1470-490

ആമസോണ്‍ എന്ന വിസ്മയത്തെ അറിയാം

ഫീച്ചര്‍ ഡെസ്‌ക്: അളവ് കൊണ്ട് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്ന ഒരു  നദിയാണ് ആമസോണ്‍. സൗത്ത് അമേരിക്കയുടെ നാല്പത് ശതമാനം വ്യാപിച്ചുകിടക്കുന്ന മഴക്കാടുകള്‍ക്ക് ഇടയിലൂടെ ഒഴുകുന്ന ഒരു കടലെന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. മെഡിറ്ററെനിയന്‍ പോര്‍ട്ടില്‍ നിന്നും അറ്റ്‌ലാന്ടിക് സമുദ്രം വഴി ആമസോണിലൂടെ ബ്രസീലിലെ ട്രോംബെട്ടാസിലേക്ക് പോയ ഒരു യാത്രയില്‍ നിന്നാണ് ആമസോണ്‍ നദി നേരിട്ട് അനുഭവിച്ചറിയുന്നത്. മഴക്കാടിന്റെ സൗന്ദര്യത്തിനു അതിരില്ലായെന്നറിഞ്ഞ ഒരേയൊരു യാത്ര. ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന നദിയിലൂടെ കപ്പല്‍ ഗതാഗതം വളരെ ശ്രമകരമായ ഒരു കാര്യമാണ്. പലയിടങ്ങളിലും നദി ഇടുങ്ങിയതും അല്പം റൂട്ട് തെറ്റിയാല്‍ കരയില്‍ കയറിപ്പോവുന്ന സാഹചര്യവുമാണ്. അതേ സമയം ചിലയിടങ്ങള്‍ കടല്‍ പോലെ വിശാലവും. പെട്ടെന്ന് കാണുന്ന ഒരാള്‍ താന്‍ കടലില്‍ എത്തിയോ എന്ന് സംശയിക്കുകയും ചെയ്യും. 

ഉയര്‍ന്ന ജലവിതാനമുള്ള വേളകളില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ചേരുന്ന ആമസോണ്‍ അഴിമുഖത്തിനു മുന്നൂര്‍ മൈല്‍ വീതിയുണ്ടാകും. ഓരോ ദിവസവും 500 billion cubic feet ജലം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ആമസോണില്‍ നിന്ന് ഒഴുകിയെത്തുന്നു. അതായത് ന്യുയോര്‍ക്ക്ര് നഗരത്തിന് ഒന്‍പത് വര്‍ഷത്തേക്ക് ആവശ്യമുള്ള ജലം ഒരൊറ്റദിവസം ആമസോണ്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കൊണ്ടിറക്കിവിടുന്നുണ്ട്.  കടലിലേക്കുള്ള അതിശക്തമായ ഒഴുക്കില്‍ 125 മൈല്‍ വരെ ആമസോണ്‍ ജലം ഉപ്പുവെള്ളവുമായി കൂടിക്കലരാതിരിക്കും. പതിനഞ്ച് മില്ലിയന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാഗ് കോങ്‌ഗോ നദിസിസ്റ്റത്തിന്റെ ഭാഗമായി ആമസോണ്‍ പടിഞ്ഞാറോട്ട് ഒഴുകിയെന്നു ഒരു ചരിത്രാനുമാനം ഉണ്ട്. അന്ന് ഭൂഖണ്ഡങ്ങള്‍ യോജിച്ചു നിന്നിരുന്ന Gondawana യുടെ ഭാഗമായി ആഫ്രിക്കയില്‍ നിന്നായിരുന്നു ഇതിന്റെ ഒഴുക്ക്. സൌത്ത് അമേരിക്കന്‍ ഭൂഫലകവും നാസ്‌ക ഭൂഫലകവും കൂട്ടിയിടിച്ചു ആന്ദസ് പര്‍വ്വതനിരകള്‍ രൂപപ്പെട്ട വേളയില്‍ ബ്രസീലിയന്‍ ഗയാന അടിത്തട്ടുകളുടെ ബന്ധനരീതിയുലുള്ള കവചം നദിയുടെ ദിശയും ദിക്കും മാറ്റിയെടുത്തതിന്റെ ഒടുവിലത്തെ രൂപമാണ് നമ്മള്‍ ഇന്ന് കാണുന്ന ആമസോണ്‍.

ചില നദികള്‍ പ്രാദേശികമായി അറിയപ്പെടുന്നതും, തദ്ദേശീയമായ ജന ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതും ആയിരിക്കും. എന്നാല്‍ ഒരു നദി അതിന്റെ വലുപ്പം കൊണ്ടും അതിനോട് അനുബന്ധിച്ചുള്ള വന്യ മേഖലയിലെ ജീവജാലങ്ങളെക്കൊണ്ടും  ഈ ഭൂഗോളത്തിന്റെ ജീവല്‍ പ്രതിഭാസത്തിനു രക്തയോട്ടമായി നിലകൊള്ളുന്നതാണ് ആമസോണ്‍ വേറിട്ട് നില്‍ക്കാനുള്ള കാരണം. വലിയ കൂട്ടത്തോടെ സഞ്ചരിക്കുന്ന പിരാന മല്‍സ്യങ്ങള്‍ ധാരാളം ഇതിലുണ്ട്. , മറ്റുള്ള ജന്തുക്കളെയു മനുഷ്യരെപ്പോലും ആക്രമിക്കാറുണ്ട് ഈ മാംസഭോജികള്‍. കുറച്ച് സ്പീഷിസുകള്‍ മാത്രമേ മനുഷ്യരെ ആക്രമിക്കുന്നവയായുള്ളൂ, കൂടുതല്‍ ഇനവും മറ്റ് മല്‍സ്യങ്ങളെ ഭക്ഷിക്കുന്നവയും കൂട്ടത്തോടെ  സഞ്ചരിക്കാത്തവയുമാണ്. ആമസോണ്‍ നദീതടവ്യവസ്ഥയുടെ ഇരുണ്ട ഭാഗങ്ങളില്‍ കാണപ്പെടുന്ന പാമ്പാണ് അനക്കൊണ്ട.  ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ സ്പീഷീസികളിലൊന്നാണിത്, നാസദ്വാരങ്ങള്‍ മാത്രം വെളിയിലാക്കി വെള്ളത്തിനടിയിലാണ് ഇവ കൂടുതല്‍ സമയവും ചിലവഴിക്കുന്നത്.

ലോകത്തിലുള്ള  ശുദ്ധജലത്തിന്റെ ഇരുപത് ശതമാനവും ആമസോണ്‍ നദിയിലാണ്. അതുകൊണ്ട് തന്നെ ജീവജാലങ്ങള്‍ ഇതില്‍ എത്രത്തോള0 ഇവിടെയുണ്ടെന്നും ഇതിനെ ആശ്രയിച്ചു ജീവിക്കുന്നുവെന്നും നമുക്ക് ചിന്തിക്കാം. അതേ പോലെ ലോകത്തിലെ മഴക്കാടുകളുടെ അമ്പതു ശതമാനവും ആമസോണ്‍ കൈയ്യടക്കിയിട്ടുണ്ട്. 6.7 million ചതുരശ്ര കിലോമീറ്ററില്‍ നാനൂര്‍ ബില്ലിയന്‍ മരങ്ങള്‍ ഉണ്ടെന്നാണ്  ഏകദേശ കണക്ക്.  ഈ മരങ്ങളിലൂടെയാണ്  ലോകത്തിലെ ഇരുപത് ശതമാനത്തോളം ഒക്‌സിജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടാന്‍ ഇതേക്കാള്‍ നല്ല ഒരു കാരണം വേറെയുണ്ടാവേണ്ടതില്ല.  അതേ സമയം ഈ മഴക്കാടുകള്‍ 90 – 140 trillion tons കാര്‍ബണ്‍ വഹിക്കുന്നുമുണ്ട്. ഒരു വര്‍ഷത്തില്‍ നമ്മള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്തിന്റെ മൂന്നോ നാലോ ഇരട്ടി എന്നര്‍ത്ഥം. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അനുഗ്രഹമാവുന്ന ആമസോണിനെയാണ് നമ്മള്‍ ഇവിടെ കാണുന്നത്. കാന്‍സറിനെതിരെ ഉപയോഗിക്കാവുന്ന മുവ്വായിരത്തോളം  ചെടികളില്‍ എഴുപതു ശതമാനത്തോളവും ആമസോണ്‍ മഴക്കാടുകളിലാണ്. 

പുറംലോകവുമായി ബന്ധമില്ലാത്ത ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗങ്ങള്‍ ഉള്ളത് ആമസോണ്‍ വനമേഖലയിലാണെന്ന് കരുതപ്പെടുന്നു. 77ലധികം ഇത്തരം ഗ്രൂപ്പുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആമസോണ്‍ നിവാസികളില്‍ 170ല്‍ പരം ഭാഷയുണ്ട്. ചെറുതും വലുതുമായ ഗ്രൂപ്പുകളായി തിരിഞ്ഞു വേട്ടയാടിയും, കൃഷി  ഉപജീവനമാക്കിയുമാണ്  ആമസോണ്‍ നിവാസികളില്‍ ഭൂരിഭാഗവും ജീവിക്കുന്നത്. Caverna da Pedra Pintada യില്‍ നിന്നുള്ള പുരാവസ്തു ശാസ്ത്ര തെളിവ് പ്രകാരം 11,200 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആമസോണ്‍ മേഖലയില്‍ മനുഷ്യവാസം ആരംഭിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530