1470-490

സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ നടപടി, സംരഭകര്‍ക്ക് പച്ചക്കൊടി

രാജ്യത്ത് പണ ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്നത്. സംരഭകരോട് അനുഭാവ നിലപാടാണ് ഇതില്‍ പ്രധാനം

ഡെല്‍ഹി: സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനുള്ള അസാധാരണ നടപടികള്‍ക്കു മുന്നോടിയെന്നോളം ചെറിയ സൂചനകള്‍ നല്‍കി ധനമന്ത്രി നിര്‍മല സീതാ രാമന്‍. രാജ്യത്ത് പണലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്നത്. സംരഭകരോട് അനുഭാവ നിലപാടാണ് ഇതില്‍ പ്രധാനം. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി മുന്നോട്ടു പോകുകയാണ്. ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കും. ജിഎസ്ടി റീഫണ്ട് വൈകിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നികുതി റിട്ടേണ്‍ കൂടുതല്‍ സുതാര്യമാക്കും. സംരംഭകര്‍ക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല. ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം കേന്ദ്രീകൃത രീതിയിലാക്കും. എല്ലാ ഉത്തരവുകളും നോട്ടീസുകളും ഒരു കേന്ദ്രത്തില്‍ നിന്നായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.

കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തത്തില്‍ ഇളവു വരുത്തുന്നതിനു മുന്നോടിയായി വീഴ്ച വരുത്തിയാലുള്ള ക്രിമിനല്‍ കേസ് മാറ്റി സിവില്‍ കേസാക്കി. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് എയ്ഞ്ചല്‍ ടാക്‌സില്ല. കഴിഞ്ഞ ബജറ്റില്‍ കൊണ്ടുവന്നിരുന്ന സൂപ്പര്‍ റിച്ച് ടാക്‌സില്‍ നിന്ന് വിദേശ നിക്ഷേപകരെ ഒഴിവാക്കി.ഭവന-വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കും. ഓഹരി അടക്കം വന്‍കിട നിക്ഷേപങ്ങള്‍ക്ക് സര്‍ചാര്‍ജ് ഉണ്ടാവില്ല. എഴുപതിനായിരം കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കും.

ഇരുപതിനായിരം കോടി രൂപ ഭവനനിര്‍മാണ മേഖലയ്ക്കായി ദേശീയ ഹൗസിങ് ബാങ്ക് വഴി നല്‍കും. ആദായനികുതി മേഖലയില്‍ ഏകീകൃത കമ്പ്യൂട്ടര്‍ സംവിധനം ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പിലാവും. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് നിലവില്‍ നല്‍കാനുള്ള ജിഎസ്ടി റിട്ടേണ്‍ ഒരു മാസത്തിനകം നല്‍കും. ഭാവിയിലുള്ള അപേക്ഷകളില്‍ അറുപത് ദിവസത്തിനുള്ളില്‍ തീരുമനമുണ്ടാക്കും. ദീര്‍ഘ, ഹ്രസ്വകാല മൂലധന നിക്ഷേപങ്ങള്‍ക്കുള്ള സര്‍ചാര്‍ജ് ഒഴിവാക്കി. 

Comments are closed.