1470-490

പി ചിദംബരത്തെ നാല് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു

ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ ഈ മാസം 26 വരെ ചിദംബരത്തെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സിബിഐയെ അനുവദിച്ചുകൊണ്ടാണ് ഡല്‍ഹിയിലെ സിബിഐ കോടതി ഉത്തരവിട്ടത്.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തെ നാല് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്. ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ ഈ മാസം 26 വരെ ചിദംബരത്തെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സിബിഐയെ അനുവദിച്ചുകൊണ്ടാണ് ഡല്‍ഹിയിലെ സിബിഐ കോടതി ഉത്തരവിട്ടത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്നും സിബിഐ ആരോപിച്ചിരുന്നു.

ചിദംബരത്തിന് വേണ്ടി കപില്‍ സിബലും അഭിഷേക് മനു സിംഗ്വിയും സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചിദംബരത്തിനെതിരെ ഹൈക്കോടതി ജഡ്ജി സുനില്‍ ഗൗര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. അതിസമര്‍ത്ഥനായ ചിദംബരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി അന്വേഷണവുമായി നിസഹകരണം പാലിക്കുന്നു എന്നാണ് സിബിഐ ആരോപിച്ചത്. അതേസമയം ചിദംബരം ഒരു ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും അന്വേഷണ നടപടികളുമായി സഹകരിക്കുന്നുണ്ടെന്നും കപില്‍ സിബലും സിംഗ്വിയും വാദിച്ചു.

ബുധനാഴ്ച രാത്രി വൈകീട്ട് ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വീട്ടിലെത്തി മതില്‍ചാടി അകത്തുകടന്ന് ഏറെ നാടകീയമായാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അപ്രത്യക്ഷനായ പി ചിദംബരം ഇന്നലെ വൈകീട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി വീട്ടിലേയ്ക്ക് മടങ്ങുകയും പിന്നാലെയെത്തിയ സിബിഐ സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഐഎന്‍എക്സ് മീഡിയ ഉടമ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയെ അടിസ്ഥാനമാക്കി ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് നീതികരിക്കാനാവില്ല എന്നാണ് അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിംഗ്വിയും വാദിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761