1470-490

ഹാ..എത്ര മഹത്തരം മുത്തലാക്ക് ബില്‍, പിന്നിലെ ചതിയെന്ത്?

നരേന്ദ്രകുമാര്‍

പുതിയ ബില്‍ വ്യവസ്ഥ ചെയ്യും പ്രകാരം മുത്തലാഖിലൂടെ വിവാഹം ബന്ധം വേര്‍പ്പെടുത്തുന്ന റഹീമിനെതിരെ ക്രിമിനല്‍ കേസും രാമനും റാഫേലിനും നിലവിലെ സിവില്‍ കേസും മാത്രം. രാമനും റാഫേലിനും കിട്ടുക ചെറിയ ശിക്ഷകളാണെങ്കില്‍ റഹീമിന് കിട്ടുന്നത് മൂന്നു വര്‍ഷത്തെ തടവു ശിക്ഷയും ജാമ്യമില്ലാത്ത കേസും. ഇവിടെ എവിടെയാണ് ഭരണഘടന പൗരനു നല്‍കുന്ന സമത്വം

കൊച്ചി: മുത്തലാക്ക് ബില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ലോക്സഭയിലും ഏറ്റവും ഒടുവില്‍ രാജ്യസഭയിലും പാസാക്കിയെടുത്തു. സിപിഎമ്മും സിപഐയും ലീഗും മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. കോണ്‍ഗ്രസ് പോലും പിന്തുണച്ചു. അല്ലെങ്കില്‍ തന്നെ എന്തിനാ ഈ മുത്തലാക്ക് ബില്ലിനെ ഇങ്ങനെ എതിര്‍ക്കുന്നത്. മുസ്ലിം സ്ത്രീകളുടെ സുരക്ഷയ്ക്കായി മാത്രം കൊണ്ടു വരുന്നതല്ലേ. ഒരു സ്ത്രീയെ വഴിയാധാരമാക്കുന്ന രീതികള്‍ക്കെതിരെ ക്രിമിനനല്‍ കേസെടുക്കുന്ന ഒരു നിയമനിര്‍മാണത്തെ നിങ്ങളെന്തിനാണ് എതിര്‍ക്കുന്നത്. ഇങ്ങനെ ഒരു ചോദ്യം കേള്‍ക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ ശരിയെന്നും തോന്നും എന്നാല്‍ അതിന്റെ ചില നിഗൂഢലക്ഷ്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ചിത്രം താനെ മാറും.

ഒരു മുസ്ലിം പുരുഷന് മൂന്നു തലാക്ക് ചൊല്ലിയാല്‍ ഒരു സ്ത്രീയെ ഉപേക്ഷിക്കാമെന്നും മറ്റൊരു വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമാകുകയും ചെയ്യുന്ന ഇസ്ലാമിക ശരീഅത്തിലെ ഒരു രീതിയാണ് മുത്തലാക്ക്. ഫോണിലൂടെ പോലും മുത്തലാക്ക് ചൊല്ലി സ്ത്രീകളെ ഉപേക്ഷിക്കുന്ന രീതികള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരം രീതികള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോ?. …….അല്ല, ഒരിയ്ക്കലുമല്ല. അതു സ്ത്രീകളോട് കാണിക്കുന്ന കടുത്ത ക്രൂരത തന്നെയാണ്.

രാജ്യത്ത് ഭാര്യയെ ഉപേക്ഷിക്കുന്നതിന് റഹീമിന് മതം നല്‍കുന്ന സ്വാതന്ത്ര്യമായിരുന്നു ഇതെങ്കിലും രാമനും റാഫേലുമൊക്കെ നിലവില്‍ ഓരോ രീതിയില്‍ ഭാര്യയെ ഉപേക്ഷിക്കുകയും മറ്റു വിവാഹങ്ങള്‍ കഴിക്കുകയും ചെയ്യുന്നുണ്ട്. രാമനും റാഫേലിനും രാജ്യത്തെ സിവില്‍ നിയമങ്ങളുടെ നൂലാമാലകളിലൂടെ മാത്രമേ ഭാര്യയേ ഉപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ റഹീമിന് അതിന്റെ ആവശ്യമില്ലെന്ന വാദം ഉയര്‍ത്തിയാണ് ബിജെപി സര്‍ക്കാര്‍ മുത്തലാഖ് ബില്ലുമായി വന്നത്.

2017ല്‍ മൂന്നു തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് നിയമസാധുതയില്ലെന്ന് ഒരു വിധിയിലൂടെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ടുണ്ട്. ഈ വിധിയോടെ മുത്തലാക്കിലൂടെ ഒരു മുസ്ലിം മതവിശ്വാസിക്ക് വെറുതെ ഭാര്യയെ ഉപേക്ഷിക്കാന്‍ കഴിയില്ല. സിവില്‍ നിയമങ്ങളിലൂടെ മാത്രമേ വിവാഹ മോചനം സാധ്യമാകൂ. മാത്രമല്ല ഭാര്യയ്ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ ചെലവിനു കൊടുക്കുകയും വേണം. ഒരു സുപ്രീം കോടതി വിധിയിലൂടെ ഇങ്ങനെ ഒരു നിയമപരമായ മാര്‍ഗം മുസ്ലിം സ്ത്രീകള്‍ക്കുണ്ടാകുമ്പോള്‍ പിന്നെന്തിനാണ് മുത്തലാഖ് ബില്‍.

പുതിയ ബില്‍ വ്യവസ്ഥ ചെയ്യും പ്രകാരം മുത്തലാഖിലൂടെ വിവാഹം ബന്ധം വേര്‍പ്പെടുത്തുന്ന റഹീമിനെതിരെ ക്രിമിനല്‍ കേസും രാമനും റാഫേലിനും നിലവിലെ സിവില്‍ കേസും മാത്രം. രാമനും റാഫേലിനും കിട്ടുക ചെറിയ ശിക്ഷകളാണെങ്കില്‍ റഹീമിന് കിട്ടുന്നത് മൂന്നു വര്‍ഷത്തെ തടവു ശിക്ഷയും ജാമ്യമില്ലാത്ത കേസും. ഇവിടെ എവിടെയാണ് ഭരണഘടന പൗരനു നല്‍കുന്ന സമത്വം. എന്തിനാണ് മുസ്ലിം പുരുഷനു നേരെ മാത്രം സമാന സംഭവങ്ങളില്‍ കൂടുതല്‍ ശിക്ഷ. ഇക്കാര്യങ്ങള്‍ ചിന്തിക്കുമ്പോഴറിയാം. മുത്തലാഖ് ബില്ലിനു പിന്നിലെ വര്‍ഗീയ രാഷ്ട്രീയ ലാക്ക്. ഒരു ജനാധിപത്യ രാജ്യത്ത് ഒരു മതവിഭാഗത്തെ മാത്രം ഒറ്റപ്പെടുത്തുന്ന ഹിന്ദ്വത്വ അജണ്ടകള്‍. ഈ അജണ്ടയ്ക്കു വേണ്ടിയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ വോട്ട് ചെയ്തു കൊടുത്തത്.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761