1470-490

പൊലീസുകാരന്റെ മരണം, ഏഴ് പേരെ സസ്‌പെന്റ് ചെയ്തു,ജാതീയ വിവേചനം ഉണ്ടായിട്ടില്ലെന്ന്എസ്പി

പൊലീസുദ്യോഗസ്ഥന്‍ കുമാറിന്റെ മരണത്തില്‍ ആരോപണവിധേയരായ ഏഴ് പൊലീസുകാരെ കേസന്വേഷണം പൂര്‍ത്തിയാകുംവരെ സസ്പെന്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി ശിവ വിക്രം അറിയിച്ചു. എന്നാല്‍, കുമാറിന് ക്യാമ്പില്‍ ജാതീയ വിവേചനമോ ശാരീരിക മാനസിക പീഡനമോ ഏറ്റതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.

പാലക്കാട്: കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പൊലീസുദ്യോഗസ്ഥന്‍ കുമാറിന്റെ മരണത്തില്‍ ആരോപണവിധേയരായ ഏഴ് പൊലീസുകാരെ കേസന്വേഷണം പൂര്‍ത്തിയാകുംവരെ സസ്പെന്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി ശിവ വിക്രം അറിയിച്ചു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി നല്‍കിയ പ്രാഥമികഅന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നും എസ്.പി പറഞ്ഞു.

എ.എസ്.ഐ എന്‍.റഫീഖ്, ഗ്രേഡ് എ.എസ്.ഐ പി.ഹരിഗോവിന്ദ്, എസ്.സി.പി.ഒ എം.മുഹമ്മദ് ആസാദ്, സി.പി.ഒമാരായ കെ.സി.മഹേഷ്, എസ്.ശ്രീജിത്ത്, കെ.വൈശാഖ്, വി.ജയേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ക്യാമ്പിലെ പൊലീസുകാര്‍ക്ക് ക്വര്‍ട്ടേഴ്സ് അനുവദിച്ചതിലുള്‍പ്പെട ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ക്വാര്‍ട്ടേഴ്സ് മാറ്റുമ്പോള്‍ കുമാറിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ സാധനങ്ങള്‍ സഹപ്രവര്‍ത്തകര്‍ മാറ്റിയതിനും മൊബൈലും താക്കോലും പിടിച്ചുവച്ചതിനുമെതിരാണ് മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളത്.

എന്നാല്‍, കുമാറിന് ക്യാമ്പില്‍ ജാതീയ വിവേചനമോ ശാരീരിക മാനസിക പീഡനമോ ഏറ്റതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. ആത്മഹത്യാകുറുപ്പില്‍ പറഞ്ഞിട്ടുള്ള ഡെപ്യൂട്ടി കമാന്റിന്റെ ഉള്‍പ്പെടെ ക്യാമ്പിലെ എല്ലാ പൊലീസുകാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രാരംഭ നടപടികള്‍ മാത്രമാണ് ഇതുവരെ സ്വീകരിച്ചത്. കുടുംബാംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളടക്കം വിശദമായ അന്വേഷിച്ച് കൃത്യമായ നടപടികളെടുക്കുമെന്നും എസ്.പി അറിയിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

അതേസമയം, ജാതീയാധിക്ഷേപം നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് എസ്.സി എസ്.ടി കമ്മിഷന്‍ കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെത്തി തെളിവെടുപ്പ് നടത്തി. ക്യാമ്പിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച കമ്മിഷന്‍ ഞായറാഴ്ച കുമാറിന്റെ വീട്ടിലെത്തി ഭാര്യയുടെയും സഹോദരന്റെയും മൊഴിയെടുക്കും. ഡെപ്യൂട്ടി കമാന്റന്റ് സുരേന്ദ്രനെ ക്യാമ്പ് ആസ്ഥാനത്ത് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269