1470-490

പെരുങ്കളിയാട്ടം-സിറാജ്.പി. അബ്ദുള്ളയുടെ കഥ

സിറാജ്.പി. അബ്ദുള്ള
നാളെയാണ് പെരുങ്കളിയാട്ടം !                    
ഉണ്ണി മരിച്ചിട്ട് പന്ത്രണ്ട് വർഷം കഴിയുന്നു…..
തോറ്റം പാടി, ചെണ്ടകൊട്ടി ,മേലേരി കൂട്ടി ,       കാൽ ചിലമ്പിട്ട കാലുകൾ കനലിലമർന്ന്   പൈതങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ്  കൈ പിടിച്ച് കുറി തന്ന് സങ്കടമകറ്റി..  ഈ വർഷത്തെ പെരുങ്കളിയാട്ടം  അവസാനിക്കാൻ പോകുന്നു… 
കളിയാട്ടത്തിന് പോരുന്നില്ലേന്ന് ചോദിച്ച്  രഘുമാമൻ വന്ന് വിളിച്ചിരുന്നു…
  പോകണം പോകാതിരിക്കാൻ കഴിയില്ലല്ലോ മുച്ചിലോട്ട് ഭഗവതിയുടെ സ്വാത്വീകഭാവം വിട്ട് രൗദ്രഭാവം കൈവരിക്കുന്നതും, ഉണ്ണിയേട്ടന്റെ മരണത്തിനുത്തരവാദിയായവരോട് പകരം ചോദിക്കുന്നതും എന്നും  സ്വപ്നം കാണാറുണ്ട്…
 ചെറുപ്പം മുതൽ ആരാധിക്കുന്ന മൂർത്തിയാണ് കൈവെടിയില്ലെന്നുള്ളത്  ഉറപ്പാണ് .,ഒരിക്കൽ ദേവിയാ സ്വാത്വീക ഭാവം വെടിയും…!!!ചുവടുകൾ ചടുലമാകും….!!!കണ്ണുകളിൽ അഗ്നി നിറയും…!!!
വിവാഹം കഴിഞ്ഞ് ഒരാഴ്ച്ചയായിരുന്നു. ആ  സമയത്താണ്  പെരുങ്കളിയാട്ടം നടക്കുന്നത്…
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ആഘോഷം. ഒരു നാട് മുഴുവൻ ഒരുമിക്കുന്ന ഉത്സവം… 
 കാൽച്ചിലമ്പണിഞ്ഞ്, പനയോലയും ചായില്യവും കൊണ്ടുള്ള  മുഖമെഴുത്തിൻ കൂടെ തലപ്പാളിയും,ചെന്നി മലരും മുഖത്തണിഞ്ഞ്, വളയും, കടകവും, കൈകളിലണിഞ്ഞ്, ചുവന്ന പട്ടിനാൽ ചേല ചുറ്റിയ തെയ്യങ്ങൾ ദൈവപ്രതീകമായി പൈതങ്ങൾക്ക് വേണ്ടി ഉറഞ്ഞ് തുള്ളുന്ന തെയ്യക്കാലം  ജാതിവർണ്ണ വിവേചനങ്ങളില്ലാതെ കൊണ്ടാടുന്ന മഹാ ആഘോഷം. അരിപ്പൊടിയും, ചുട്ടെടുത്ത നൂറും, മഞ്ഞൾ പൊടിയും ശുദ്ധജലത്തിലും, വെളിച്ചെണ്ണയിലും ചാലിച്ച് മുഖമെഴുതി. കവുങ്ങ് ചതച്ച് തിരുമുടിയാക്കി തെയ്യക്കോലം കെട്ടിയാടുന്ന കാലം…
ഉണ്ണിക്കെല്ലാം പുതിയ കാഴ്ച്ചകളായിരുന്നു. 
 കോളേജ് പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് ലക്ഷ്മിയും ഉണ്ണിയും ഒരുമിക്കാൻ കാരണമായതും.,,   പെരുങ്കളിയാട്ടം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഏറെ വൈകിയിരുന്നു.  ഉണ്ണിയുടെ വലത് കൈ ചേർത്ത് പിടിച്ച്  ലക്ഷ്മി മുച്ചിലോട്ട് ഭഗവതിയുടെ ചരിത്രം പറഞ്ഞു….
  ”അറിവു കൊണ്ട് വിജയം നേടിയ പെണ്ണിന്റെ കഥ..!!
 അപവാദം കൊണ്ടവളെ അപമാനിച്ച് ഭ്രഷ്ട് കൽപ്പിച്ചപ്പോൾ അഗ്നിയിൽ ജീവിതം ഹോമിച്ച സ്ത്രീയുടെ കഥ…!!!  അവളാണ് മുച്ചിലോട്ട് ഭഗവതിയായി അവതരിച്ചതെന്ന് അവൾ പറയുമ്പോൾ  അവൻ അതിശയത്തോടെ കേട്ടിരുന്നു.!!
”നീ കൊള്ളാലോ ലച്ചൂ എന്തോരം അറിവുകളാണ്…”
”അച്ഛനും അമ്മാവനും പറഞ്ഞുള്ള അറിവുകളാണ് .. അനീതിക്കെതിരെ അവർ രൗദ്രഭാവം കൈക്കൊള്ളും ഓരോ തെയ്യത്തിന്റേയും പിറകിൽ ഒരുപാട് ഐതിഹ്യങ്ങളാണ്”
”കൊള്ളാം വെറുതെയിരിക്കുമ്പോൾ കേൾക്കാമല്ലോ”
അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ച് കൊണ്ട് മുന്നോട്ട് നടന്നു…
വീടിനടുത്തേക്കുള്ള വളവ് തിരിഞ്ഞതും രണ്ട് മൂന്നുപേർ അവർക്ക് മുന്നിൽ ചാടി വീണു…..
”ആരാ…?”  ഉണ്ണിയുടെ ചോദ്യം അവസാനിക്കും മുൻപ് അവരിലൊരാളുടെ കയ്യിലെ ആയുധം ഉണ്ണിയുടെ ശിരസ് പിളർത്തിയിരുന്നു …
 ആയുധങ്ങൾ വീണ്ടും ഉയർന്നു താണു. നിമിഷങ്ങൾക്കകം ഉണ്ണി വെറുമൊരു  മാംസപിണ്ഡം മാത്രമായി…!!!! അപ്പോഴേക്കും  ലക്ഷ്മിയുടെ ബോധം  നഷ്ടപ്പെട്ടിരുന്നു….
ഓർമ്മ വരുമ്പോൾ ലക്ഷ്മി ആശുപത്രിയിലായിരുന്നു,
അവളാദ്യം അന്വേഷിച്ചത്  ഉണ്ണിയെ ആയിരുന്നു, അപ്പുറത്തെ റൂമിലുണ്ട് കുഴപ്പമൊന്നുമില്ല എന്നാരോ പറഞ്ഞെങ്കിലും  അവൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവളുടെ മനസ്സിൽ അപ്പോഴും ഉണ്ണിയുടെ നിലവിളി മുഴങ്ങുന്നുണ്ടായിരുന്നു. 
 ”എനിക്ക് ഉണ്ണിയേട്ടനെ കാണണം”  അവൾ വാശിപ്പിടിച്ചു.  
”ലച്ചൂ നമ്മുടെ ഉണ്ണി പോയി”  എന്നാരോ പറയുന്നത് ചെവിക്കുള്ളിൽ ഈയം ഉരുക്കിയൊഴുക്കുന്ന വേദനയോടെ എവിടെ നിന്നോ മുഴങ്ങി കേട്ടു….!!
ഒരു ആർത്തനാദത്തോടെ അവൾ പുറത്തേക്കോടി  ആരോ അവളെ ചേർത്ത് പിടിച്ചു…,
രാഷ്ട്രീയ അക്രമികൾക്ക് ആള് മാറിയതാണെന്ന് രഘുമാമൻ പറഞ്ഞാണ് അറിഞ്ഞത്.  ഒക്കെ കഴിഞ്ഞിട്ട് പന്ത്രണ്ട് വർഷങ്ങളായിരിക്കുന്നു. വീണ്ടും ഒരു പെരുങ്കളിയാട്ടം കൂടി. അതിനിടയിൽ മകളെയോർത്ത് വേദനിച്ച് അമ്മയും പോയിക്കഴിഞ്ഞിരുന്നു.
———-”ലച്ചൂ നീ റെഡിയായോ”  ശബ്ദം കേട്ടവൾ ഓർമ്മയിൽ നിന്നുണർന്നു.
”ലച്ചൂ വേഗം വാ എല്ലാവരും പോയി”
”ഇതാ വരുന്നൂ മാമാ…”
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായി അവൾ പുറത്തേക്കിറങ്ങി…,,ഉണ്ണി മരിച്ചതിന്റെ പന്ത്രണ്ടാം ആണ്ട്.  ഉണ്ണിയുടെ വലത് കൈ പിടിച്ച് അവൾ അന്ന് നടന്ന ഇടവഴിക്ക് വലിയമാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.  അല്ലെങ്കിലും പ്രിയപെട്ടവരുടെ  നഷ്ടങ്ങൾ ഉണ്ടാക്കുന്ന വിടവ് നമ്മിലാണല്ലോ മാറ്റങ്ങൾ ഉണ്ടാക്കുന്നത്…  മനസ്സ് മരിച്ചവളായി ജീവിക്കയാണിന്നും. ഉറ്റവർ മൃത്യു വരിച്ചു നമ്മിൽ നിന്നും അകലുന്നതാണ് ഏറ്റവും വലിയ വേദന. …നികത്താൻ കഴിയാത്ത നഷ്ടമാണ് ഉണ്ണിയുടെ വിയോഗം….
 ഒരിക്കലും അകലാതിരിക്കാനായി   ഓർമ്മകൾ കൊണ്ട്  തടവിലാക്കി അവനെ മനസ്സിൽ ജീവിപ്പിക്കുകയാണെന്നും.. ദീർഘനിശ്വാസത്തോടെ അവളോർത്തു…
അരിമ്പുമാലയും, ഏഴിയരവും മാറിലണിഞ്ഞ് വട്ടമുടിയണിഞ്ഞാടുന്ന മുച്ചിലോട്ട് ഭഗവതി…..!!! ഭക്തി സാന്ദ്രമായ അന്തരീക്ഷം, തന്റെ വിഷമങ്ങൾ പറഞ്ഞ് ദേവിയുടെ മുഖത്തേക്ക് നോക്കുമ്പോൾ  സ്വാത്വീക ഭാവം വിട്ട് രൗദ്രഭാവം പൂണ്ടിരുന്നു ഭഗവതി….!!!!!കണ്ണുകൾ വൈരപൊടി വീണത് പോലെ ചുവന്നിരുന്നു…!!!
  ലക്ഷ്മി രഘുമാമനെ വിളിച്ചു , ”നമ്മുക്ക് പോയാലോ മാമാ…”   
”ഇത്  കഴിഞ്ഞ് പോയാൽ പോരെ ലച്ചൂ” എന്ന അയാളുടെ ചോദ്യത്തിന് ലക്ഷ്മി മറുപടി പറയാതെ നടന്ന് തുടങ്ങിയിരുന്നു….! 
ഉണ്ണി വെട്ടേറ്റ് വീണ ഇടവഴിയിലെത്തിയപ്പോൾ ലക്ഷ്മി പതുക്കെ തിരിഞ്ഞു നിന്നു  ”എന്തിനാണ് ഉണ്ണിയെ കൊന്നത്”…? പതിഞ്ഞ ശബ്ദം  
”മോളെന്താണ് ഒന്നും അറിയാത്തത് പോലെ… ഞാൻ അന്ന് പറഞ്ഞില്ലേ  അവർക്ക് ആള് മാറിയതാണെന്ന്”
“എന്തിനാണ് ഉണ്ണിയെ കൊന്നത്.. എന്തു തെറ്റാണവൻ ചെയ്തത്??” ആ ശബ്ദം വല്ലാതെ മുറുകിയിരുന്നു. മുഖത്തേയ്ക്ക് ഭയനകമായ രൗദ്രത ഇരച്ചു കയറുന്നുണ്ടായിരുന്നു.
അയാൾ വിയർത്തു  ”എനിക്കറിയില്ല മോളെ”
അവളുടെ മുഖം കനൽ കണക്കെ ജ്വലിക്കുന്നുണ്ടായിരുന്നു.  ആ കണ്ണുകളിൽ നിന്ന് വമിക്കുന്ന അഗ്നി ചീളുകൾ താങ്ങാനാകാതെ അയാൾ മുഖം താഴ്ത്തി, ചുറ്റുപാടുകൾക്ക് പോലും തീ പിടിക്കുന്നു. 
”ഞാൻ പറയാം നിങ്ങളെന്തിനാണ്  ഉണ്ണിയെ കൊന്നതെന്ന്” ഏതോ ഗുഹയിൽ നിന്നെന്നോണം തീഷ്ണമായി ചിതറുന്ന വാക്കുകൾ
”നമുക്ക് പോകാം മോളേ…” അയാൾ നിന്നു വിറച്ചു.,,
”സ്വന്തം മകനെകൊണ്ട് എന്നെ  വിവാഹം കഴിപ്പിക്കാൻ നിങ്ങൾക്ക് ലക്ഷ്യമുണ്ടായിരുന്നു.  അതിലൂടെ എന്റെ അച്ഛൻ സമ്പാദിച്ച സ്വത്ത് സ്വന്തമാക്കാനും…  അതിന് തടസ്സമായി നിന്ന ഉണ്ണിയെ നിങ്ങൾ…”’  അവളുടെ വാക്കുകൾ മുറിഞ്ഞു… മുഖം ചുവന്നു…!!
അയാളുടെ മുഖത്തെ ഭയപ്പാട്  ക്രൂരമായൊരു ചിരിയിലേക്ക് വഴി മാറിയത് പെട്ടന്നായിരുന്നു,,
”അതേടീ ഞാൻ തന്നെയാണ് കൊല്ലിച്ചത്  അവനെ മാത്രമല്ല നിന്റെ അച്ഛനേയും….. !
അവൻ തീർന്നാൽ നിന്റെ അമ്മയുടെ സംരക്ഷണം എനിക്കാണ്. നിങ്ങളുടെ  സ്വത്തുക്കൾ എന്റെ കൈവശം വരുമെന്ന് ഞാൻ മോഹിച്ചു. പക്ഷേ അവിടെയും  നീ…..  നീയെന്നെ  തോൽപ്പിച്ചുകൊണ്ട്   നിന്റെ അമ്മയുടെ ഉദരത്തിൽ  ജന്മമെടുത്ത് കഴിഞ്ഞിരുന്നു….. അതും ക്ഷമിച്ചു. നീയൊരു പെൺകുട്ടിയായപ്പോൾ ,  നിന്നിലൂടെ സ്വത്തുക്കൾ എന്നിലേക്ക്  വരുമെന്ന് ഞാൻ വീണ്ടും പ്രത്യാശിച്ചു….പക്ഷേ എന്റെ പ്രതീക്ഷകളെ നീ  വീണ്ടും തകിടം മറിച്ചു…..എന്റെ കണ്ണന്റെ സ്ഥാനം നീ  ഉണ്ണിക്ക് നൽകിയപ്പോൾ  പിന്നെ മറ്റൊരു മാർഗ്ഗം എനിക്ക് മുന്നിൽ ഇല്ലായിരുന്നു…
അയാൾ പറഞ്ഞു നിർത്തുമ്പോൾ ലക്ഷ്മിയുടെ ശരീരം വല്ലാതെ വിറകൊള്ളുവാൻ തുടങ്ങിയിരുന്നു……!!!!.
അയാൾ തുടർന്നു…
”ഉണ്ണിയുടെ മരണശേഷം വേറാരും ജീവിതത്തിൽ വേണ്ടെന്ന് നീ തീരുമാനിച്ചു… അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്…”
”ഇനി നിന്റെ ഊഴമാണ്.  നീ മരിച്ചാൽ ആ കുടുംബത്തിൽ ബാക്കിയാവുന്നത് നിന്റെ അച്ഛന്റെ പെങ്ങൾ മാത്രം അതായത് എന്റെ ഭാര്യ”
അയാളുടെ ചിരി അട്ടഹാസത്തിലേക്ക് മാറി,, 
 ഞൊടിയിടയ്ക്കുള്ളിൽ അയാളുടെ നെഞ്ചിലേക്ക് അവളുടെ വലം കാലുയർന്നു  പെട്ടെന്നുള്ള  ആക്രമണത്തിൽ അയാൾ താഴെ വീണു….!
”നിനക്കിനി അവളെ കൂടി കൊല്ലണം അല്ലേ…? ദിഗന്തങ്ങൾ വിറയ്ക്കുന്ന ശബ്ദം.. അവളുടെ മുഖത്തെ രൗദ്രത  കണ്ട് അയാൾ ശ്വാസം മറന്ന് സ്തബ്ധനായി….!!
അവളുടെ കയ്യിൽ എവിടെ നിന്നോ ഒരു ആയുധം പ്രത്യക്ഷപ്പെട്ടു…അതയാളുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി..,,
രഘുവിന്റെ നെഞ്ചിലെ രക്തം മണ്ണിലേക്ക് ചീറ്റിയൊഴുകി… അയാളുടെ കണ്ണുകൾ അടയുമ്പോൾ ചെമ്പട്ടണിഞ്ഞ്  സ്വർണ്ണം ചുറ്റിയ ഉടവാളുമായി മുഖത്ത് രൗദ്രഭാവം നിറച്ച ഒരു രൂപത്തെ അവ്യക്തമായാൾ കണ്ടു… കാൽചിലമ്പിന്റെ നാദം അയാളുടെ കാതുകളിൽ അലയടിച്ചു… ! നിലാവെളിച്ചം തട്ടി ആ രൂപത്തിന്റെ ആടയാഭരണങ്ങൾ തിളങ്ങി…!  ആ വെളിച്ചം രഘുവിന്റെ കണ്ണുകളിലേക്ക് ഒരു  തീ കൊള്ളിപോലെ ആഴ്ന്നിറങ്ങി…! അയാളുടെ  കണ്ണുകൾ പതുക്കെ അടഞ്ഞു…..,,
 ഉണ്ണിയുടെ രക്തം വീണ്‌ ചുവന്ന അതേ മണ്ണ് അവനെ ഇല്ലായ്മ ചെയ്തവന്റെ   രക്തം വീണു കുളിർന്നു. …
ആ സമയം കളിയാട്ടക്കാവിൽ  ഭക്തിയോടെ കൈക്കൂപ്പി നിന്ന പതിനായിരക്കണക്കിന്  ഭക്തർക്ക് മുൻപിൽ  മുടിയഴിച്ച്  ”ഗുണം വരണെ പൈതങ്ങളേ” എന്നരുൾ ചെയ്തുകൊണ്ട് മുച്ചിലോട്ട് ഭഗവതി ആ വർഷത്തെ പെരുങ്കളിയാട്ടത്തിന് നാന്ദി കുറിക്കുകയായിരുന്നു…!
 ആൾക്കൂട്ടത്തിനിടയിൽ ഭക്തിയോടെ കൈ കൂപ്പി നിന്ന ലക്ഷ്മി മുഖമുയർത്തുമ്പോൾ രൗദ്രഭാവം കൈവെടിഞ്ഞ് ഭഗവതി സ്വാത്വീക ഭാവം സ്വീകരിച്ചിരുന്നു…..
“”അധർമ്മം ധർമ്മത്തെ കീഴടക്കുമ്പോൾ ധർമ്മ-സംസ്ഥാപനത്തിനായി ദൈവം അവതരിക്കും.”” അത് പ്രപഞ്ച സത്യമാണ്…ReplyForward

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651