1470-490

കാരുണ്യ പദ്ധതി മരിച്ചിട്ടില്ല, കൊല്ലാന്‍ വ്യാജ പ്രചാരണം

കേരളത്തില്‍ നടപ്പിലാക്കിയ കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രീമിയം നല്‍കി ആരോഗ്യ സുരക്ഷ പരിപാടി നടപ്പിലാക്കിയിട്ടുള്ളത്. ഒരു കുടുംബത്തിന് മുടക്കുന്ന പ്രീമിയം 1671 രൂപ. പ്രതിവര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് 700 കോടി രൂപ.

കൊച്ചി: കാരുണ്യ പദ്ധതിക്കെതിരെയുള്ളത് വ്യാജ പ്രചാരണം. കൂടുതല്‍ ആകര്‍ഷകവും പ്രയോജനപ്രദവുമാക്കി കൂടുതല്‍ പേരിലേയ്ക്ക് വ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരാള്‍ക്ക് ജീവിതകാലത്ത് ഒരിക്കല്‍ മാത്രം പരമാവധി മൂന്നുലക്ഷം രൂപവരെ ലഭിച്ചിരുന്ന ചികിത്സാസഹായം, ഓരോ വര്‍ഷവും അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാക്കി വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം ബജറ്റ് പ്രസംഗത്തിലും വ്യക്തമാക്കുകയും ഇക്കഴിഞ്ഞ സമ്മേളനത്തില്‍ നിയമസഭയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പൂര്‍ണരൂപം

കാരുണ്യ പദ്ധതി, കൂടുതല്‍ ആകര്‍ഷകവും പ്രയോജനപ്രദവുമാക്കി കൂടുതല്‍ പേരിലേയ്ക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും രാഷ്ട്രീയ ദുഷ്ടലാക്കോടെ വ്യാജപ്രചരണം തുടരുകയാണ്. ഒരാള്‍ക്ക് ജീവിതകാലത്ത് ഒരിക്കല്‍ മാത്രം പരമാവധി മൂന്നുലക്ഷം രൂപവരെ ലഭിച്ചിരുന്ന ചികിത്സാസഹായം, ഓരോ വര്‍ഷവും അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാക്കി വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം ബജറ്റ് പ്രസംഗത്തിലും വ്യക്തമാക്കുകയും ഇക്കഴിഞ്ഞ സമ്മേളനത്തില്‍ നിയമസഭയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം.

ഇക്കാര്യത്തില്‍ നിയമസഭയ്ക്കു നല്‍കിയ ഉറപ്പ് ഉടന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങും. ഏത് അക്രെഡിറ്റഡ് ആശുപത്രിയില്‍ ചെല്ലുന്ന രോഗിയ്ക്കും ഒരുകാരണം കൊണ്ടും ചികിത്സ നിഷേധിക്കപ്പെടില്ല. ഏതെങ്കിലും രോഗിയ്ക്ക് കൂടുതല്‍ പണം ചെലവാകുന്നുണ്ടെങ്കില്‍, അതെങ്ങനെ നല്‍കാനാകും എന്ന കാര്യവും ചര്‍ച്ച ചെയ്യും. ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു വീഴ്ചയും വരുത്താന്‍ പാടില്ല. മെഡിക്കല്‍ കോളജുകള്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍ എന്നിവയ്‌ക്കൊക്കെ ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ നേട്ടങ്ങള്‍ വിശദമായി നേരത്തെ എഴുതിയിരുന്നതാണ്. അവ ഒന്നുകൂടി ചുരുക്കിപ്പറയാം. കാരുണ്യാ ചികിത്സാ സഹായ പദ്ധതിയിലൂടെ ഏഴുകൊല്ലം കൊണ്ട് 2.3 ലക്ഷം പേര്‍ക്കാണ് സഹായം ലഭിച്ചത്. ഇതേ കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായി വിപുലപ്പെടുത്തുമ്പോള്‍ ആദ്യവര്‍ഷം തന്നെ 20 ലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ഒരു റേഷന്‍കാര്‍ഡിന് ആയുഷ്‌കാലം ലഭിക്കുന്ന പരമാവധി സഹായം മൂന്നുലക്ഷം രൂപയാണ്. ഈ പരമാവധി തുക ലഭിച്ച ആള്‍ക്ക് പിന്നീട് ഒരിക്കലും കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള സഹായത്തിന് അര്‍ഹതയുണ്ടാവില്ല. കാരുണ്യ ഇന്‍ഷ്വറന്‍സിലാകട്ടെ പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സാ സഹായമാണ് ഉറപ്പാക്കുന്നു.

ഈ സുപ്രധാന നേട്ടങ്ങള്‍ മറച്ചുവെച്ചാണ് ദുഷ്പ്രചരണം. ഇന്ത്യയിലെ ഏതു സംസ്ഥാനത്തിലും ഇന്ന് നിലവിലുള്ളതിനേക്കാള്‍ ഏറ്റവും മികച്ച ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം കേരളത്തില്‍ 21 ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ചികിത്സാ ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. ഓരോ കുടുംബത്തിനും കേന്ദ്രസര്‍ക്കാര്‍ നീക്കിവെയ്ക്കുന്നതോ വെറും 661 രൂപയും. ആകെ ലഭിക്കുന്നത് 139 കോടി രൂപ.

എന്നാല്‍ കേരളത്തില്‍ നടപ്പിലാക്കിയ കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രീമിയം നല്‍കി ആരോഗ്യ സുരക്ഷ പരിപാടി നടപ്പിലാക്കിയിട്ടുള്ളത്. ഒരു കുടുംബത്തിന് മുടക്കുന്ന പ്രീമിയം 1671 രൂപ. പ്രതിവര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് 700 കോടി രൂപ.

ഇതിനു പുറമെയാണ് വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ള എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ കാര്യം. അവര്‍ക്കും കാരുണ്യ ചികിത്സാ പദ്ധതിയ്ക്ക് അര്‍ഹതയുണ്ടായിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവരെയും ഇന്‍ഷ്വറന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തും. മാത്രമല്ല, പ്രതിവര്‍ഷം 1600 രൂപ പ്രീമിയം അടയ്ക്കാന്‍ തയ്യാറുള്ള ആര്‍ക്കും ഈ ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭ്യമാകും.

ഇത്തരത്തില്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും എപിഎല്‍/ബിപിഎല്‍ വ്യത്യാസമില്ലാതെ ചികിത്സയ്ക്കു വേണ്ടിയുള്ള ഇന്‍ഷ്വറന്‍സ് സഹായം ഉറപ്പുവരുത്തുകയാണ് കേരള സര്‍ക്കാരിന്റെ ലക്ഷ്യം. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് 21 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യം 42 ലക്ഷമായി ഉയരുന്നത്. അതിനു പുറമെ എപിഎല്‍ വിഭാഗക്കാര്‍ക്കും വരുമാനമനുസരിച്ച് സര്‍ക്കാര്‍ ചെലവിലോ, സ്വന്തം നിലയിലോ ഇന്‍ഷ്വറന്‍സില്‍ ചേരാനും കഴിയും. ഇത്തരത്തില്‍ അര്‍ഹതയുള്ള ഏതൊരാളിനും ആനുകൂല്യം ഉറപ്പുവരുത്തുകയാണ്. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളും.

കാരുണ്യ ഇന്‍ഷ്വറന്‍സ് സ്‌കീമില്‍ ചികിത്സാ ആനുകൂല്യത്തിനായി അനന്തമായി കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ല. അക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രിയില്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡുമായി ചികിത്സയ്ക്കായി എത്തിയാല്‍ കരാര്‍ പ്രകാരമുള്ള നിരക്കില്‍ നിശ്ചിത ചികിത്സ ഗുണഭോക്താവിന് പണം അടയ്ക്കാതെ തന്നെ ലഭ്യമാകും. അക്കാര്യം ആശുപത്രി ഉറപ്പു വരുത്തും. ഗുണഭോക്താവിന്റെ ചികിത്സയ്ക്ക് കാലതാമസമോ എന്തെങ്കിലും പ്രയോസമോ ഉണ്ടാക്കുന്നതല്ല.

കാരുണ്യ ഇന്‍ഷ്വറന്‍സ് സ്‌കീമുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ ദുഷ്പ്രചരണങ്ങളും തള്ളിക്കളയണം. ഇക്കാര്യത്തില്‍ നല്ല രീതിയില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സോഷ്യല്‍ മീഡിയയിലെ എല്ലാ സുഹൃത്തുക്കളും മുന്നോട്ടു വരണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Comments are closed.

x

COVID-19

India
Confirmed: 33,347,325Deaths: 443,928