1470-490

കാന്‍സറിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഡോ. ജിതിന്‍.ടി. ജോസഫ് ഇരുപതാം നൂറ്റാണ്ടിന്റെ  അവസാനകാലം മുതല്‍ ആളുകളെ ഏറ്റവും ഭയപ്പെടുത്തുന്ന വാക്കായി കാന്‍സര്‍ മാറിയിട്ടുണ്ട്  . വൈദ്യശാസ്ത്രത്തിന്റെ  പിതാവായ ഹിപ്പോക്രാറ്റസ് തന്നെയാണ് വളരുന്ന മുഴകള്‍ക്കു കാര്‍സിനോസ്-ഞണ്ട് എന്ന് അര്‍ഥം വരുന്ന പേരു നല്കിയത് . വളരുന്ന മുഴകളിലെ വിരലുകള്‍ പോലെയുള്ള വളര്ച്ചകള്‍ക്ക്  ഞണ്ടുകളുടെ കൈകളോടുള്ള സാമ്യംകൊണ്ടാണ് ഈ പേര് ലഭിച്ചത് .സെല്‍സസ് എന്ന ഇറ്റാലിയന്‍ ഡോക്ടറാണ് അവരുടെ ഭാഷയിലെ ഞണ്ടിന് തുല്യമായ കാന്‍സര്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് . ശരിക്കും എന്താണ് ഈ […]

ഡോ. ജിതിന്‍.ടി. ജോസഫ്

ഇരുപതാം നൂറ്റാണ്ടിന്റെ  അവസാനകാലം മുതല്‍ ആളുകളെ ഏറ്റവും ഭയപ്പെടുത്തുന്ന വാക്കായി കാന്‍സര്‍ മാറിയിട്ടുണ്ട്  . വൈദ്യശാസ്ത്രത്തിന്റെ  പിതാവായ ഹിപ്പോക്രാറ്റസ് തന്നെയാണ് വളരുന്ന മുഴകള്‍ക്കു കാര്‍സിനോസ്-ഞണ്ട് എന്ന് അര്‍ഥം വരുന്ന പേരു നല്കിയത് . വളരുന്ന മുഴകളിലെ വിരലുകള്‍ പോലെയുള്ള വളര്ച്ചകള്‍ക്ക്  ഞണ്ടുകളുടെ കൈകളോടുള്ള സാമ്യംകൊണ്ടാണ് ഈ പേര് ലഭിച്ചത് .സെല്‍സസ് എന്ന ഇറ്റാലിയന്‍ ഡോക്ടറാണ് അവരുടെ ഭാഷയിലെ ഞണ്ടിന് തുല്യമായ കാന്‍സര്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് .

ശരിക്കും എന്താണ് ഈ കാന്‍സര്‍ ?

കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് നിയോപ്ലാസം . ഈ വളര്‍ച്ചക്ക് കാരണമായ ഘടകം ഇല്ലാതായാലും ഈ വളര്‍ച്ച തുടരും എന്നതാണ് ഇതിനെ രോഗാവസ്ഥയാക്കുന്ന ഒരു പ്രധാന പ്രത്യേകത.
 ഈ വളര്‍ച്ച  രണ്ടുതരം ഉണ്ട്.

1.Benign നിയോപ്ലാസം : 

ഇതില്‍ വളര്‍ച്ച അനിയന്ത്രിതമാണെങ്കിലും , ശരീരത്തിന്റെ  മറ്റുഭാഗങ്ങളിലേക്കു പടരാനുള്ള കഴിവില്ല  , മാരകവുമല്ല . ഇവയുടെ വലിപ്പം കൊണ്ടുള്ള ബുദ്ധിമുട്ടുകളാണ് പ്രധാനം .  ഉദാഹരണം – തൊലിപ്പുറത്തു ഉണ്ടാകുന്ന കൊഴുപ്പിന്റെ  മുഴ -lipoma, സ്തനങ്ങളില്‍ ഉണ്ടാവുന്ന fibroadenoma, അസ്ഥിയില്‍ ഉണ്ടാകുന്ന ഓസ്റ്റിയോമ , ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന ഫൈബ്രോയിഡ് എന്നിവ . ഇവയില്‍ ചിലതിനു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ malignant ആയി മാറാന്‍ കഴിയും . അതുകൊണ്ടു ഇവക്കും പലപ്പോഴും നമ്മള്‍ നേരത്തെ തന്നെ ചികിത്സ നല്‍കാറുണ്ട് .

2. Malignant നിയോപ്ലാസം : 

വളരെ വേഗത്തില്‍ വളരാനുള്ള കഴിവും , മറ്റു ശരീര ഭാഗങ്ങളിലേക്ക് പടരാനുള്ള ശേഷിയും , ഇവയെ ഗുരുതരമായ അസുഖമാക്കുന്നു . ഇത്തരത്തില്‍ ഉള്ള നിയോപ്ലാസത്തിനു പൊതുവില്‍ വിളിക്കുന്ന പേരാണ് കാന്‍സര്‍ .

കാന്‍സര്‍ എവിടെയൊക്കെ ഉണ്ടാകാം ?

ജീവനുള്ള ഏതു കോശങ്ങളില്‍ നിന്നും കാന്‍സര്‍ ഉണ്ടാകാം . ഏതു കോശങ്ങളില്‍ നിന്നാണോ ഇവ ഉത്ഭവിക്കുന്നത് അതനുസരിച്ചു കാന്‍സറുകളുടെ പേരിലും വ്യത്യാസമുണ്ട് .ഉദാഹരണത്തിന്

കാര്‍സിനോമ :ശരീരത്തിന്റെ അകവും പുറവുമൊക്കെ പൊതിഞ്ഞിരിക്കുന്ന കോശങ്ങളില്‍ നിന്ന് ഉണ്ടാകുന്ന കാന്‍സറുകള്‍

സാര്‍ക്കോമ : മസില്‍ , അസ്ഥി തുടങ്ങിയവയില്‍ നിന്ന് വളരുന്നവ .

ലുക്കീമിയ : രക്ത കോശങ്ങളില്‍ നിന്ന് ഉണ്ടാവുന്ന കാന്‍സറുകള്‍

ലിംഫോമ : രോഗപ്രതിരോധ വ്യവസ്ഥയില്‍ ഉള്ള കഴലകളില്‍ നിന്ന് ഉണ്ടാകുന്നവ
ഇങ്ങനെയാണ് പലതരത്തിലുള്ള പേരുകള്‍ ഉണ്ടാവുന്നത് .

കാന്‍സര്‍ എങ്ങനെയാണു ഉണ്ടാവുന്നത് ?

ഇത് മനസ്സിലാക്കണമെങ്കില്‍ എങ്ങനെയാണു നമ്മുടെ ശരീരത്തില്‍ സാധാരണ കോശങ്ങള്‍ വളരുന്നത് എന്ന് അറിഞ്ഞിരിക്കണം . രക്ത കോശങ്ങള്‍ ഉദാഹരണമായി എടുക്കാം . ഓരോ കോശത്തിനും ഒരു നിശ്ചിത ആയുസുണ്ട് . രക്തകോശങ്ങള്‍ ഉണ്ടാവുന്നത് മജ്ജയിലെ മൂലകോശങ്ങളില്‍ നിന്നാണ് . അവിടെ നിന്നും രക്തത്തില്‍ എത്തി അവയുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നു , തങ്ങളുടെ ആയുസു പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ ഇവ പ്ലീഹയിലും മറ്റുമായി നശിപ്പിക്കപ്പെടുന്നു .
 നശിക്കുന്നതിന്റെ  തോതും പുതുതയായി ഉണ്ടാകുന്നതിന്റെ  വേഗതയും ഒക്കെ പ്രത്യേക സാഹിചര്യങ്ങളില്‍ ഒഴിച്ച് ഒരുപോലെ ആയിരിക്കും . ഉണ്ടാകുന്നതിന്റെയും  , വളരുന്നതിന്റെയും , നശിക്കുന്നതിന്റെയും ഒക്കെ വേഗതയും നിരക്കും നിശ്ചയിക്കുന്നത് DNA യും അതിലെ  ജീനുകളുമാണ് . ഈ ഓരോ ജോലികള്‍ക്കും പ്രത്യേക ജീനുകള്‍ ഉണ്ട് .  സാധരണ സാഹചര്യങ്ങളില്‍ ഒരു ക്രൂയിസ് കണ്‍ട്രോള്‍ ഉള്ള കാറുപോലെ ഈ പ്രക്രിയ ഒരേ വേഗതയിലും താളത്തിലും ഇങ്ങനെ നടന്നുകൊണ്ടേ  ഇരിക്കും .
ഇങ്ങനെ പോകുന്ന കാറിന്റെ  ആക്‌സിലറേറ്റര്‍ ഒന്ന് അമര്‍ത്തി ചവിട്ടിയാല്‍ എന്ത് സംഭവിക്കും ? കാര്‍ ഒറ്റനിമിഷം കൊണ്ട് പറക്കാന്‍ തുടങ്ങും . കാന്‍സര്‍ ഉണ്ടാവുന്നതും ഇങ്ങനെയാണ് . ഈ സാധരണ താളവും വേഗതയും നഷ്ടപ്പെടും . ഇത് നിയന്ത്രിക്കുന്ന ജീനുകളിലാണ് പ്രശ്‌നം തുടങ്ങുന്നത് . അവ പ്രശ്‌നത്തിലാകുന്നതോടെ വളര്‍ച്ചയുടെ താളം തെറ്റും , പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതിന്റെയും വളരുന്നതിന്റെയും , വേഗത കൂടും , നശിക്കുന്നതിന്റെ വേഗത കുറയും , അങ്ങനെ കോശങ്ങളുടെ എണ്ണം വളരെ വേഗം കൂടും . ഇപ്രകാരം കോശങ്ങളുടെ വളര്‍ച്ചയും നാശവും ഒക്കെ നിയന്ത്രിക്കുന്ന ബ്രേക്ക് ആയ DNA യില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ക്യാന്‍സറിന് കാരണമാകുന്നത് .

എന്തുകൊണ്ടാണ് ചിലര്‍ക്ക് മാത്രം കാന്‍സര്‍ ഉണ്ടാവുന്നത് ?

മുകളില്‍ പറഞ്ഞപോലെയുള്ള  ക്രൂയിസ് കണ്‍ട്രോള്‍ എല്ലാ കോശങ്ങളിലും ഉണ്ട് . ചിലരില്‍ ഈ  കണ്‍ട്രോള്‍ തകരാറിലാകും . അതോടെ കോശങ്ങളുടെ വളര്‍ച്ച തോന്നിയപോലെയാവും . 

എങ്ങനെയൊക്കെയാണ് ഈ ബ്രേക്കിംഗ് സിസ്റ്റം തകരാറിലാവുക ?

 അതിനു ജീനുകളിലെ ഘടനയില്‍ മാറ്റമുണ്ടാവണം , ഇത്തരത്തില്‍ ഉണ്ടാകുന്ന മാറ്റത്തിനാണ് മ്യൂട്ടേഷന്‍ എന്ന് പറയുന്നത് .എങ്ങനെയാണു ഈ മ്യൂട്ടേഷന്‍ ഉണ്ടാവുന്നത് ? അതിനു പല കാരണങ്ങളുണ്ട് , അവയേതൊക്കെയാണ് എന്നൊന്ന് നോക്കാം .

1. ജനിതകപരമായ പ്രത്യേകതകള്‍ / പാരമ്പര്യം :

ചിലരില്‍ ജനിതകപരമായോ /പാരമ്പര്യം കൊണ്ടോ ജനിതക ഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാവാം . അടുത്ത ബന്ധുക്കളിലോ ഒരു കുടുംബത്തില്‍ തന്നെയോ പലര്‍ക്കും കാന്‍സറുകള്‍ ഉണ്ടാവാന്‍ കാരണം ഇതാണ് . ഈ ജനിതക മാറ്റങ്ങള്‍ കുടുംബത്തില്‍ കൈമാറ്റം ചെയ്യപ്പെടും .പഠനങ്ങള്‍ അനുസരിച്ച് ചെറിയ ശതമാനം ആളുകള്‍ക്കേ ഇത്തരത്തില്‍ കാന്‍സര്‍ ഉണ്ടാകു.

2. നമ്മള്‍ എങ്ങനെ ജീവിക്കുന്നു :

നമ്മുടെ ജീവിതചര്യകള്‍ എങ്ങനെയെന്നതിനെ ആശ്രയിച്ചാണ് നല്ലൊരു ശതമാനം ആളുകളിലും കാന്‍സര്‍ വരാനുള്ള സാധ്യത . 
ഭക്ഷണക്രമവും , പുകവലിയുമാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ .മദ്യപാനം , അമിത വണ്ണം , വ്യായാമം ഇല്ലായ്മ, രോഗ പ്രതിരോധം കുറഞ്ഞിരിക്കുന്ന അവസ്ഥ  ഇവയൊക്കെ കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നു .

3. പരിസ്ഥിതി സാഹചര്യങ്ങള്‍ :

പാസ്സീവ് സ്മോക്കിങ് , ചില വൈറസ് അണുബാധകള്‍ , വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ , റേഡിയേഷന്‍ എന്നിവയും കാന്‍സര്‍ സാധ്യത കൂട്ടുന്നവയാണ് .

ജനിതകഘടനയില്‍ മാറ്റമുണ്ടാക്കിയാണ് ഇത്തരം സാഹചര്യങ്ങള്‍ കാന്‍സര്‍ ഉണ്ടാക്കുന്നത് .ഈ ഘടകങ്ങള്‍ ഒക്കെ കോശങ്ങളിലെ സംരക്ഷക ജീനുകളായ പ്രോട്ടോ ഓങ്കോജീനുകളില്‍ മാറ്റം വരുത്തി അവയെ കാന്‍സര്‍ ജീനുകളായ ഓങ്കോജീനുകള്‍ ആക്കി മാറ്റും .

കാന്‍സറും പാരമ്പര്യവും

ചില കാന്‍സറുകള്‍ ഒരേ കുടുംബത്തില്‍ പലര്‍ക്കും വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ . ഹോളിവുഡ് നടി ആഞ്ജലീന ജോളി അവരുടെ രണ്ട് സ്തനങ്ങളും ശസ്ത്രക്രിയ ചെയ്തു മാറ്റിയത് വാര്‍ത്തയായത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണല്ലോ .എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തു ? അവരുടെ കുടുംബത്തില്‍ പലര്‍ക്കും സ്തനാര്‍ബുദം ഉണ്ടായിരുന്നു . പരിശോധനയില്‍ ഇവര്‍ക്കും ആ ജീനുകള്‍ ഉണ്ടെന്നു കണ്ടെത്തി . അതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്തത് .ചില കാന്‍സര്‍ ജീനുകള്‍ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് . ബ്രസ്റ്റ് കാന്‍സര്‍ , കുടലുകളിലെ അര്‍ബുദം , വൃക്കയുടെ ചില കാന്‍സറുകള്‍ , രക്താര്‍ബുദം തുടങ്ങിയവ ഇങ്ങനെ കുടുംബത്തില്‍ പലര്‍ക്കും വരുന്നവയാണ് . അടുത്ത ബന്ധം , ബന്ധത്തിലുള്ള കുറെ ആളുകള്‍ക്കു കാന്‍സര്‍ ഉണ്ടായിരിക്കുക എന്നിവയൊക്കെ ഈ റിസ്‌ക് കൂട്ടും . നിലവിലെ കണക്ക് അനുസരിച്ചു ചെറിയ ശതമാനം കാന്‍സറുകള്‍ പാരമ്പര്യം കൊണ്ട് ഉണ്ടാവാം .ഇത്തരത്തില്‍ അര്‍ബുദത്തിന് കാരണമാകുന്ന ജീനുകള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഇപ്പോള്‍ കഴിയും ( BRCA ജീന്‍ – സ്തനാര്ബുദത്തിനു കാരണം , APC ജീന്‍ – കുടലിലെ കാന്‍സര്‍ ). കാലേകൂട്ടി മുന്‍കരുതലുകള്‍ സ്വീകരിക്കാനും , അസുഖം ഉണ്ടായാല്‍ ആദ്യമേ തന്നെ കണ്ടെത്തി ചികില്‍സിക്കാനും ഈ പരിശോധനവഴി സാധിക്കും .

കാന്‍സറും ലിംഗവും പ്രായവും 

ചില കാന്‍സറുകള്‍ സ്ത്രീകളില്‍ മാത്രമോ ( ഗര്‍ഭാശയ കാന്‍സര്‍ , vaginal and cervical cancer) , പുരുഷന്‍മാരില്‍ മാത്രമോ ( വൃഷണങ്ങളിലെ കാന്‍സര്‍ ,prostate കാന്‍സര്‍ ) കാണുന്നവയാണ്. ചിലത്  ആണുങ്ങളിലോ പെണ്ണുങ്ങളിലോ കൂടുതലായി കാണാറുണ്ട് . പ്രായം കൂടുന്നത് അനുസരിച്ചു കാന്‍സര്‍ സാധ്യതയും കൂടും . കണ്ടുപിടിക്കപെടുന്ന കാന്‍സറുകളില്‍ 75% ത്തില്‍ അധികം 55 വയസു കഴിഞ്ഞവരിലാണ് .

കാന്‍സറുകള്‍ പടരുന്നത് എങ്ങനെ ?

കാന്‍സര്‍ കരളിലേക്കും തലച്ചോറിലും അസ്ഥിയിലും ഒക്കെ വ്യാപിച്ചു എന്ന് പറഞ്ഞുകേട്ടിട്ടില്ല . എങ്ങനെയാണു കാന്‍സര്‍ ഇങ്ങനെ പടരുന്നത് ? സാധാരണയായി കോശങ്ങള്‍ ഓരോന്നും പരസ്പരം ചേര്‍ന്ന് ഒട്ടിയാണിരിക്കുക . അവയവങ്ങളുടെ രൂപം നിലനിര്‍ത്താനും , കോശങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാനും ഒക്കെ സഹായിക്കുന്നത് ഈ ഒട്ടലാണ് . ഇതിനു സഹായിക്കുന്ന ചില ഇടനിലക്കാരുണ്ട് , cell adhesion molecule അഥവാ CAM എന്നാണ് ഇവരറിയപ്പെടുക . കാന്‍സര്‍ ബാധിച്ച കോശങ്ങളില്‍ ഈ ഇടനിലക്കാരുടെ പ്രവര്‍ത്തനം കുറവാണ് . അതുകൊണ്ടു തന്നെ കോശങ്ങള്‍ ഒട്ടിച്ചേര്‍ന്നു ഇരിക്കില്ല , പകരം ലൂസായി ഇരിക്കും . മറ്റുഭാഗങ്ങളിലേക്കു പടരാന്‍ സഹായിക്കുന്നത് കാന്‍സര്‍ കോശങ്ങളുടെ ഈ സവിശേഷ സ്വഭാവമാണ് . ഇത്തരത്തില്‍ അസുഖം പകരുന്നതിനെ മെറ്റസ്റ്റേസിസ് എന്നാണ് പറയുക .പ്രധാനമായും 3 രീതിയിലാണ് ഇങ്ങനെ കാന്‍സര്‍ പടരുക

നേരിട്ട് അടുത്തുള്ള ഭാഗത്തേക്ക് :    കാന്‍സര്‍ ബാധിച്ച അവയവത്തില്‍ നിന്നോ , ഭാഗത്തുനിന്നോ കോശങ്ങള്‍ അടര്‍ന്നു തൊട്ടടുത്തുള്ള ഭാഗത്തേക്ക് പടരും . ഉദാഹരണത്തിന് ഗര്‍ഭാശയ കാന്‍സറുകള്‍ വളര്‍ന്നു തൊട്ടടുത്തുള്ള മൂത്രനാളിയിലേക്കോ , അണ്ഡാശയങ്ങളിലോ എത്താം . മൂത്രനാളിയില്‍ ഇങ്ങനെ എത്തിയാല്‍ മൂത്രതടസ്സം ഉണ്ടാവും .

രക്തത്തിലൂടെ :    ഈ ലൂസായ കാന്‍സര്‍ കോശങ്ങള്‍ സിരകളിലൂടെ അടുത്തും ,അകലയുമുള്ള സ്ഥലങ്ങളില്‍ എത്താം .രക്തത്തിലൂടെ ഈ കോശങ്ങള്‍ ഒഴുകി , രക്തക്കുഴലുകള്‍ പോകുന്ന മറ്റു അവയവങ്ങളില്‍ എത്തും . ഉദാഹരണത്തിന് ആണുങ്ങളില്‍ prostate  ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കാന്‍സര്‍ അസ്ഥികളിലേക്കു പടരുന്നത് ഇങ്ങനെയാണ് .

ലിംഫ് വ്യവസ്ഥയിലൂടെ :     സാധാരണയായി കോശങ്ങള്‍ക്ക് ഇടയിലൂടെ ഒരു നേര്‍ത്ത ദ്രാവകം ഒഴുകുന്നുണ്ട് . Tissue ഫ്‌ലൂയിഡ് അഥവാ ലിംഫ് എന്നാണ് ഇതിനെ വിളിക്കുക . രക്തത്തില്‍നിന്നാണ് ലിംഫ് ഉണ്ടാകുന്നതു, രോഗാണുക്കളെയും മറ്റും നിര്‍വീര്യമാക്കുകയാണ് പ്രധാന ജോലി . ഈ ഫ്‌ലൂയിഡ് ലിംഫ് കുഴലുകളിലൂടെ ഒഴുകി രക്തത്തില്‍ എത്തും , ഇതിന്റെ ഇടക്ക് ചില പിറ്റ് സ്റ്റോപ്പുകള്‍ ഉണ്ട് . അവിടെയാണ് രോഗാണുക്കളെയും മറ്റും കൊല്ലുന്നത് .ഈ പിറ്റ് സ്റ്റോപ്പുകളെയാണ് നമ്മള്‍ കഴലകള്‍ അല്ലെങ്കില്‍ lymph nodes എന്ന് വിളിക്കുക . കാന്‍സര്‍ കോശങ്ങള്‍ ലിംഫിലൂടെ ഒഴുകി കഴലകളിലും അതുമായി ബന്ധപെട്ടു കിടക്കുന്ന അവയവങ്ങളിലും എത്തും . വായില്‍ കാന്‍സര്‍ ഉള്ളയാള്‍ക്കു കഴുത്തിലിലെ കഴലകളിലേക്കു അസുഖം പടരാം

കാന്‍സര്‍ എങ്ങനെ കണ്ടത്താം ?

കാന്‍സര്‍ രോഗമാണെന്ന് ഉറപ്പിക്കണമെങ്കില്‍ ആ ഭാഗത്തെ കോശങ്ങളെടുത്ത് മൈക്രോസ്‌കോപ്പിലൂടെ നോക്കി ഉറപ്പാക്കണം . ഇതിനാണ് ബയോപ്സി എന്ന് നമ്മള്‍ പറയുന്നത് . ചിലപ്പോള്‍ സൂചികൊണ്ട് കുത്തിയോ (FNAC) ,കഴലകളോ , കലകളോ കുറച്ചു ഭാഗം എടുത്തോ ( excision biopsy) അതും സാധ്യമല്ലെങ്കില്‍ ശസ്ത്രക്രിയ സമയത്തു കോശങ്ങള്‍ ശേഖരിച്ചോ രോഗം സ്ഥിരീകരിക്കണം . കീമോ /റേഡിയേഷന്‍ ചികിത്സ തുടങ്ങുന്നതിനു മുന്നേ ഏതുതരം കോശങ്ങളില്‍ നിന്നാണ് കാന്‍സര്‍ ഉണ്ടായിരിക്കുന്നത് എന്ന് ഉറപ്പാക്കണം . തലച്ചോറിലെ കാന്‍സര്‍ പോലെയുള്ള ചില പ്രത്യേക സാഹചര്യത്തില്‍ ഇത്തരത്തില്‍ കോശങ്ങള്‍ പരിശോധിച്ചു ഉറപ്പാക്കല്‍ സാധിച്ചെന്നിരിക്കില്ല . അത്തരം സാഹചര്യങ്ങളില്‍ സ്‌കാനിംഗ് , മറ്റു പരിശോധനകള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും ചികിത്സ നിശ്ചയിക്കുക .

കാന്‍സര്‍ സ്റ്റേജിങ് എന്താണ് ?

അയാള്‍ക്ക് കാന്‍സര്‍ അവസാന സ്റ്റേജാണ് , രക്ഷയില്ല എന്നൊക്കെ പറയുന്നത് നമ്മള്‍ കേള്‍ക്കാറുണ്ടല്ലോ . എന്താണ് ഈ സ്റ്റേജ് , എങ്ങനെയാണു കാന്‍സര്‍ ഏതു സ്റ്റേജാണ് എന്ന് കണ്ടെത്തുക ? 
നമുക്ക് ഒരു ഉദാഹരണം എടുത്തു ഇതൊന്നു പരിശോധിക്കാം .തൊലി /skin ന്റെ  ഘടന ഒന്ന് നോക്കു , ഏറ്റവും പുറമെ എപ്പിഡെര്‍മിസ് , താഴെ ഡെര്‍മിസ് (തൊലിയുടെ താഴെ വെളുത്തിരിക്കുന്ന ഭാഗം ) , അതിനു ശേഷം മസിലുകള്‍ , അതിനു താഴെ അസ്ഥി . സ്‌കിന്‍ കാന്‍സര്‍ ആരംഭിക്കുന്നത് എപ്പിഡെര്‍മിസിലാണ് . കാന്‍സര്‍ കോശങ്ങള്‍ എപിഡെര്‍മിസിലും ഡെര്‍മിസിലും മാത്രമാണെങ്കില്‍ stage 1 ആണ് . താഴെയുള്ള മസിലുകളിലേക്ക് രോഗം എത്തുമ്പോള്‍ രണ്ടാം സ്റ്റേജാകും . മൂന്നാം സ്റ്റേജില്‍ അസുഖം ആരംഭിച്ച ഭാഗത്തുള്ളതും അതിനു ചുറ്റുമുള്ള കഴലകളിലേക്കു വ്യാപിക്കുന്നത് . തൊലിയില്‍ നിന്ന് അസുഖം അകലെയുള്ള അവയവങ്ങളിലേക്കു എത്തുന്നതാണ് നാലാം സ്റ്റേജ് . ഓരോ തരത്തിലെ കാന്‍സറിനും സ്റ്റേജിങ് വ്യത്യസ്തമായാണ് . രോഗത്തിന്റെ തീവ്രത , ചികിത്സ എപ്രകാരം , പ്രോഗ്‌നോസിസ് (രോഗിയുടെ അതിജീവന സാധ്യതയും സുഖമാകാനുള്ള സാധ്യതയും) എങ്ങനെ എന്നൊക്കെ തീരുമാനിക്കുക സ്റ്റേജുകളെ അടിസ്ഥാനമാക്കിയാണ് .ആദ്യ സ്റ്റേജുകളിലെ അസുഖം ഗുരുതരമല്ലാത്തതും , മിക്കപ്പോഴും പൂര്‍ണ്ണമായി ചികില്‍സിച്ചു ഭേദമാക്കാവുന്നതുമാണ് . സ്റ്റേജ് കൂടുന്നത് അനുസരിച്ചു അസുഖത്തിന്റെ  തീവ്രതയും കൂടും . ലോകത്തു മുഴുവനും കാന്‍സര്‍ ചികിത്സയില്‍ ഒരേ സ്റ്റേജിങ് ആണ് ഉപയോഗിക്കുക .

ചികിത്സ എങ്ങനെ ? 

ഏതു തരത്തിലുള്ള കാന്‍സര്‍ ആണ് , ഏതു സ്റ്റേജാണ് , ഒപ്പം പ്രായം , ആരോഗ്യാവസ്ഥ എന്നിവയനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക . പ്രധാനമായും മൂന്നു തരത്തിലുള്ള ചികിത്സാരീതികളാണ് ഉപയോഗിക്കുക .

1. ശസ്ത്രക്രിയ : കാന്‍സര്‍ ബാധിച്ച ഭാഗം മുഴുവനായി എടുത്തുകളയുകയാണ് ലക്ഷ്യം . ആദ്യ സ്റ്റേജുകളില്‍ പൂര്‍ണ്ണമായ ശസ്ത്രക്രിയ മാത്രംകൊണ്ടു ചിലപ്പോള്‍ അസുഖം ഭേദമാകും .

2. റേഡിയേഷന്‍ ചികിത്സ : പ്രത്യേക തരത്തിലുള്ള റേഡിയേഷനുകള്‍ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ കൊല്ലുന്നു .
3. കീമോ ചികിത്സ : ഇവിടെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പ്രത്യേക മരുന്നുകള്‍ ഉപയോഗിക്കും . നിരവധി തരത്തിലുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമാണ് .രോഗത്തിന്റെ  പ്രത്യേകതകള്‍ അനുസരിച്ചു ഈ രീതികള്‍ ഒരുമിച്ചോ , തനിയെയോ ചികിത്സയില്‍ ഉപയോഗിക്കാം .

പ്രതിരോധം എങ്ങനെ ?

കാന്‍സര്‍ വരുന്നത് തടയാന്‍ പറ്റുമോ ? തീര്‍ച്ചയായും പറ്റും . മുകളില്‍ പറഞ്ഞതുപോലെ നല്ലൊരു ശതമാനം കാന്‍സറുകളും നമ്മുടെ ജീവിതരീതികളോട് ബന്ധമുള്ളവയാണ് . അതുകൊണ്ടു തന്നെ ചില ജീവിത ചര്യകള്‍ ശീലമാക്കുന്നത് കാന്‍സര്‍ ഉണ്ടാവാതെ സംരക്ഷിക്കും . മയോക്ലിനിക് നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഇവയാണ് .

1.പുകവലിയും പുകയില ഉല്‍പന്നങ്ങളും നിര്‍ത്തുക – 
കാന്‍സര്‍ പ്രതിരോധത്തിലെ ഏറ്റവും പ്രധാന സ്റ്റെപ് ഇതാണ് . പുകവലി കാന്‍സര്‍ സാധ്യതകളെ പലമടങ്ങു വര്‍ദ്ധിപ്പിക്കും . വായില്‍ , ശ്വാസകോശത്തില്‍ , അന്നനാളത്തില്‍ , പാന്‍ക്രിയാസില്‍ ഒക്കെ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കുറയും

2. ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണ രീതി

3. കൃത്യമായ തൂക്കം നിലനിര്‍ത്തുക
 , സ്ഥിരമായി വ്യായാമങ്ങള്‍ ചെയ്യുക .
 ?
4.നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി കുറയ്ക്കുക , അര്‍ബുദകാരകമായ കെമിക്കലുകള്‍ , റേഡിയേഷനുകള്‍ എന്നിവയോടുള്ള സമ്പര്‍ക്കം ഒഴിവാക്കുക

5..പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുക . ഹെപ്പറ്റൈറ്റിസ് B കുത്തിവെപ്പ് , പാപ്പിലോമാ വൈറസ് (HPV) കുത്തിവെപ്പ് എന്നിവ നല്ലൊരു ശതമാനം ഗര്‍ഭാശയ  കാന്‍സര്‍, കരള്‍ കാന്‍സര്‍ എന്നിവ തടയും . കൂടുതല്‍ പഠനങ്ങള്‍ കാന്‍സര്‍ പ്രതിരോധ വാക്‌സിനുകളെ പറ്റി നടക്കുന്നുണ്ട്. 
(ക്യാന്‍സറിനെ നശിപ്പിക്കുക, വളര്‍ച്ച മെല്ലെയാക്കുക, ട്യൂമറിന്റെ സൈസ് കുറച്ച് സര്‍ജറി എളുപ്പമാക്കുക, ക്യാന്‍സര്‍ വീണ്ടും വരാതെ നോക്കുക എന്നിങ്ങനെയുള്ള ചികില്‍സാര്‍ത്ഥം ഉപയോഗിക്കാവുന്ന തെറാപ്യൂട്ടിക് വാക്‌സിനുകള്‍ മറ്റൊരു പ്രതീക്ഷ തരുന്ന മേഖലയാണ്. കാന്‍സര്‍ കോശങ്ങള്‍ നമമുടെ പ്രതിരോധ വ്യവസ്ഥിതിയില്‍ നിന്നു നടത്തുന്ന ഒളിച്ചുകളിയും തടി തപ്പലും പൂര്‍ണമായും മനസ്സിലാക്കാനുളള ശ്രമം വിജയിക്കുമ്പോള്‍ അവ യാഥാര്‍ത്ഥ്യമാകും. )

7. സുരക്ഷിതമായ ലൈംഗികത ശീലമാക്കുക : HIV , HEPATITIS B എന്നിവ നിരവധി കാന്‍സറുകള്‍ക്കു കാരണമാണ് .

8. LAST BUT NOT THE LEAST: സംശയങ്ങള്‍ ഉള്ളപ്പോള്‍ ഡോക്ടര്‍മാരെ കാണാന്‍ മടികാണിക്കരുത് . ചികിത്സ കൃത്യമായും പൂര്‍ണ്ണമായും എടുക്കുക . തുടര്‍ പരിശോധനകള്‍ മുടക്കാതിരിക്കുക

നേരത്തേയുള്ള രോഗ നിര്‍ണയമാണ് കാന്‍സര്‍ ചികിത്സയില്‍ ഏറ്റവും നിര്‍ണായകം. ശാസ്ത്രീയമായ ചികിത്സാ രീതികള്‍ അവലംബിക്കുക എന്നത് പരമപ്രധാനവും. അതിനെ കുറിച്ച് പറയാതെ ഈ ലേഖനം പൂര്‍ണമാവില്ല. പ്രതിരോധ മാര്‍ഗ്ഗങ്ങളും പ്രധാനമാണ്.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248